കാലവര്‍ഷത്തിന്റെ പ്രതീതിയുണര്‍ത്തി യുഎഇയില്‍ ശക്തമായ മഴ. വെളുപ്പിന് തുടങ്ങിയ മഴ ചിലയിടങ്ങളില്‍ വൈകിട്ടുവരെ തുടര്‍ന്നു. നിരവധി വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ശക്തമായ മഴയെ തുടര്‍ന്ന് പല റോഡുകളിലും വെള്ളം കെട്ടിനിന്നതോടെ വന്‍ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മണിക്കൂറുകളെടുത്താണ് പലരും ലക്ഷ്യസ്ഥാനത്തെത്തിയത്. എല്ലാ എമിറേറ്റിലും ഭേദപ്പെട്ട മഴ ലഭിച്ചു. വടക്കന്‍ എമിറേറ്റുകളില്‍ ഇടിമിന്നലോടെയായിരുന്നു മഴ. റോഡുകളിലെ വെള്ളക്കെട്ടും ദൂരക്കാഴ്ച കുറഞ്ഞതും ഗതാഗതം ദുസ്സഹമാക്കി. ഷാര്‍ജ-ദുബായ്, ദുബായ്-അബുദാബി, ദുബായ്-അല്‍ഐന്‍ പാതകളില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായി. വാഹനങ്ങള്‍ കൂട്ടിയിടിച്ചും മറിഞ്ഞുമുണ്ടായ അപകടങ്ങളില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റു. എമിറേറ്റ്സ് റോഡില്‍ ട്രക്ക് മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ അല്‍ഖാസിമി ആശുപത്രിയിലേക്ക് മാറ്റി. വരുംദിവസങ്ങളിലും മഴയ്ക്കു സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
വൈകിട്ടോടെ അനുഭവപ്പെട്ട ശക്തമായ പൊടിക്കാറ്റും ജനജീവിതം ദുസ്സഹമാക്കി. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കുളിക്കാനിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. മഴയെ തുടര്‍ന്ന് ദുബായില്‍ അഞ്ചു മണിക്കൂറിനിടെ 160 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നനഞ്ഞ റോഡില്‍ വേഗം കുറച്ചും മതിയായ അകലം പാലിച്ചും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചും വാഹനമോടിക്കണമെന്ന് പൊലീസ് അറിയിച്ചു.