ഒട്ടേറെ ലോകപ്രശസ്തർ ചാടിയ ചാട്ടം ഒടുവിൽ മലയാളത്തിൻ്റെ സ്വന്തം ചാക്കോച്ചനും ചാടി. ദുബായ് സ്കൈ ഡൈവിൽ, ഭൂമിയില്‍ നിന്ന് 13,000 അടി ഉയരത്തില്‍ നിന്നുള്ള കുഞ്ചാക്കോ ബോബൻ്റെ സാഹസിക ചാട്ടം കാണാൻ മലയാളികളടക്കം ഒട്ടേറെ പേരെത്തിയിരുന്നു.
ദുബായിലെ കത്തുന്ന വേനല്‍ച്ചൂട് വകവയ്ക്കാതെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു ഈ സാഹസികത. എന്നാല്‍, ഈ സമയത്തും ആകാശത്ത് നല്ല തണുപ്പ് ആയിരുന്നുവെന്ന് ചാട്ടത്തിന് ശേഷം ചാക്കോച്ചൻ പറഞ്ഞു. ആകാശത്ത് സിനിമയെ കുറിച്ച് പറഞ്ഞും ക്യാമറയ്ക്ക് വേണ്ടി പോസ് ചെയ്തുമുള്ള ചാട്ടം വളരെ നന്നായി ആസ്വദിച്ചു. ജീവിതത്തിൽ ത്രില്ലിങ്ങായിട്ടുള്ള ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. റിസ്ക്ക് കൂടുമ്പോൾ ത്രില്ലും കൂടും. റിസ്ക്ക് കുറവുള്ള ത്രില്ലിങ്ങായിട്ടുള്ള കാര്യങ്ങൾ ചെയ്യാനുള്ള അവസരം ഒരിക്കലും പാഴാക്കരുതെന്നാണ് തൻ്റെ അഭിപ്രായമെന്ന് താരം പറഞ്ഞു.
സാഹസികതയെ ഏറെ ഇഷ്ടപ്പെടുന്ന കുഞ്ചാക്കോ ബോബന്, ഇത് പക്ഷേ, സിനിമയ്ക്ക് വേണ്ടി കൂടിയുള്ള ചാട്ടമായിരുന്നു. ഈ മാസം 12 ന് റിലീസാകുന്ന തൻ്റെ രാമന്റെ ഏദന്‍തോട്ടം എന്ന സിനിമയുടെ പ്രമോഷൻ്റെ ഭാഗമായിട്ടായിരുന്നു ആകാശച്ചാട്ടം. രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ഇൗ വ്യത്യസ്തമായ പ്രണയ ചിത്രത്തിൽ രാമൻ എന്ന നായക കഥാപാത്രത്തെയാണ് ചാക്കോച്ചൻ അവതരിപ്പിക്കുന്നത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദുബായിലെത്തിയ ഒട്ടേറെ പ്രമുഖർ നേരത്തെ സ്കൈഡൈവ് ചെയ്ത് തങ്ങളുടെ സാഹസിക പ്രേമം വെളിപ്പെടുത്തിയിട്ടുണ്ട്.