ഷാർജ റോള അൽ അറൂബ സ്ട്രീറ്റിൽ ബഹുനില റെസിഡൻഷ്യൽ കെട്ടിടത്തിലെ സൂപ്പർമാർക്കറ്റിലുണ്ടായ തീ പിടിത്തത്തിൽ രണ്ട് പേർ പുക ശ്വസിച്ച് മരിക്കുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്ന്(ശനി) പുലർച്ചെ ഒന്നോടെയായിരുന്നു അഗ്നിബാധ. മലയാളികളടക്കം ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്ന 16നില കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന അൽ മനാമ സൂപ്പർമാർക്കറ്റിലാണ് തീ പിടിത്തമുണ്ടായത്. എന്നാൽ മരിച്ചവരെയും പരുക്കേറ്റവരെയുംക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സൂപ്പർമാർക്കറ്റിൻ്റെ രണ്ട് നിലകളും പൂർണമായും കത്തിനശിച്ചു. സിവിൽ ഡിഫൻസ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയതിനാൽ തൊട്ടടുത്തെ കെട്ടിടങ്ങളിലേയ്ക്ക് പടർന്നില്ല. റസ്റ്ററൻ്റ്, ലുലു ഷോപ്പിങ് സെൻ്റർ, ഹംറ തിയ്യറ്റർ എന്നിവയും ഒട്ടേറെ റെസിഡൻഷ്യൽ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. മലയാളികളുടെ ഉടമസ്ഥതയിലുള്ളതാണ് അൽ മനാമ സൂപ്പർമാർക്കറ്റ് ശൃംഖല.
അഗ്നിബാധയെ തുടർന്ന് താമസക്കാരെ ഇവിടെ നിന്ന് ഒഴിപ്പിച്ചു. രാത്രി താമസിക്കാൻ സ്ഥലമില്ലാതെ പലരും റോഡരികിലിരുന്നാണ് നേരം വെളുപ്പിച്ചത്. അഗ്നിബാധയുടെ കാരണം പൊലീസ് അന്വേഷിക്കുന്നു.
Advertisement