ദുബായ് : നീർമാതളം കമലാ സുരയ്യ - മാധവിക്കുട്ടി - സാഹിത്യ പുരസ്കാരം 2016 പ്രഖ്യാപിച്ചു. കഥാകൃത്ത് സലീം അയ്യനത്തിന്റെ ബംഗാൾ കോളനി എന്ന കഥയ്ക്കാണ് അവാർഡ്. ദുബായ് ഡെൽഹി പ്രൈവറ്റ് സ്കൂളിൽ സീനിയർ ലൈബ്രേറിയനായ സലീം മലപ്പുറം ജില്ലയിൽ തിരൂർ ചമ്രവട്ടം സ്വദേശിയാണ്. ഡിബോറ (കഥാസമാഹാരം), നിലാവിലേക്ക് തുറന്ന നിറ കണ്ണുകൾ (കവിതകൾ), തുന്നൽ പക്ഷിയുടെ വീട് (കഥകൾ) തുടങ്ങിയവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ. ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതുന്നു.
അറ്റ്ലസ് കൈരളി പുരസ്ക്കാരം, ദുബായ് കൈരളി കലാകേന്ദ്രം പുരസ്കാരം, അബു ദാബി ശക്തി അവാർഡ്, കേരള കൗമുദി പുരസ്കാരം, യുവ കലാസാഹിതി അവാർഡ്, ജീവരാഗം മാഗസിൻ പുരസ്കാരം തുടങ്ങിയഅവാർഡുകൾ ലഭിച്ചിട്ടുണ്ട്.
മാധ്യമ പ്രവർത്തകൻ ജയറാം സ്വാമി ജൂറി ചെയർമാനായുള്ള വിദഗ്ധ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. സിനിമാ സംവിധായകനും സാഹിത്യകാരനുമായ ലാൽജി ജോർജ്ജ്, എഴുത്തുകാരൻ കമറുദ്ദീൻ ആമയം തുടങ്ങിയവരാണ് മറ്റ് ജഡ്ജിങ് കമ്മിറ്റി അംഗങ്ങൾ.
നാളെ( 21) വൈകീട്ട് അഞ്ചിന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടക്കുന്ന പരിപാടിയിൽ അവാർഡ് സമ്മാനിക്കും. പ്രഫ. എൻ പി. ഹാഫിസ് മുഹമ്മദ് മുഖ്യാതിഥിയായിരിക്കും.
Advertisement