ലോകത്തിലെ ഏറ്റവും ഉയരം കൂടിയായ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ അഗ്നിബാധ. ദുബായിലെ ഏറ്റവും വലിയ ഷോപ്പിങ് മാളായ ദുബായ് മാളിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. സംഭവത്തിൽ ആർക്കും പരുക്കില്ല.
പുലർച്ചെ ആറു മണിയോടെയാണ് കെട്ടിടത്തിൽ തീ പടർന്നത്. വിവരമറിഞ്ഞ ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥരും അഗ്നിശമന സേനയും സ്ഥലതെത്തി. രണ്ടു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. 2015ലെ പുതുവൽസരദിനത്തിന്റെ തലേന്ന് വൻ അഗ്നിബാധയുണ്ടായ അഡ്രസ് ഡൗൺടൗൺ ദുബായ് ടവറിന്റെ സമീപത്താണ് തീപിടുത്തമുണ്ടായ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
അപകടത്തെ തുടർന്ന് സമീപത്തെ റോഡുകളെല്ലാം അടച്ചിട്ടത് ഗതാഗതത്തെ ബാധിച്ചു. തീ പൂർണമായും അണച്ചതിനുശേഷമാണ് റോഡ് വീണ്ടും ഗതാഗതത്തിന് തുറന്നുകൊടുത്തത്.