‘ഇത് ബോളിവുഡല്ല പഞ്ചാബ്’; കർഷകരെ തൊട്ട് കൈപൊള്ളി കങ്കണ; പോര്

kangana-punjab-farmers-protest
SHARE

രാജ്യതലസ്ഥാനത്ത് കർഷക പ്രതിഷേധം സമാനതകളില്ലാത്ത രീതിയിൽ അലയടിക്കുമ്പോൾ ട്വിറ്ററിൽ ചൂടുപിടിക്കുന്നത് ബോളിവുഡ് നടി കങ്കണ റനൗട്ടിന്റെ പ്രസ്താവനകളും അതിനെ ചൊല്ലിയുള്ള വാഗ്വാദങ്ങളുമാണ്. കർഷക സമരങ്ങളിൽ കേന്ദ്ര സർക്കാരിന്റെ പക്ഷം ചേർന്ന കങ്കണ അതിൽ വർഗീയതയുടെ വിത്തു പാകാൻ ആകുന്നത്ര ശ്രമിച്ചു. എന്നാൽ ഇപ്പോൾ കർഷകർക്കൊപ്പമാണ് എന്ന പരസ്യ പ്രസ്താവനയാണ് കങ്കണ തന്റെ ട്വിറ്റർ പേജിൽ അവസാനം പങ്കുവച്ചിരിക്കുന്നത്. 

ഈ ബില്ല് പല തരത്തിൽ കർഷകരുടെ ജീവിതത്തെ മാറ്റിമറിക്കും. ഇതേക്കുറിച്ച് ഉയർന്ന് ആശങ്കകളും അപവാദപ്രചരണങ്ങളും സർക്കാർ ഉടൻ തന്നെ പരിഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞാൻ കർഷകർക്കൊപ്പമാണ്. പഞ്ചാബിന് എല്ലായ്പ്പോഴും എന്റെ ഹൃദയത്തിൽ ഒരിടമുണ്ട്. കങ്കണ ട്വീറ്റിൽ പറഞ്ഞു. 

എന്നാൽ ഷഹീൻബാഗ് സമരനായിക ബിൽക്കിസ് ബാനുവിനെതിരെ കങ്കണ നടത്തിയ വിവാദ പ്രസ്താവനയിൽ തുടങ്ങിയ പോരിൽ നിന്ന് അത്ര പെട്ടെന്നൊന്നും കങ്കണയ്ക്ക് രക്ഷപ്പെടാനാകില്ലെന്നാണ്  പുതിയതായി പുറത്തുവരുന്ന കാര്യങ്ങൾ വ്യക്തമാക്കുന്നത്. ‘അവരെ നൂറു രൂപയ്ക്ക് ലഭിക്കു’മെന്ന കങ്കണയുടെ പ്രസ്താവനയ്ക്ക് വലിയ വില നൽകേണ്ടി വന്നേക്കുമെന്നാണ് കങ്കണയ്ക്കെതിരെ സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മറ്റി നൽകിയ വക്കീൽ നോട്ടിസ് ഉൾപ്പെടെയുള്ള നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്. 

ബിൽക്കിസ് ബാനുവിനെതിരെ കങ്കണ നടത്തിയ പ്രസ്താവനയിൽ കങ്കണയ്ക്കെതിരെ ട്വിറ്ററിൽ നേരിട്ട് ഏറ്റുമുട്ടി പഞ്ചാബി ഗായകനും നടനുമായ ദിൽജിത് ദോസഞ്ച് താരമായി.ദില്‍ജിത് വേർസസ് കങ്കണ എന്ന ഹാഷ്ടാഗും ട്വിറ്ററിൽ തരംഗമാണ്.

ഞങ്ങളുടെ ഹൃദയത്തിൽ കുടികൊള്ളുന്ന അമ്മമാരെയാണ് നൂറു രൂപയ്ക്ക് വാടകയ്ക്കെടുത്തതെന്ന് പറഞ്ഞ് നിങ്ങൾ അധിക്ഷേപിച്ചതെന്ന് ദിൽജിത്ത് കങ്കണയ്ക്ക് മറുപടി നൽകി. ഇന്ത്യ കങ്കണയുടേത് മാത്രമല്ല. ഈ രാജ്യത്തിനു വേണ്ടി പലതും ത്യജിച്ച അമ്മമാരെയാണ് നിങ്ങൾ ഇത്തരത്തിൽ അധിക്ഷേപിക്കുന്നത്. 24 മണിക്കൂറും പൊട്ടത്തരം മാത്രം പുറത്തുവിടുന്ന നിങ്ങൾ ആദ്യം ഇവരെ ബഹുമാനിക്കാൻ പഠിച്ചതിനു ശേഷം രാജ്യസ്നേഹത്തെ കുറിച്ച് വാചാലയാകാനും താക്കീത് നൽകി. 

എന്നാൽ ഇതിനോടു പ്രതികരിച്ച കങ്കണ, ദിൽജിത്തിനെ ‘കരൺ ജോഹറിന്റെ വാത്സല്യഭാജനം’ എന്നാണ് വിശേഷിപ്പിച്ചത്. താൻ ബിൽക്കിസിനെ കുറിച്ചാണ് പറഞ്ഞതെന്നും മോഹീന്ദറിനെ അറിയില്ലെന്നും കങ്കണ പറഞ്ഞു. പിന്നാലെ കങ്കണയ്ക്കു ചുട്ടമറുപടിയുമായി ദില്‍ജിത് രംഗത്തെത്തി. താങ്കൾക്ക് എന്ത് വേണമെങ്കിലും കെട്ടിച്ചമച്ചു പറയാം, എന്നാൽ ഒന്നോർക്കുക. ഇവർ ബോളിവുഡിൽ നിന്നുള്ളവരല്ല പഞ്ചാബിൽ നിന്നുള്ളവരാണെന്ന് താക്കീതും നൽകി. സാമാന്യ ബുദ്ധി ഇല്ലാതെ സംസാരിക്കരുത്. അമ്മമാരെ പറ്റി പോലും ഇത്തരത്തിൽ സംസാരിക്കാൻ എങ്ങനെ ധൈര്യം വന്നു? എല്ലാവരെയും മോശം പറയുക എന്നത് താങ്കളുടെ ശീലം ആണല്ലോ, അത് തുടർന്നോളൂ എന്നും പറഞ്ഞു. ദിൽജിത്തിനെ പിന്തുണച്ച് നിരവധി പേർ രംഗത്തുവന്നിരുന്നു. കങ്കണയോട് ഒരുപാട് ബഹുമാനം ഉണ്ടായിരുന്ന ആളായിരുന്നു താനെന്നും എന്നാൽ ഇപ്പോൾ അത് തെറ്റിയിരിക്കുന്നുമെന്നുമാണ് ഗായകൻ മിൽക്കാ സിങ് ദിൽജിത്തിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്ത് പ്രതികരിച്ചത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...