വേനല്‍ക്കാലത്ത് ഖത്തറിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാന്‍ ഖത്തര്‍ എയര്‍വെയ്സ് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. പ്ലസ് ഖത്തര്‍ എന്ന പേരിലുളള പരിപാടി ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ സഹകരണത്തോടെ നടപ്പാക്കും.
ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങളില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്ക് രാജ്യത്തെ ആഡംബര ഹോട്ടലുകളില്‍ സൌജന്യ താമസവും സന്ദര്‍ശക വീസയും ലഭ്യമാക്കുന്നതാണ് പ്ലസ് ഖത്തര്‍ പദ്ധതി. ഹമദ് വിമാനത്താവളത്തെ വെറും സ്റ്റോപ് ഓവര്‍ മാത്രമാക്കുന്ന യാത്രക്കാരെ ദോഹയിലിറക്കി രാജ്യത്തിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. രാജ്യാന്തര യാത്രകളില്‍ ഹമദില്‍ ഇറങ്ങി വിമാനം മാറിക്കയറുന്ന യാത്രക്കാര്‍ക്ക് ദോഹയിലെ ഫോര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലാണ് ഒരു രാത്രി സൗജന്യതാമസം ലഭ്യമാക്കുക. രണ്ടു രാത്രി ദോഹയില്‍ തങ്ങണമെങ്കില്‍ ടിക്കറ്റ് എടുക്കുമ്പോള്‍ 50 ഡോളര്‍ ബുക്കിങ് ഫീസായി അടച്ചാല്‍മതി.
വേനല്‍ക്കാലം അവസാനിക്കും വരെയാണ് ഈ സൗജന്യം. ഖത്തറില്‍ തങ്ങുന്ന യാത്രക്കാര്‍ക്കായി നഗരസന്ദര്‍ശനത്തിനും ഡെസേര്‍ട്ട് സഫാരിക്കും ആഡംബര ദൗ ബോട്ടില്‍ കടലില്‍ ചുറ്റാനും ഭക്ഷണം കഴിക്കാനും ഉള്ള സൗകര്യവും ലഭിക്കും. ഖത്തറിനെ അടുത്തറിയാനും അറേബ്യന്‍ ആതിഥ്യമര്യാദ നേരില്‍ മനസിലാക്കാനും ഇതിലൂടെ സഞ്ചാരികള്‍ക്കാവും.