ഖത്തറില്‍ കൂടുതല്‍ സര്‍ക്കാര്‍ തസ്തികകളില്‍ സ്വദേശിവല്‍കരണം ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി അഡ്മിനിസ്ട്രേറ്റിവ് പദവികളിലുള്ള വിദേശികളെ ഈ മാസം മുതല്‍ ഒഴിവാക്കിത്തുടങ്ങും. മലയാളികളെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ പരിഷ്കാരം.
വിവര സാങ്കേതികം, ധനകാര്യം, അക്കൗണ്ട്സ്, പരിഭാഷ, പബ്ലിക് റിലേഷന്‍സ്, മാധ്യമ-നിയമ വിഭാഗം തുടങ്ങി പ്രത്യേക വൈദഗ്ധ്യം ആവശ്യമായ തസ്തികകളാണ് സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത്. ഒട്ടേറെ മലയാളികള്‍ ജോലി ചെയ്യുന്ന മേഖലകളായതിനാല്‍ നിരവധി പേരുടെ ജോലി സാധ്യതയ്ക്കും മങ്ങലേല്‍ക്കും. ഇതിനു പുറമേ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഭരണനിര്‍വഹണ ചുമതലയിലുള്ള മുഴുവന്‍ വിദേശികളേയും മൂന്നു മാസത്തിനുള്ളില്‍ ചുമതലയില്‍നിന്ന് മാറ്റുമെന്ന് തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയം അറിയിച്ചു.
സര്‍ക്കാര്‍ ഓഫിസുകളില്‍ കഴിയുന്നത്ര തസ്തികകളില്‍ സ്വദേശികളെ നിയമിക്കാനാണ് നിര്‍ദേശം. സര്‍ക്കാര്‍ തസ്തികകളില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന നല്കുന്ന പുതിയ നിയമത്തിന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി കഴിഞ്ഞ നവംബറിലാണ് അംഗീകാരം നല്‍കിയത്. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സ്വദേശിവല്‍കരണം ഊര്‍ജിതമാക്കുന്നത്.