ബിഗ്ബിയോടുള്ള ബഹുമാനം പോയെന്ന് യുവ‌തി; നേരിട്ട് മറുപടി പറഞ്ഞ് ബച്ചൻ

Amitabh Bachchan
അമിതാഭ് ബച്ചൻ (ഫയൽ ചിത്രം)
SHARE

കോവിഡ് മുക്തനായി കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം അമിതാ‌ബ് ബച്ചൻ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയത്.  തിരികെയെത്തിയ ഉടൻ ആശുപത്രി ജീവനക്കാരുടെ മികച്ച കരുതലിനെ പ്രശംസിച്ച്, സമൂഹമാധ്യമങ്ങളിലൂടെ ബച്ചൻ നന്ദി അറിയിച്ചിരുന്നു. പോസ്റ്റിനു താഴെ താരത്തെ വിമർശിച്ചുകൊണ്ട് ഒരു യുവതി രംഗത്തെത്തുകയും ചെയ്തു. 

ഇതേ ആശുപത്രിയിൽ നിന്ന് തന്‍റെ പിതാവിന് തെറ്റായ കോവിഡ് പരിശോധന ഫലമാണ്  ലഭിച്ചതെന്നും 80–കാരനായ അദ്ദേഹത്തെ കോവിഡ് വാർഡിൽ ചികിത്സയ്ക്കായി കിടത്തിയെന്നുമാണ് യുവതിയുടെ ആരോപണം. മനുഷ്യജീവനേക്കാൾ പണത്തിനാണ് അവിടെ പ്രധാന്യമെന്നും യുവതി ചൂണ്ടിക്കാട്ടി. നിങ്ങളോടുള്ള എല്ലാ ബഹുമാനവും നഷ്ടമായെന്നും അമിതാഭ് ബച്ചന്‍റെ പോസ്റ്റിന് യുവതി കുറിച്ചു

യുവതിക്ക് മറുപടിയുമായി ബച്ചൻ തന്നെ രംഗത്തെത്തി. താൻ ഒരു ആശുപത്രിയെയും ഉയർത്തിക്കാട്ടുന്നില്ലെന്നും അവർ തനിക്ക് നൽകിയ മികച്ച കരുതലിന് നന്ദി അറിയിക്കുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞ താരം യുവതിയുടെ അച്ഛന്‍റെ കാര്യത്തിൽ ദു:ഖമുണ്ടെന്നും കുറിച്ചു. ‘നിങ്ങൾക്ക് എന്നോടുള്ള ആദരവ് നഷ്ടമായിക്കാണും. പക്ഷെ നമ്മുടെ രാജ്യത്തെ ഡോക്ടർമാരോടുള്ള എന്‍റെ ആദരവിന് കുറവ് ഉണ്ടാകില്ല’, ബച്ചൻ കുറിച്ചു. തന്‍റെ ആദരവും ഉത്തരവാദിത്തവും സംബന്ധിച്ച് നിങ്ങളുടെ വിലയിരുത്തലിന്‍റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...