കഴിഞ്ഞ കുറേ ദിവസമായി തമിഴ് നടൻ ധനുഷിനെതിരെ ട്വീറ്റുകൾ ചെയ്യുകയാണ് റേഡിയോ ജോക്കിയും ഗായികയുമായ സുചിത്ര കാർത്തിക്. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്താണ് ഇങ്ങനെയൊക്കെ ചെയ്തതെന്ന വിശദീകരണത്തിനു പിന്നാലെ ധനുഷിന്റെ സ്വകാര്യ ചിത്രങ്ങൾ അവർ പുറത്തുവിട്ടു. തൃഷയ്ക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളാണ് അവർ പുറത്തുവിട്ടത്. ഒപ്പം ആൻഡ്രിയയും അനിരുദ്ധും തമ്മിലുള്ള ചിത്രങ്ങളുമുണ്ട്. ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഇവരുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. പിന്നീട് അക്കൗണ്ട് തിരികെയെത്തിയെങ്കിലും ഈ ചിത്രങ്ങൾ ഉണ്ടായിരുന്നില്ല.
ഒരു പാർട്ടിക്കിടെ ധനുഷിനൊപ്പം വന്നവരിൽ ചിലർ തന്റെ കൈപിടിച്ച് തിരിച്ച് ഉപദ്രവിച്ചുവെന്ന് ആരോപിച്ച് ചിത്രമടക്കമായിരുന്നു ആദ്യ ട്വീറ്റ്. ഇതിനു പിന്നാലെ ധനുഷിനെ വെല്ലുവിളിക്കുന്ന തരത്തിൽ നിരവധി ട്വീറ്റുകളും അവർ ചെയ്തു. തന്റെ ഭാഗം ശരിയാണെന്നും ധനുഷിന്റെ യഥാർഥ മുഖം ലോകത്തെ അറിയിക്കുമെന്നുമൊക്കെ അതിലുണ്ടായിരുന്നു. ഇതിനിടെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന തരത്തിൽ സുചിത്ര രംഗത്തെത്തി. ഭർത്താവും ഇതേ നിലപാട് സ്വീകരിച്ചിരുന്നു. ആകെ അസ്വസ്ഥത ജനിപ്പിക്കുന്ന ട്വീറ്റുകൾ തമിഴകത്ത് ചർച്ചയാകുകയാണ്. ധനുഷോ അനിരുദ്ധോ ഇക്കാര്യത്തിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല.