ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ന്യൂജനറേഷന് കാലത്ത് ദുബായുടെ പേരില്‍ ഇനി മുതല്‍ ടൈപ്പിങ് ഫോണ്ടും. ദുബായ് സര്‍ക്കാരും മൈക്രോസോഫ്റ്റും സഹകരിച്ചാണ് പുതിയ ഫോണ്ട് അവതരിപ്പിക്കുന്നത്.
ലോകത്ത് ആദ്യമായാണ് ഒരു നഗരത്തിന്റെ പേരില്‍ ടൈപ്പിങ് ഫോണ്ട് അവതരിപ്പിക്കുന്നത്. പഴമയുടെ വിശ്വാസ്യതയും ഭാവിയുടെ പ്രതീക്ഷയും ഒരുമിക്കുന്നതാണ് ദുബായ് എന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്ന പുതിയ ഫോണ്ട്. സ്വയം പ്രകടിപ്പിക്കൂ എന്നതാണ് ദുബായ് ഫോണ്ടിന്റെ ആശയം. നൂതനസാങ്കേതിക വിദ്യകളുടെ കാര്യത്തില്‍ ആഗോളതലത്തില്‍ നേതൃസ്ഥാനത്തെത്താനുള്ള യുഎഇയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ ഫോണ്ട്. അറബിക്, ലാറ്റിന്‍ ലിപികളിലുള്ള പുതിയ ഫോണ്ട് ഇംഗ്ലീഷ് അടക്കം 23 ഭാഷകളില്‍ ലഭ്യമാകും. പത്തുകോടി കംപ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ ഫോണ്ട് ഉദ്ഘാടനം ചെയ്തത്. ഇനി മുതല്‍ ദുബായുടെ ഔദ്യോഗിക ഫോണ്ട് ഇതായിരിക്കും. ഔദ്യോഗിക രേഖകളുടെ ടൈപ്പിങ്ങിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പുതിയ ദുബായ് ഫോണ്ട് ഉപയോഗിക്കണമെന്ന് ഷെയ്ഖ് ഹംദാന്‍ ഉത്തരവിട്ടു.