മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി അബുദാബി കപ്പ് 2017ലെ ജേതാക്കള്‍ വിദഗ്ധ പരിശീലനത്തിനായി ഇംഗ്ലണ്ടിലേക്ക്. അണ്ടര്‍-10 വിഭാഗത്തില്‍ കിരീടം ചൂടിയ ദുബായ് കിന്റര്ഗാര്ട്ടന് സ്റ്റാര്‍ട്ടേഴ്സ് ഫുട്ബോള്‍ ടീമാനാണ് ഈ അപൂര്‍വ ഭാഗ്യം കൈവന്നത്. സംഘത്തിലെ മിന്നുംതാരങ്ങളില്‍ എട്ടു പേര് മലയാളികളാണ്.
ജിസിസി രാജ്യങ്ങളിലെ 24 പ്രൊഫഷണല്‍ ക്ലബുമായി ഏറ്റുമുട്ടിയാണ് കെജിഎസിലെ ഈ കുട്ടിപ്പട്ടാളങ്ങള്‍ കിരീടത്തില്‍ മുത്തമിട്ടത്. അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ നടന്ന ഫൈനലില്‍ മാഞ്ചസ്റ്ററിന്റെ സിറ്റി ഫുട്ബോളിനെ സമനിലയില്‍ തളച്ച കെജിഎസ് ടീം പെനാല്‍ട്ടി ഷൂട്ടൌട്ടില്‍ ലക്ഷ്യം വലയിലാക്കുകയായിരുന്നു. പാരിതോഷികമായി ലഭിച്ച സൌജന്യ വിദേശപര്യടനവും പരിശീലനവും ഇവരുടെ ആവേശം ഇരട്ടിപ്പിച്ചു.
സഹല്‍, ആര്യന് ഹരിദാസ്, ഹാത്തിം ഫറൂഖ്, എയ്ഡന്‍ നദീര്‍, മുബീന്, നവനീത്, വിനയ് കൃഷ്ണന്, ജുവാന്‍ എന്നീ എട്ടു മലയാളികളടങ്ങിയ പന്ത്രണ്ടംഗ ടീമാണ് സ്കൂളിനും രാജ്യത്തിനും അഭിമാനമായത്. അണ്ടര്‍ 16 മുന്‍ കേരള സ്റ്റേറ്റ് ടീം പരിശീലകനായിരുന്ന എറണാംകുളം സ്വദേശി അരുണ്‍ പ്രതാപിന്റെ ശിക്ഷണത്തിലാണ് ഈ നേട്ടം കൈവരിച്ചത്. വിദഗ്ധ പരിശീലനത്തിനായി സംഘം വൈകാതെ ഇംഗ്ലണ്ടിലേക്ക് തിരിക്കും.