അഞ്ചു മാസത്തിലേറെ കാലം വിസ്മയ കാഴ്ചകളുടെ വിരുന്നൊരുക്കിയ ഗ്ലോബല്‍ വില്ലേജിന് സമാപനം. സീസണിലെ റെക്കോര്‍ഡ് സന്ദര്‍ശകരെയാണ് ആഗോള ഗ്രാമം അവസാന ദിനങ്ങളില്‍ വരവേറ്റത്.
ദിവസവും ഒരു പുതിയ ലോകം എന്ന പ്രമേയത്തെ അന്വര്‍ഥമാക്കുംവിധം വിനോദവിജ്ഞാന പരിപാടികളാണ് 159 ദിവസവും ആഗോളഗ്രാമത്തെ ആകര്‍ഷകമാക്കിയത്. ലോക രാജ്യങ്ങളിലെ കലാകാരന്മാര് പങ്കെടുത്ത പരേഡും ഇമാറാത്തി സംഗീതജ്ഞന് മുഹമ്മദ് ഷഹിയുടെ സംഗീത കച്ചേരിയും കലാശക്കൊട്ട് ഗംഭീരമാക്കി. ചൈന, ഇന്ത്യ ഉള്‍പെടെ ഏതാനും പവിലിയനുകള്‍ വന്‍ വിലക്കുറവിലാണ് അവസാന ദിവസം സാധനങ്ങള്‍ വിറ്റഴിച്ചത്. എഴുപത് രാജ്യങ്ങളുടെ പ്രാതിനിധ്യമുള്ള 30 പവലിയനുകള്‍ ഗ്ലോബല്‍ വില്ലേജിനെ സമ്പന്നമാക്കി. മുഗള്‍ വാസ്തുശില്പകലയില് അണിഞ്ഞൊരുങ്ങിയ ഇന്ത്യയ്ക്കായിരുന്നു തലയെടുപ്പ്. ദിവസേനയുള്ള കലാപരിപാടികളും ഇന്ത്യയിലേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്ക് കൂട്ടി. സാംസ്കാരിക ചത്വരത്തിലെ പ്രധാന വേദികളിലും ഇടതടവില്ലാതെ വിനോദ പരിപാടികള്‍ അരങ്ങേറി. ചരിത്രത്തില്‍ ആദ്യമായി കേരള ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത് യുഎഇയിലെ പ്രവാസി മലയാളികള്‍ക്കുള്ള അംഗീകാരമായി. കൗതുകക്കൂടാരങ്ങളില് പുതിയ വിസ്മയങ്ങളുമായി എത്തുന്ന ഗ്ലോബല്‍ വില്ലേജിനായി ഇനി നവംബര്‍ വരെ കാത്തിരിക്കാം.