മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ വിനായകനെയും കഴിവും മാത്രം മാനദണ്ഡമാക്കി പുരസ്കാരം കൊടുത്ത ജൂറിയെയും എല്ലാവരും വാനോളം പുകഴ്ത്തുമ്പോൾ അതിൽ ഏറെ സന്തോഷിക്കുന്ന മറ്റൊരാളുണ്ട്. മലയാളത്തിന്റെ പ്രിയനടൻ ഇന്ദ്രൻസ്. പല കാരണങ്ങളാൽ പലപ്പോഴായി അവാർഡുകൾ നഷ്ടപ്പെട്ട അദ്ദേഹത്തിന് പക്ഷേ അതിൽ പരാതിയില്ല. അവാർഡ് കിട്ടാനും വേണം ഒരു യോഗമെന്ന് സ്വതസിദ്ധമായ ചിരിയോടെ ഇന്ദ്രൻസ് പറയും. ഇത്തവണത്തെ പുരസ്കാരങ്ങളെ പറ്റി അദ്ദേഹം മനോരമ ഒാൺലൈനിനോട് സംസാരിക്കുന്നു.
വിനായകന്റെ നേട്ടത്തെക്കുറിച്ച് ?
വളരെ സന്തോഷമുണ്ട്. വിനായകനെ അറിയാവുന്ന ആളെന്ന നിലയ്ക്ക് വളരെയധികം സന്തോഷമുണ്ട്. മുന്നോട്ടുള്ള വഴികളിൽ വലിയ പ്രോത്സാഹനമാകും അദ്ദേഹത്തിന് ഇൗ പുരസ്കാരം. അവാർഡുകൾ വലുതായാലും ചെറുതായാലും വലിയ ഉത്തരവാദിത്തമാണ് നടന് പകർന്നുനൽകുന്നത്. വിനായകൻ വന്നിട്ട് കുറേ കാലമായി. മണികണ്ഠനെ സംബന്ധിച്ച് ആദ്യ ചിത്രത്തിനു തന്നെ അവാർഡ് ലഭിച്ചു. അത് ആ നടന്റെ വളർച്ചയെ നിർണായകമായി സ്വാധീനിക്കും.