യുഎഇയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പുതിയ കേന്ദ്രം തുറക്കുമെന്ന് സ്വദേശിവല്‍കരണ, മാനവ വിഭവശേഷി മന്ത്രാലയം. തൊഴില്‍മേഖലയുടെ പുരോഗതിക്കായി മൂന്നു വ്യത്യസ്ത കേന്ദ്രങ്ങള്‍ തുറക്കാനാണ് പദ്ധതി.
തൊഴില്‍തര്‍ക്ക കേസുകള്‍ പരിഹരിക്കുന്നതിനാണ് തവാഫഖ് എന്ന പേരില്‍ അബുദാബിയിലും ദുബായിലും പ്രത്യേക കേന്ദ്രം തുറക്കുന്നത്. തൊഴില്‍ അവകാശങ്ങള്‍ സംബന്ധിച്ച് തൊഴിലാളികളെയും തൊഴില്‍ ഉടമകളെയും ബോധവല്‍കരിക്കുന്നതിന് മാത്രമുള്ളതാണ് തൗജീഹ് എന്ന രണ്ടാമത്തെ കേന്ദ്രം. തൊഴില്‍മേഖല കുറ്റമറ്റതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ സേവനം കൃത്യമായി വിലയിരുത്തുന്നതിനും പോരായ്മകള്‍ നികത്തുന്നതിനും വേണ്ടി തഖ് യീം എന്ന മറ്റൊരു കേന്ദ്രവും തുറക്കും.
സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ സ്മാര്‍ട്ട് സ്ഥാപനങ്ങളാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരം. രാജ്യത്തെ തൊഴില്‍ മേഖലയെ സമഗ്ര നിരീക്ഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരാനും സേവനങ്ങള്‍ക്ക് വേഗം കൂട്ടാനും പുതിയ സേവന സ്ഥാപനങ്ങള്‍ക്ക് സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. തൊഴില്‍ തര്‍ക്ക പരാതികള്‍ കാലതാമസം കൂടാതെ തീര്‍പ്പാക്കാനും ലേബര്‍ കണ്‍സള്‍ട്ടന്റുമാരുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍ക്കാനും സാധിക്കുമെന്നതാണ് മറ്റൊരു നേട്ടം.