അജ്മാൻ അൽ ജുറിഫിലെ വില്ലയിൽ പാചക വാതക ചോർച്ചയെതുടർന്നുണ്ടായ സ്ഫോടനത്തിൽ രണ്ട് യുവതികൾ മരിക്കുകയും രണ്ട് പേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. അടുക്കളയിലാണ് ചോർച്ചയുണ്ടായതെന്ന് വീട്ടുജോലിക്കാരികളാണ് മരിച്ചതെന്നും അജ്മാൻ പൊലീസ് പറഞ്ഞു.
ഇന്ന്(ബുധൻ) രാവിലെയായിരുന്നു അപകടം. സ്ഫോടനത്തിൽ അടുക്കള മുഴുവൻ തകർന്നു. ഒരു യുവതിയുടെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ലഭിച്ചത്. ഗുരുതര പരുക്കേറ്റ രണ്ടാമത്തെ വീട്ടുജോലിക്കാരിയെ ഖലീഫ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച രണ്ട് പേരും ഇത്യോപ്യൻ യുവതികളും പരുക്കേറ്റവരിൽ ഒരാൾ ഇത്യോപ്യൻ സ്വദേശിനിയും മറ്റൊരാൾ ഇന്തോനീഷ്യക്കാരിയുമാണ്. സംഭവ സമയം ഇവരെല്ലാം അടുക്കളയിൽ തങ്ങളുടെ ജോലിയിൽ വ്യാപൃതരായിരുന്നു. പാചക വാതക ചോർച്ചയുടെ കാരണം പൊലീസ് അന്വേഷിക്കുന്നു.