പൊന്‍മുട്ടിയെടുന്ന താറാവ് ഇപ്പോഴായിരുന്നെങ്കിൽ...; സത്യൻ അന്തിക്കാടിന്റെ കുറിപ്പ്

sathyan-anthikad
SHARE

കാലത്തിനൊപ്പം സിനിമക്കും സിനിമയിലെ കഥാപാത്രങ്ങൾക്കു സംഭവിച്ച മാറ്റങ്ങളും പറഞ്ഞ് സത്യൻ അന്തിക്കാട്. പൊന്‍മുട്ടിയെടുന്ന താറാവ് ചിത്രീകരിക്കേണ്ടിവരുന്നതെങ്കിൽ ആരെയൊക്കെ അഭിനയിപ്പിക്കുമെന്ന് ഓര്‍ത്തെന്നും ചില കഥാപാത്രങ്ങൾക്ക് തന്റെ അറിവില്‍ പകരക്കാരില്ലെന്നും കുറിപ്പില്‍ പറയുന്നു. 

പോസ്റ്റ് ഇങ്ങനെ 

''എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ

വെറുതേയൊന്ന് ആലോചിച്ചുനോക്കി. 'പൊന്മുട്ടയിടുന്ന താറാവ്' എന്ന സിനിമ ഇപ്പോഴാണ് ചിത്രീകരിക്കേണ്ടിവരുന്നതെങ്കിൽ കഥാപാത്രങ്ങളായി ആരെയൊക്കെ അഭിനയിപ്പിക്കാം? തട്ടാൻ ഭാസ്കരനെയും പവിത്രനെയും സ്നേഹലത എന്ന കുറുമ്പിപ്പെണ്ണിനെയും പുതിയ തലമുറയിൽനിന്ന് കണ്ടെത്താൻ കഴിഞ്ഞേക്കും. പക്ഷേ, മൂത്ത തട്ടാനെ ആര് അവതരിപ്പിക്കും? കൃഷ്ണൻകുട്ടിനായർ തകർത്തഭിനയിച്ച വേഷമാണ്. മരിച്ചതായി പലവട്ടം തോന്നിപ്പിക്കുകയും വീണ്ടും ജീവനോടെ കമ്പിളിപ്പുതപ്പിനുള്ളിൽക്കിടന്ന് നമ്മളെ ചിരിപ്പിക്കുകയും ചെയ്ത മൂത്തതട്ടാൻ! സ്നേഹലതയ്ക്ക് ഭാസ്കരൻ പണിയിച്ചുകൊടുത്ത പത്തുപവന്റെ മാലയെച്ചൊല്ലി പണിക്കരുടെ മുറ്റത്തു നടക്കുന്ന പൊരിഞ്ഞ വഴക്കിനിടയിലേക്ക് പാതി ജീവനോടെ ആടിയാടി വന്ന് ഇന്നസെന്റിനെ സൗമ്യമായി അടുത്തേക്കു വിളിച്ച 'ഫ' എന്ന ആട്ടുകയും അതിന്റെ ആഘാതത്തിൽ വാഴക്കൂട്ടത്തിലേക്ക് സ്വയം വീണുപോവുകയും ചെയ്യുന്ന തട്ടാൻ ഗോപാലൻ!! ഇല്ല. കൃഷ്ണൻകുട്ടിനായരല്ലാതെ ആ വേഷമഭിനയിക്കാൻ എന്റെ അറിവിൽ മറ്റാരുമില്ല; അന്നും ഇന്നും.

അതുപോലെത്തന്നെയാണ് ശങ്കരാടിയുടെ നാട്ടുപ്രമാണിയും കരമന ജനാർദനൻ നായരുടെ ഹാജിയാരും. വേറെ ആരുടെയെങ്കിലും രൂപത്തിൽ അവരെ കാണാൻ മനസ്സു സമ്മതിക്കുന്നില്ല. ആവശ്യത്തിനും അനാവശ്യത്തിനും നാട്ടുകാരുടെ വിഷയങ്ങളിൽ ഇടപെടുകയും സന്ധ്യാനേരങ്ങളിൽ ക്ഷേത്രമുറ്റത്ത് ഉറഞ്ഞുതുള്ളുകയും രാത്രിയായാൽ രഹസ്യമായി ഇത്തിരി ചാരായം മോന്തുകയും ചെയ്യുന്ന വെളിച്ചപ്പാടായിട്ട് ജഗതി ശ്രീകുമാറിനുപകരം ആരുണ്ട്?

ഓരോ സിനിമയും അതതുകാലങ്ങളിലേക്കു വേണ്ടി സൃഷ്ടിക്കപ്പെടുന്നു എന്നതാണ് സത്യം. ചിലരൊക്കെ പറയാറുണ്ട്-പൊന്മുട്ടയിടുന്ന താറാവും തലയണമന്ത്രവും അപ്പുണ്ണിയുമൊക്കെ ഇന്ന് ഇറങ്ങേണ്ട സിനിമകളായിരുന്നു എന്ന്. എനിക്കതിനോട് യോജിപ്പില്ല. നമ്മൾ ജീവിക്കുന്ന സാമൂഹികാവസ്ഥകളാണ് സിനിമകൾക്ക് പ്രചോദനമാകുന്നത്. ‘സന്ദേശം’ എന്ന സിനിമ മാത്രമാണ് അതിനൊരു അപവാദം. 'സന്ദേശം' ഇന്നും പ്രസക്തമാകുന്നത് നമ്മുടെ രാഷ്ട്രീയം അന്നത്തേതിൽനിന്ന് ഒരിഞ്ചുപോലും മുന്നോട്ടു പോകാത്തതുകൊണ്ടായിരിക്കാം. തിരഞ്ഞെടുപ്പിൽ ഒരു മുന്നണി പരാജയപ്പെട്ടാൽ താത്ത്വികമായ അവലോകനങ്ങൾ ഇന്നും നടക്കുന്നു. എതിർ ചേരിയിലെ പാർട്ടികൾ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു എന്ന് ഇന്നും ചർച്ചചെയ്ത് കണ്ടെത്തുന്നു. നേതാക്കൾ ആഹ്വാനംചെയ്യുന്നു, അണികൾ തല്ലുകൊള്ളുന്നു, ജലപീരങ്കിയേൽക്കുന്നു. ഒരു മാറ്റവുമില്ലാതെ സന്ദേശകാലം തുടരുന്നു.

അഭിനേതാക്കളുടെ കാര്യമവിടെ നിൽക്കട്ടെ. ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് നമ്മൾ പ്രവേശിക്കുന്നതിനു മുമ്പുള്ള കഥാപാത്രങ്ങളിൽ പലതും ഇന്ന് തിരശ്ശീലയ്ക്ക് പിന്നിലായിരിക്കുന്നു. ശരിക്കുള്ളൊരു വെളിച്ചപ്പാടിനെപ്പോലും ഇന്നു കാണാൻ കിട്ടുന്നില്ല. പണ്ട് ഉത്സവകാലത്ത് നാട്ടിൻ പുറങ്ങളിൽ വെളിച്ചപ്പാടും പരിവാരങ്ങളും എത്തും.അത്തരമൊരു വെളിച്ചപ്പാടിന്റെ കഥയാണ് വർഷങ്ങൾക്കുമുമ്പ് 'നിർമാല്യ'ത്തിലൂടെ എം.ടി. പറഞ്ഞത്. ‘പിൻഗാമി’ എന്ന സിനിമയിൽ വരെയുണ്ട് വെളിച്ചപ്പാട്. പട്ടാളത്തിൽ നിന്ന് വരുന്ന മോഹൻലാലിന്റെ മുന്നിൽ അന്ന് വെളിച്ചപ്പാടായി അവതരിച്ചത് മാള അരവിന്ദനായിരുന്നു. ഇന്ന് അങ്ങനെ ഒരു വെളിച്ചപ്പാടിനെ നാട്ടിൻപുറങ്ങളിലെ കുട്ടികൾ കാണാറേയില്ല.

അടുത്തകാലത്ത് എന്റെ അകന്ന ബന്ധത്തിൽപ്പെട്ടൊരു ചേച്ചി വീട്ടിൽ വന്നു. അവരുടെ മകൻ അബുദാബിയിൽ എൻജിനിയറായിരുന്നു. കൊറോണയ്ക്ക് വളരെ മുമ്പേ ഗൾഫ് ഉപേക്ഷിച്ച് നാട്ടിൽ വന്നു. ഇപ്പോൾ പേരുകേട്ട ഒരു സ്വകാര്യക്ഷേത്രത്തിൽ ‘കോമര’മാണത്രേ. രാവിലെയും വൈകീട്ടും അരമണികെട്ടി പള്ളിവാളുമെടുത്ത് വെളിച്ചപ്പെടണം. കല്പന പറയണം. ശമ്പളം കൂടാതെ ദക്ഷിണയായും നല്ലൊരു തുക കിട്ടും. എൻജിനിയർ ജോലിയെക്കാൾ വരുമാനം. തികച്ചും പ്രൊഫഷണൽ.

അന്തിക്കാട് എന്ന ഗ്രാമം പണ്ട് അറിയപ്പെട്ടിരുന്നത് നല്ല തെങ്ങിൻ കള്ള് കിട്ടുന്ന സ്ഥലം എന്ന പേരിലായിരുന്നു. മദ്രാസിൽ സംവിധാനം പഠിക്കാൻ പോയ സമയത്ത് ശങ്കരാടിയെ പരിചയപ്പെട്ടപ്പോൾ ആദ്യം ചോദിച്ചത് അന്തിക്കാടൻ കള്ളിനെപ്പറ്റിയാണ്. എവിടെ നോക്കിയാലും ചെത്തുകാരെ കാണാമായിരുന്നു. എല്ലാ പുരയിടങ്ങളിലും ചകിരി കൊണ്ട് പട്ട കെട്ടിയ തെങ്ങുകൾ കാണാമായിരുന്നു. മായമില്ലാത്ത കള്ളുകിട്ടാൻ അന്യദേശത്തുനിന്നുപോലും ആളുകൾ അന്തിക്കാട്ടെത്തുമായിരുന്നു. നേരം വെളുത്താൽ ചെത്തിയെടുത്ത കള്ള് അളക്കുന്ന സ്റ്റോറുകൾ പലയിടത്തും സജീവമായ കാഴ്ചയായിരുന്നു. ശുദ്ധമായ നാട്ടുകള്ളിന്റെ മണമേറ്റാണ് ഞങ്ങളൊക്കെ സ്കൂളുകളിൽ പോയിരുന്നത്. കള്ളുഷാപ്പിന് മുന്നിൽ എപ്പോഴും മണിയനീച്ചകൾ വട്ടമിട്ടു പറക്കുന്നത് കാണാമായിരുന്നു.

'മണ്ടന്മാർ ലണ്ടനിൽ' എന്ന എന്റെ ആദ്യകാല ചിത്രത്തിൽ പറവൂർ ഭരതൻ ചെത്തുകാരനാണ്. ‘മഴവിൽ കാവടിയി’ലും ചെത്തുകാരനുണ്ട്. ഒടുവിൽ ഉണ്ണികൃഷ്ണനാണ് ചെത്തുകാരൻ കുഞ്ഞാപ്പുവായി വേഷമിട്ടത്. അന്ന് ഒടുവിലിന് വേണ്ടി ചെത്തുകാരന്റെ സാമഗ്രികൾ അന്തിക്കാട് നിന്നാണ് കൊണ്ട് പോയത് . എന്റെ അയൽവാസിയായിരുന്ന ഷണ്മുഖന്റെ ഉപകരണങ്ങളായിരുന്നു അത്. ഷൺമുഖൻ പോലും പിന്നീട് ചെത്ത് ഉപേക്ഷിച്ച് ഗൾഫിൽ പോയി തിരിച്ചുവന്ന് ക്ഷീരകർഷകനായി മാറി. വിരലിലെണ്ണാവുന്ന ചെത്തുകാരേ ഈ പഞ്ചായത്തിൽ ഇപ്പോഴുള്ളൂവെന്ന് ഈയിടെ പറഞ്ഞത് അന്തിക്കാട്ടുകാരനായ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറാണ്.

‘നാടോടിക്കാറ്റി’ന്റെ രണ്ടാംഭാഗമായ ‘പട്ടണപ്രവേശ’ത്തിൽ സി.ഐ.ഡി. ദാസനും വിജയനും കുറ്റാന്വേഷണത്തിന്റെ ഭാഗമായി കുട നന്നാക്കുന്നവരായി വരുന്നുണ്ട്. ‘കുട നന്നാക്കാനുണ്ടോ’ എന്ന് വിളിച്ചുചോദിച്ചു നടക്കുന്ന മോഹൻലാലിനെയും ശ്രീനിവാസനെയും കെ.പി.എ.സി. ലളിത വീട്ടിൽ വിളിച്ചുകേറ്റുന്ന രംഗം ആ സിനിമ കണ്ടവർ മറക്കാനിടയില്ല. അക്കാലത്ത് നാട്ടിൽ അതൊരു സ്ഥിരം കാഴ്ചയായിരുന്നത് കൊണ്ടാണ് സ്വാഭാവികതയ്ക്ക് വേണ്ടി അത്തരമൊരു രംഗം സിനിമയിൽ ചേർത്തത്. ഇന്ന് ആ ഒരു വിഭാഗത്തിനെ നാട്ടിടവഴികളിൽ കാണാറേയില്ല. അതുപോലെ തന്നെയാണ് കല്ല് കൊത്താൻ നടക്കുന്നവരും. ചെറിയ ചെറിയ നാടോടി സംഘങ്ങൾ "കല്ലുകൊത്താനുണ്ടോ ? " എന്ന് വിളിച്ച് ചോദിച്ചു പോകുന്നത് പലപ്പോഴും കാണാമായിരുന്നു. കമലിന്റെ ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ’ കല്ലുകൊത്തുന്നവരുടെ കഥപറയുന്ന ചിത്രമാണ്. ഇന്ന് ആട്ടുകല്ലും അമ്മിക്കല്ലുമൊക്കെ പുരാവസ്തുക്കളായി മാറി. മിക്സിയും ഗ്രൈൻഡറും ഇല്ലാത്ത വീടുകൾ ഇല്ലെന്നായി. പിന്നെ കല്ലുകൊത്തുകാർക്കെന്തു പണി?

കക്ഷത്തൊരു ബാഗും ആ ബാഗുനിറയെ ജാതകക്കുറിപ്പുകളും യുവതീയുവാക്കളുടെ ഫോട്ടോകളുമായി നടക്കുന്ന കല്യാണ ബ്രോക്കർമാരെയും ഇപ്പോൾ കാണാനില്ലാതായി. ‘മനസ്സിനക്കരെ’യിൽ മാമുക്കോയയും ‘അച്ചുവിന്റെ അമ്മ’യിൽ കെ.പി.എ.സി. ലളിതയും കല്യാണബ്രോക്കർമാരാണ്. പുതിയൊരു സിനിമയിൽ അങ്ങനെയൊരു കഥാപാത്രത്തെപ്പറ്റി ആലോചിക്കാൻ പറ്റില്ല. മാട്രിമോണിയലുകളും കല്യാണ ഏജൻസികളുമൊക്കെ ആ രംഗം കീഴടക്കിക്കഴിഞ്ഞു. സ്വന്തം കല്യാണം സ്വയം അന്വേഷിക്കുന്ന ഒരു പെൺകുട്ടിയുടെ കഥ പറഞ്ഞുകൊണ്ടാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമ തുടങ്ങുന്നതുപോലും. അത് സംവിധാനംചെയ്ത അനൂപിനോട് ഞാൻ പറഞ്ഞു:

''നിനക്കൊരു വധുവിനെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഞാനൊരു പരസ്യം കൊടുക്കട്ടെ?''.

അവിവാഹിതനായ യുവസംവിധായകനായി ഞാൻ ഷൈൻ ചെയ്യുന്നതിന്റെ അസൂയയാണ് അച്ഛന് എന്നുപറഞ്ഞ് അവൻ മുങ്ങിക്കളഞ്ഞു. തമാശയല്ല. പണ്ടായിരുന്നെങ്കിൽ അവിവാഹിതനായ ഒരു മകനുണ്ടെന്നറിഞ്ഞാൽ പല പെൺകുട്ടികളുടെയും ആലോചനകളുമായി കല്യാണ ബ്രോക്കർമാർ ഇവിടെ കയറിയിറങ്ങിയേനെ. മാമുക്കോയയെപ്പോലെ ഒരു ചായപ്പീടികക്കാരനെയോ കുതിരവട്ടത്തെ പോലൊരു കാളവണ്ടിക്കാരനെയോ കണ്ടിട്ട് കാലമെത്രയായി!

ഇതൊന്നും ഒരു കുറ്റമായി പറയുന്നതല്ല. കാലം മാറുകയാണ്. പണ്ട് മാധവിക്കുട്ടി എഴുതിയ ഒരു ലേഖനം ഓർമ വരുന്നു. ഒരിക്കൽ പേരക്കുട്ടികളോട് മാധവിക്കുട്ടി പറഞ്ഞുവത്രെ: ‘‘നിങ്ങളെക്കുറിച്ചോർക്കുമ്പോൾ എനിക്ക് സങ്കടമുണ്ട്. ഞങ്ങളുടെ കുട്ടിക്കാലത്ത് എന്തുമാത്രം കളികളായിരുന്നു. ഓലപ്പന്തുകളിയും വേലിയിറമ്പിൽ നിന്ന് മഷിത്തണ്ട് പറിച്ചെടുത്ത് സ്ലേറ്റ് മായ്ക്കലും അപ്പൂപ്പൻതാടിയുടെ പിന്നാലെ ഓടിക്കളിക്കലും നാട്ടുചെടിയുടെ പശ ഊതി കുമിളകൾ പറപ്പിച്ചുകളിക്കലും - അതൊന്നും അനുഭവിക്കാൻ നിങ്ങൾക്ക് ഭാഗ്യമില്ലാതായല്ലോ?’’ കുട്ടികൾ പറഞ്ഞത്രെ: ‘‘അമ്മൂമ്മയുടെ കുട്ടിക്കാലമോർത്ത് ഞങ്ങൾക്കാണ് സങ്കടം, അന്ന് ഇന്റർനെറ്റില്ല. വീഡിയോ ഗെയിമില്ല. കംപ്യൂട്ടറില്ല-കഷ്ടം.’’

നമുക്ക് മറുപടിയില്ല. എങ്കിലും ഒരു നഷ്ടബോധമുണ്ട്. പ്രത്യേകിച്ചും പഴയ സിനിമകൾ കാണുമ്പോൾ. ഒരുപാട് നല്ല കഥാപാത്രങ്ങൾ ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. പിന്നെ ഒരാശ്വാസമുള്ളത് ആ സിനിമകൾ ഇന്നത്തെ തലമുറയും ആസ്വദിക്കുന്നു എന്നുള്ളതാണ്. അന്നു ജനിച്ചിട്ടില്ലാത്തവർ പോലും തട്ടാനിലെ ‘പശുവിനെ കളഞ്ഞ പാപ്പി’യെക്കണ്ട് കൈയടിക്കുന്നു. ‘‘പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്’’ എന്നു പറയുന്നു. ‘‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം’’ എന്നു പറഞ്ഞു പൊട്ടിച്ചിരിക്കുന്നു. ‘‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’’ എന്ന് സമാധാനിക്കാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...