‘മൂന്നു മണിക്കൂർ മമ്മൂക്ക കഥ കേട്ടു; പ്രീസ്റ്റ് മിസ്റ്ററി ത്രില്ലർ’: അഭിമുഖം

mammootty-jofin-interview
SHARE

'ആയിരക്കണക്കിന് തിരക്കഥകൾ കേട്ട മനുഷ്യനാണ്,  മിനിറ്റുകൾക്ക് കോടികളുടെ വില, എങ്ങനെ പറഞ്ഞൊപ്പിക്കുമെന്ന പേടിയായിരുന്നു മനസ് നിറയെ. പിന്നെ ആകെ ഒരു കരുത്തെന്ന് പറയുന്നത് ഏത് നവാഗതനും ധൈര്യപൂർവം മുന്നിൽ ചെന്ന് കഥ പറയാൻ അദ്ദേഹം കൊടുക്കുന്ന സ്വാതന്ത്ര്യമാണ്. അങ്ങനെ മൂന്ന് മണിക്കൂറെടുത്തു കഥ പറഞ്ഞു..' ആവേശത്തിന് കുറവില്ലാതെ പറഞ്ഞു തുടങ്ങുന്നത് 'ദി പ്രീസ്റ്റി'ന്റെ സംവിധായകൻ ജോഫിൻ ടി ചാക്കോയാണ്. ടീസർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒട്ടേറെ നിഗൂഢതകൾ ഒളിപ്പിച്ച തന്റെ ആദ്യ ചിത്രത്തിന്റെ വിശേഷങ്ങൾ മനോരമ ന്യൂസ് ഡോട്ട് കോമുമായി ജോഫിൻ പങ്കുവയ്ക്കുന്നു

'ഇതെന്റെ ആദ്യ സിനിമയാണ്. ഒരു നവാഗത സംവിധായകന് സ്വപ്നം കാണാവുന്നതിലും അപ്പുറമാണ് 'ദ പ്രീസ്റ്റ്' പോലൊരു സിനിമ. കാസ്റ്റിങ് തന്നെയാണ് ഹൈലൈറ്റ്. മെഗാസ്റ്റാർ മമ്മൂട്ടിയും മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാർ മഞ്ജു വാരിയറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന സിനിമ. കിട്ടാവുന്നതിൽ ഏറ്റവും മികച്ച കാസ്റ്റിങ്. ഞാനൊറ്റയ്ക്ക് വിചാരിച്ചാൽ നടക്കുന്ന കാര്യമല്ലിത്. മനസിലാഗ്രഹിച്ച കാസ്റ്റിംഗ് സാധ്യമാക്കാൻ പിന്തുണച്ചത് നിർമാതാക്കളാണ്. അവരോട് ഞാനേറെ കടപ്പെട്ടിരിക്കുന്നു' ജോഫിൻ പറയുന്നു.

പ്രീസ്റ്റിനെ 'പേടി'ക്കേണ്ടതുണ്ടോ?

ടീസർ കണ്ടപ്പോൾ മുതൽ പലരും കരുതിയിരിക്കുന്നത് പ്രീസ്റ്റ് ഒരു ഹൊറർ പടമാണെന്നാണ്. പ്രീസ്റ്റ് ഹൊറർ എലമെന്റ്സ് ഉളള ‘മിസ്റ്ററി ത്രില്ലറാണ്’. മലയാള സിനിമയിൽ തന്നെ ഏറ്റവും കുറവ് സിനിമകളാണ് മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ ഇതുവരെ വന്നിട്ടുളളത്. അതിനാൽ പ്രീസ്റ്റിൽ പുതുമകൾ കൊണ്ടുവരാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്

കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുളള റിലീസ് ചിത്രത്തെ ബാധിക്കുമെന്ന ഭയമുണ്ടോ?

മാസ്റ്റേഴ്സ് കലക്ഷൻ നമ്മൾ കണ്ടതല്ലേ. രണ്ടു ദിവസങ്ങൾക്കുളളിൽ എത്ര പേരാണ് സിനിമ കണ്ടത്. 2015ലാണ് ഈ സിനിമ എഴുതിത്തുടങ്ങിയത്. തിയേറ്റർ എക്സ്പീരിയൻസ് മുൻകൂട്ടി കണ്ട് നിർമിച്ച പടമായതിനാൽ പ്രീസ്റ്റും ജനങ്ങൾ സ്വീകരിക്കും എന്നാണ് പ്രതീക്ഷ. ബാക്കിയെല്ലാം അവരുടെ കയ്യിലാണ്. മമ്മൂക്ക വ്യത്യസ്ത ലുക്കിൽ വരുന്ന ചിത്രത്തിന് നല്ല പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷ.

സിനിമയിൽ നിഖില വിമലും ബേബി മോണിക്കയുമാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണൻ, വി എൻ ബാബു എന്നിവരാണ് നിർമാണം . ഇബലീസ്, ഫോറെൻസിക് തുടങ്ങിയ ചിത്രങ്ങളുടെ സിനിമാറ്റോഗ്രാഫർ അഖിൽ ജോർജാണ് ക്യാമറ ചെയ്യുന്നത്. രാഹുൽ രാജാണ് പശ്ചാത്തല സംഗീതം. ഫെബ്രുവരി നാലിന് പ്രീസ്റ്റ് തിയേറ്ററുകളിൽ എത്തും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...