ദുബായ് : ഏഷ്യക്കാരിയെ കൊന്ന് കഷ്ണങ്ങളാക്കി ബാഗിലാക്കി ഉപേക്ഷിച്ച അറബ് പൌരനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. പരാതി ലഭിച്ച് മൂന്നു മണിക്കൂറിനകമായിരുന്നു അറസ്റ്റ്. ബര്‍ദുബായിലെ ഫ്ലാറ്റിലായിരുന്നു ക്രൂരത അരങ്ങേറിയത്.
സുഹൃത്തിനെ അഞ്ചു ദിവസമായി കാണാനില്ലെന്ന് കാണിച്ച് മറ്റൊരു യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദുബായ് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. സൂര്യോദയത്തിന് മുന്‍പ് എന്ന പേരിട്ട് ആരംഭിച്ച ഓപറേഷന് ദുബായ് പൊലീസ് അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരിയുടെ നേതൃത്വം നല്കി.
ബര്‍ദുബായിലെ ഫ്ലാറ്റില്‍ നടത്തിയ തിരച്ചിലില്‍ വെട്ടിനുറുക്കി ട്രോളി ബാഗില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് അഞ്ചു ദിവസമെങ്കിലും പഴക്കമുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അല്ഖൂസില്നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കൊലയ്ക്ക് ശേഷം പ്രതിയുടെ സാധനങ്ങളും മോഷ്ടിച്ചതായി കണ്ടെത്തി.
താനുമായുള്ള ബന്ധം വിഛേദിക്കാന്‍ യുവതി താല്പര്യം പ്രകടിപ്പിച്ചതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ആളെ തിരിച്ചറിയാതിരിക്കാനാണ് വെട്ടിനുറുക്കി വികൃതമാക്കിയതെന്നും ഇതുവഴി രക്ഷപ്പെടാനാകുമെന്നാണ് കരുതിയതെന്നും പ്രതി സൂചിപ്പിച്ചു. അറബ് പൌരന്റെ വീടും വാഹനവും പരിശോധിച്ചപ്പോള്‍ കൊലയ്ക്കുപയോഗിച്ച സാധനങ്ങള്‍ കണ്ടെത്തി. പ്രതിയെ പ്രോസിക്യൂഷന് കൈമാറി.
Advertisement