ഗള്‍ഫില്‍ ഇത്തവണ വിഷു അവധി ദിനത്തില്‍ ആയതിന്റെ സന്തോഷത്തിലാണ് പ്രവാസി മലയാളികള്‍. അതുകൊണ്ട് തന്നെ വിഷു ഒരുക്കുന്ന തിരക്കിലാണ് എല്ലാവരും. വിവിധ ഓഫറുകളുമായയി ചെറിയ കടകള്‍ മുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വരെ വിഷുവിപണിയില്‍ സജീവമായിക്കഴിഞ്ഞു.
വിഷുവട്ടങ്ങളും കണിയൊരുക്കങ്ങളുമായി സജീവമാണ് ഗള്‍ഫിലെ വിവിധ വിപണികള്‍. കണിവെള്ളരിയും കണിക്കൊന്നയുമെല്ലാം വിപണിയില്‍ എത്തിക്കഴിഞ്ഞു. പതിവുപോലെ ഇത്തവണയും കേരളത്തില്‍ നിന്നാണ് കണിയൊരുക്കുന്നതിനുള്ള സാധനങ്ങള്‍ ഗള്‍ഫ് വിപണിയിലേക്കെത്തുന്നത്. കണിയൊരുക്കുന്നതിനുള്ള ചക്കയുടെ ഒരു കഷണത്തിന് പത്തു ദിര്‍ഹമാണ് വില. കണിവെള്ളരിക്ക് നാലു ദിര്‍ഹവും. ഗള്‍ഫിലെ വിവിധ മാര്‍ക്കറ്റുകളില്‍ നേരത്തെ തന്നെ കൊന്നപ്പൂവും എത്തിയിട്ടുണ്ട്. ഇതെല്ലാം കേരളത്തില്‍ നിന്നാണെങ്കിലും മലയാളി വിഷു സദ്യ ഉണ്ണുന്നത് പക്ഷേ സലാലയില്‍ നിന്നെത്തുന്ന വാഴയിലയിലായിരിക്കും.
ശര്‍ക്കര ഉപ്പേരിക്കും കായ വറുത്തതിനും വിഷു അടുത്തതോടെ ഡിമാന്‍ഡ് കൂടിയിട്ടുണ്ട്. പൂജസാമഗ്രികള്‍ വാങ്ങുന്നതിനും തിരക്ക് അനുഭവപ്പെടുന്നു. വാരാന്ത്യ അവധിയായ വെള്ളിയാഴ്ചയാണ് വിഷു എന്നതു കൊണ്ട് തന്നെ ആഘോഷം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസികള്‍.