അബുദാബി: വ്യാജ പാർക്കിങ് ടിക്കറ്റുണ്ടാക്കിയ ആൾ അറസ്റ്റിൽ. പാർക്കിങ് ഫീസായി നാല് ദിർഹം നൽകുന്നതിൽ നിന്നു രക്ഷപ്പെടാൻ കൃത്രിമ കൂപ്പൺ ഉണ്ടാക്കിയ കേസിൽ ഏഷ്യൻ രാജ്യക്കാരനാണ് കോടതി കയറേണ്ടി വന്നത് . തലസ്ഥാന നഗരത്തിലെ പാർക്കിങ്ങുകളുടെ ചുമതല വഹിക്കുന്ന ' മവാഖിഫ് ' ഡിപ്പാർട്ട്മെന്റിന്റെ വ്യാജ പാർക്കിങ് ടിക്കറ്റാണ് ഇയാൾ നിർത്തിയിട്ട വാഹനത്തിനു മുന്നിൽ വച്ചിരുന്നത്.
പാർക്കിങ് പരിശോധിക്കുന്ന ഉദ്യോഗസ്ഥനു ടിക്കറ്റിൽ സംശയം തോന്നി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഡിപ്പാർട്ട്മെന്റിന്റെ സാങ്കേതിക സംവിധാനത്തിൽ നടത്തിയ പരിശോധനയിൽ ടിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. രണ്ടു ടിക്കറ്റുകളാണ് ഇയാൾ ഉദ്യോഗസ്ഥരെ കബളിപ്പിക്കാനായി തയാറാക്കിയാതായി വ്യക്തമായതിനെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാജ ടിക്കറ്റിൽ രേഖപ്പെടുത്തിയ അക്ഷരങ്ങളുടെ നിറവ്യത്യാസം പ്രതിയെ കുടുക്കാൻ സഹായമായി. വ്യജമാണ് എന്നറിയാത്തതിനാൽ വേറൊരാൾ തനിക്ക് നൽകിയ രണ്ടു ടിക്കറ്റുകൾ ഉപയോഗിക്കുക ആയിരുന്നൂവെന്നാണ് ഇയാൾ കോടതിൽ പറഞ്ഞത്. പ്രതിക്ക് അവകാശ വാദം തെളിയിക്കുന്നതിനായി കോടതി സമയ പരിധി അനുവദിച്ചു. ഈ കേസ് അബുദാബി ക്രിമിനൽ കോടതി മെയ് പത്തിനാണു പരിഗണിക്കുക.
Advertisement