പ്രമുഖനടിക്കെതിരെ ഉണ്ടായ അക്രമത്തിനെതിരെ സിനിമാലോകം ഒന്നടങ്കം പ്രതിഷേധിക്കുകയാണ്. ചില നടന്മാരും സംവിധായകരും സ്ത്രീവിരുദ്ധ സിനിമകളിൽ അഭിനയിക്കില്ല എന്ന് പറഞ്ഞ് രംഗത്തുവരുന്നുണ്ട്. ഇതിനിടെ മലയാള സിനിമയിലെ സ്ത്രീവിരുദ്ധ സിനിമ ഡയലോഗുകളൊക്കെ എടുത്ത് വീണ്ടും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തുകൊണ്ടും പ്രതിഷേധം ശക്തമാകുന്നുണ്ട്. സിനിമകളാണ് ജനങ്ങളെ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്നും ഇനി സ്ത്രീകളെ അപമാനിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും ചലച്ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന വാദവും ശക്തമാണ്.
ഇത്തരം പ്രചാരണങ്ങൾക്കിടയിൽ സമൂഹമാധ്യമങ്ങളിൽ ഷെയർചെയ്യപ്പെടുന്ന ഒരു വീഡിയോ ക്ലിപ്പിങ് ശ്രദ്ധേയമാകുകയാണ്. വിഎം വിനു സംവിധാനം ചെയ്ത മറുപടി എന്ന ചിത്രത്തിലേതാണ് ഇൗ ഡയലോഗ്. നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ഉൾപ്പെടെ ഒട്ടേറപ്പേരാണ് ഇൗ ക്ലിപ്പിങ് ഷെയർ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്.
വർധിച്ചുവരുന്ന സ്ത്രീ പീഡനങ്ങൾക്കെതിരെ മറുപടി എന്ന ചിത്രത്തിൽ നായിക പറയുന്ന ഡയലോഗാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. യുദ്ധമുഖത്ത് ജീവിക്കുന്നത് പോലെയാണ് ഒാരോസ്ത്രീയും ഇവിടെ ജീവിക്കുന്നതെന്നും, ഒാരോ നിമിഷവും അക്രമി എവിടെ നിന്നെങ്കിലും അവളുടെ മേൽ ചാടി വീണേക്കാമെന്നും യുദ്ധത്തടവുകാർക്ക് ലഭിക്കുന്ന നീതി പോലും അക്രമത്തിനിരയായ പെൺകുട്ടിക്ക് ലഭിക്കുന്നില്ല എന്നും ഇൗ വീഡിയോയിൽ പറയുന്നു. ഭാമയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.