മറുനാട്ടിലെ മലയാളി കുരുന്നുകള്‍ക്ക് മലയാളം പകര്‍ന്നു നല്കുന്ന ഒരു കൂട്ടായ്മയെ പരിചയപ്പെടാം. മനോജ്ഞം എന്ന ഈ കൊച്ചു കൂട്ടായ്മ യുഎഇയിലെ മലയാളി കുട്ടികളെ മലയാളത്തോട് കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തുന്നു. മുപ്പതിനായിരത്തോളം കുട്ടികളാണ് ഇതുവരെ മനോജ്ഞത്തിലൂടെ മലയാളത്തെ അറിഞ്ഞത്.
മലയാളം അറിയാത്ത മലയാളിക്കുരുന്നുകളെ മാതൃഭാഷയോട് ചേര്‍ത്ത് നിര്‍ത്തുകയാണ് ഇവിടെ. മലയാളത്തിന്റെ സാംസ്കാരിക പാരന്പര്യവും പൈതൃകവും ഇവര്‍ക്ക് പകര്‍ന്നു നല്കുന്നു. അങ്ങനെ മലയാളിത്തം എന്തെന്ന് അനുഭവിച്ചറിയുകയാണിവര്..
ചെറിയ കൂട്ടായ്മകളിലൂടെയാണ് ഇവിടുത്തെ മലയാള പഠനം. അക്ഷരമാലകളിലൂടെ തുടക്കം. വാരാന്ത്യങ്ങളില്‍ മാത്രമുള്ള ക്ലാസുകളായതിനാല്‍ പോയവാരം പഠിച്ചവ മറക്കാതിരിക്കാന്‍ അക്ഷരങ്ങള്‍ കോര്‍ത്തിണക്കിയുള്ള കഥകളും കവിതകളും ഓരോ ക്ലാസുകളിലും നിറയും. സ്കൂളില്‍ മലയാളം പഠിക്കാത്ത കുട്ടികള്‍ക്കാണ് ഇത്തരം ക്ലാസുകള്‍ കൊണ്ട് ഏറെ ഗുണം ലഭിക്കുന്നത്.
കോഴഞ്ചേരി മേലുകര സ്വദേശി മനോജ് കളരിക്കലാണ് ഈ പഠനശിബിരങ്ങളുടെ മുഖ്യ സൂത്രധാരന്‍. ഇരുപത് വര്‍ഷമായി ഇത്തരം കൂട്ടായ്മകളില്‍ സജീവമാണ് അദ്ദേഹം. കഴിഞ്ഞ ഏഴുവര്‍ഷമായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു.
മലയാള പഠനശിബിരത്തിലെ ക്ലാസുകള്‍ക്ക് അതിന്റേതായ ഒരു രീതിയുണ്ട്. ഭാഷയുടെയും സംസ്കാരത്തിന്റെയും പ്രാധാന്യം ലഘുവായി വിവരിച്ച ശേഷം വിദ്യാര്‍ഥികളെ ചെറു സംഘങ്ങളാക്കി തിരിക്കും. പിന്നീട് എഴുത്തും വായനയും ചര്‍ച്ചയും കവിതാ പാരായണവുമായി ക്ലാസുകള്‍ പുരോഗമിക്കുന്നു.
അക്ഷരങ്ങളെ കലയോടും കവിതയോടും കൃഷിയോടും ബന്ധപ്പെടുത്തിയുള്ള പഠന രീതി കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്നു. കേരളത്തനിമയും നാട്ടറിവുകളും പാരന്പര്യങ്ങളുമെല്ലാം ഈ കൂട്ടായ്മയില്‍ വിഷയങ്ങളാണ്. പഠനത്തിന്റെ വിരസതയകറ്റാന്‍ കുട്ടികള്‍ തമ്മില്‍ കവിതാലാപന മല്‍സരവും ഉണ്ട്.
മലയാള പഠനത്തില്‍ മാത്രം ഒതുങ്ങുന്നില്ല ഈ കൂട്ടായ്മയുടെ ലക്ഷ്യങ്ങള്‍. കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും പ്രത്യേക ഊന്നല്‍ നല്കുന്നു. കുട്ടികളുടെ കഴിവുകളെ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുകയും പരിശീലനം നല്‍കുകയും വേദിയൊരുക്കുകയും ചെയ്യുന്നു. സ്വന്തം കഴിവുകളില്‍ കുട്ടികള്‍ക്ക് വിശ്വാസവും ആത്മവിശ്വാസവും നേടിക്കൊടുക്കുക കൂടിയാണ് ഇത്തരം കൂട്ടായ്മകള്‍.
പ്രവാസത്തില്‍ പിറകില്‍ വിട്ടുപോന്ന മാതൃനാടിന്റെ പാരന്പര്യം മക്കള്‍ക്ക് പകര്‍ന്നു നല്കാന് ലഭിക്കുന്ന ഈ അവസരത്തെ രക്ഷിതാക്കളും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു. അറിഞ്ഞോ അറിയാതെയോ മലയാളി മറക്കുന്ന മലയാളത്തെ, മലയാളിത്തത്തോട് ചേര്‍ത്തു നിര്‍ത്താനുള്ള ഒരു വലിയ യാത്രയാണിത്. ഒപ്പം മഹത്തായ ഒരു ദൗത്യവും.