ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്ന് ആരംഭിച്ച ഇരുപത്തിനാലാമത് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലാണ് ഈ വെളിപ്പെടുത്തല്‍. ലോകത്തെ കണ്ടെത്തൂ എന്ന പ്രമേയത്തില്‍ നടക്കുന്ന എടിഎമ്മില്‍ 152 രാജ്യങ്ങളിലെ 2600ലേറെ പ്രദര്‍ശകര്‍ അണിനിരക്കുന്നുണ്ട്.
ആഗോള വിനോദ സഞ്ചാര രംഗത്തെ പുത്തന്‍ കാഴ്ചകളും സേവനങ്ങളും പരിചയപ്പെടുത്തിയ എടിമ്മിലാണ് ഇന്ത്യ അടക്കമുള്ള മേഖലാ ടൂറിസത്തിന്റെ വളര്‍ച്ച പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചത്.
ജിസിസിയിലെത്തിയ ഇന്ത്യക്കാരില്‍ ഏഴു ശതമാനവും ചൈനക്കാരില്‍ 6.7 ശതമാനവും വര്‍ധനയുണ്ട്. ഇതേസമയം ഇന്ത്യയിലെത്തിയ ഗള്‍ഫ് സന്ദര്‍ശകരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധന രേഖപ്പെടുത്തി. പ്രകൃതി ഭംഗിയും മെഡിക്കല്‍ ടൂറിസവുമാണ് കേരളം തുറന്നുകാട്ടുന്നത്.
മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ്, ഏഷ്യ തുടങ്ങി മേഖല തിരിച്ച് അണിനിരന്ന പവിലിയനുകള്‍ പുതുമയാര്‍ന്ന വിനോദ പദ്ധതികളുമായി സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ മല്‍സരിക്കുകയാണ്. അതത് രാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതിന് പുറമേ അവിടേക്കുള്ള യാത്രാ മാര്‍ഗങ്ങള്‍, താമസ സൗകര്യങ്ങള്‍, മറ്റ് അനുബന്ധ സംവിധാനങ്ങള്‍ തുടങ്ങിവ പ്രദര്‍ശിപ്പിക്കുന്ന മേള നാലു ദിവസം നീണ്ടുനില്‍ക്കും.