ഗള്‍ഫില്‍നിന്ന് യുഎസിലേക്കുള്ള വിമാനങ്ങളില്‍ ലാപ്ടോപ് അടക്കമുള്ള ഇലക്ട്രോണിക് ഉല്പന്നങ്ങള് നിരോധിച്ച നടപടി നേരിടാന്‍ പുതിയ പദ്ധതിയുമായി മേഖലാ വിമാനക്കമ്പനികള്‍. ഖത്തര്‍ എയര്‍വെയ്സും എത്തിഹാദ് എയര്‍വെയ്സുമാണ് യാത്രക്കാര്‍ക്ക് സൌജന്യ ലാപ്ടോപ്പും ഐപാഡും വാഗ്ദാനം ചെയ്തിരിക്കുന്നത്.
ബിസിനസ് യാത്രക്കാർക്ക് ലാപ്ടോപ് താല്കാലികമായി നല്‍കാനാണ് ഖത്തർ എയർവേയ്സിന്റെ തീരുമാനം. വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് നല്കുന്ന ലാപ്ടോപ് യുഎസിൽ ഇറങ്ങുമ്പോൾ മടക്കി നൽകണം. യുഎസിലേക്കുള്ള എല്ലാ വിമാനങ്ങളിലും അടുത്തയാഴ്ച മുതൽ ഈ സൗകര്യമുണ്ട്. മുഴുവൻ യാത്രക്കാർക്കും വിമാനത്തിനുള്ളിൽ ഒരു മണിക്കൂർ സൗജന്യ വൈഫൈ സൗകര്യവും നല്‍കും.
അഞ്ചു ഡോളർ അധികം നൽകിയാൽ യാത്രയിലുടനീളം വൈഫൈ ലഭ്യമാകും. അബുദാബി വിമാനകമ്പനിയായ ഇത്തിഹാദ് വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് ഐപാഡും സൗജന്യ വൈഫൈയും നല്‍കുമെന്ന് ഇത്തിഹാദും അറിയിച്ചു. ഫസ്റ്റ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കാണ് ഈ ആനുകൂല്യം. ഞായറാഴ്ച മുതല്‍ പുതിയ സേവനം ലഭിക്കും. യാത്രയ്ക്കിടയില്‍ തൊഴില്‍സംബന്ധമായും മറ്റും ആശയവിനിമയത്തിന് ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ദോഹ, ദുബായ്, അബുദാബി ഉൾപ്പെടെ പത്തു നഗരങ്ങളിൽ നിന്ന് നേരിട്ട് യുഎസിലേക്കു യാത്ര ചെയ്യുന്നവർക്ക് ഹാന്‍ഡ് ബാഗേജിനൊപ്പം ലാപ്ടോപ്, ഐപാഡ്, ടാബ്ലറ്റ്, ഇ റീഡർ, ക്യാമറ, പോർട്ടബിൾ ഡിവിഡി പ്ലയർ തുടങ്ങിയവ കൊണ്ടുപോകുന്നതിന് കഴിഞ്ഞ ആഴ്ച മുതല്‍ നിയന്ത്രണം ഏര്‍പെടുത്തിയിരുന്നു.