യുഎഇയിലെ തൊഴിലാളികളുടെ എണ്ണം അൻപത് ലക്ഷത്തോട് അടുത്തതായി സ്വദേശിവൽക്കരണ, മാനവ വിഭവശേഷി മന്ത്രാലയം. രാജ്യത്തുള്ള മൊത്തം തൊഴിലാളികളിൽ പകുതിയും ദുബായ് എമിറേറ്റിലാണെന്നും റിപ്പോർട്ടുണ്ട്.
യുഎഇയിൽ തൊഴിൽ സ്ഥാപനങ്ങളുടെ എണ്ണം കൂടിയതിന് അനുസരിച്ച് രാജ്യത്തെത്തുന്ന വിദേശ തൊഴിലാളികളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. 2011 മുതൽ 2016 വരെയുള്ള കാലയളവിൽ രാജ്യത്തേക്ക് തൊഴിലാളികളുടെ പ്രവാഹമായിരുന്നു. യുഎഇയിലെ 3,34,924 സ്ഥാപനങ്ങളില്‍ 44.34 ലക്ഷത്തിലധികം പുരുഷന്മാരും 4,55,793 സ്ത്രീകളും ജോലി ചെയ്യുന്നുണ്ട്. വര്‍ഷംതോറും തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചുവരുന്നു.
അഞ്ചു വർഷത്തിനിടെ പത്തുലക്ഷം പുതിയ തൊഴിലാളികൾ രാജ്യത്തെത്തി. 2011ൽ യുഎഇയിലെ തൊഴിലാളികളുടെ തോത് 39.06 ലക്ഷമായിരുന്നു. 2016 ആയപ്പോഴേക്കും അത് 48,89,853 ആയി ഉയർന്നു. ദുബായ് എമിറേറ്റിലാണ് കമ്പനികളുടെയും തൊഴിലാളികളുടെയും എണ്ണത്തില്‍ വര്‍ധനയുണ്ടായത്. അബുദാബിയാണ് രണ്ടാം സ്ഥാനത്ത്.