നേരും നെറിവുമുള്ള കള്ളന്റെ കഥ; രാത്രികളില്‍ മാത്രം ഷൂട്ടിംഗ്

chooran-cinema-rana
SHARE

അപ്രതീക്ഷിതമായ ഒരിടത്ത് അപ്രതീക്ഷിതമായ നേരത്ത് വന്നുപെടുകയും അവിടെ കാണുന്ന തിന്മകള്‍ക്കെതിരെ പോരാടുകയും ചെയ്യുന്ന നന്മയുള്ള കള്ളന്റെ കഥ പറയുന്ന ചിത്രമാണ് ചോരൻ. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് അഭയക്കേസിലെ വിധി വന്നത്. അന്തിമ വിജയം എന്നും നന്മയുടെ പക്ഷത്താണെന്ന് തെളിയിക്കുന്ന ചിത്രത്തില്‍ ഡോ. പ്രവീണ്‍ റാണയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാന്റോ അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബര്‍ 24-ന് ആരംഭിച്ച ഷൂട്ടിംഗ് രാത്രികളില്‍ മാത്രമായി തുടര്‍ച്ചയായ പതിനഞ്ചു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ ഇതിവൃത്തത്തിനിണങ്ങുന്ന ഡാര്‍ക്ക് മോഡ് ഉടനീളം നിലനിര്‍ത്താനായിരുന്നു രാത്രി മാത്രം ഷൂട്ടിംഗ് നടത്തിയത്. ഒരു പക്ഷേ ഇന്ത്യയില്‍ത്തന്നെ ഇതാദ്യമായിരിക്കും ഉടനീളം രാത്രി മാത്രം ഒരു സിനിമ ചിത്രീകരിച്ചിട്ടുണ്ടാവുകയെന്ന് സംവിധായകന്‍ സാന്റോ അന്തിക്കാട് പറഞ്ഞു. രാത്രിയുടെ യഥാര്‍ത്ഥ വശ്യത അതേപടി പകര്‍ത്താന്‍ ഈ നിശ്ചയദാര്‍ഢ്യത്തിലൂടെ സാധിച്ചു. ചിത്രത്തിലെ ഹീറോ അനാന്‍ എന്ന ചെറുപ്പക്കാരനെ അവതരിപ്പിക്കുന്ന ഡോ പ്രവീണ്‍ റാണയുടെ രണ്ടാമത് ചിത്രമാണ് ചോരന്‍. 

ഇന്ദ്രന്‍സ്, മണികണ്ഠന്‍ ആചാരി എന്നിവര്‍ക്കൊപ്പം നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ചങ്ക്‌സ്, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ച രമ്യ പണിക്കരാണ് ചോരനിലെ നായിക. അങ്കമാലി ഡയറീസ് ഫെയിം സിനോജ് വര്‍ഗീസാണ് ചോരനിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

റാണാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ബാബു നിര്‍വഹിക്കുന്നു. സ്റ്റാന്‍ലി ആന്റണി കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു. അടുത്തിടെ ഹിറ്റായ ഏതാനും മനോഹരഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച ഗാനരചയിതാവു കൂടിയായ സംഗീത സംവിധായകന്‍ കിരണ്‍ ജോസിന്റെ അഞ്ചാമത് സിനിമയാണ് ചോരന്‍. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...