പണി പാളിയില്ല; ഒരു കോടി ആളുകൾ ഹാപ്പി; ഇനിയും പാട്ടെത്തും; നീരജ് പറയുന്നു

neeraj19
SHARE

കോവിഡും ലോക്ഡൗണുമൊക്കെ ആയി ഒരു ഉഷാറില്ലാതെ ഇരിക്കുന്നതിനിടയിലാണ് നടൻ നീരജ് മാധവ് ' പണി പാളി' റാപ്പ് സോങ്ങുമായി എത്തുന്നത്. വെറും മൂന്നേ മൂന്നാഴ്ച കൊണ്ട് ഒരു കോടിയിലേറെ ആളുകൾ പാട്ട് കണ്ടു. കൂടെപ്പാടി, ചുവടു വച്ചു. അതിൽ പല പ്രായത്തിലുമുള്ളവർ ഉണ്ടായിരുന്നു. ഒരിക്കൽ കേട്ടവരുടെയെല്ലാം വായിൽ 'ആയ​യോ.. പണി പാളീലോ' തത്തിക്കളിച്ചു. പാട്ട് ഇത്രയധികം പേരെ സന്തോഷത്തിലാക്കിയതിൽ താനും ഹാപ്പിയാണെന്ന് നീരജ്  പറയുന്നു.

കോവിഡ് കാലത്തെ വലിയ സന്തോഷം

മൂന്നാഴ്ച കൊണ്ടാണ് ഒരു കോടി ആളുകൾ പാട്ട് കണ്ടത്.  ഇത്രയധികം ആളുകൾ ഏറ്റുപാടുന്നു ഡാൻസ് ചെയ്യുന്നു. അത് വലിയ സന്തോഷമുള്ള കാര്യമാണ്. വൈറലാക്കാൻ വേണ്ടി ചെയ്തതേയല്ല. എല്ലാവരും പിരിമുറുക്കത്തിൽ ഇരിക്കുന്ന സമയത്ത് പാട്ടിലൂടെ സന്തോഷം കൊടുക്കാൻ പറ്റിയെന്നത് സംതൃപ്തി നൽകിയ, മനസ് നിറയ്ക്കുന്ന കാര്യമാണ്.  പണി പാളി ചലഞ്ച് സ്വീകരിച്ച് ആരോഗ്യ പ്രവർത്തകൻ പിപിഇ  കിറ്റ് ധരിച്ചും, ഗർഭിണിയായ സ്ത്രീയും, ശാരീരിക പരിമിതികൾ നേരിടുന്നവരുമൊക്കെ പാട്ടിനൊപ്പം ചുവടുവച്ചു. കല്യാണ വേഷം മാറ്റാതെ വരെ പണിപാളിക്ക് വിഡിയോ ഉണ്ടായി. ഇത്രയധികം പേരെ സന്തോഷിപ്പിക്കാൻ സാധിച്ചുവെന്നതാണ് പാട്ടിന്റെ നേട്ടം.

ഹിപ്ഹോപ് എന്റെ ഫേവറിറ്റ്

ഹിപ്ഹോപ് അല്ലെങ്കിൽ റാപ്പ് വിഭാഗത്തിൽ പെടുന്ന പാട്ടുകൾ നമ്മുടെ നാട്ടിൽ അത്ര പരിചിതമല്ല. അത് കൂടുതൽ ആളുകളിലേക്ക് എത്തണമെന്ന് കരുതിയാണ് തിരഞ്ഞെടുത്തത്. എനിക്ക് വ്യക്തിപരമായി വളരെ ഇഷ്ടമുള്ള സംഗീതം കൂടിയാണ് ഹിപ്ഹോപ്. ലോക്ഡൗണൊക്കെ ആയപ്പോൾ കൂടുതൽ സമയം കിട്ടി. അപ്പോൾ എഴുതി നോക്കാൻ ഒരു ശ്രമം നടത്തി. 'കഥ കേൾക്ക്' എന്ന മിക്സ് അങ്ങനെയാണ് പുറത്തിറക്കിയത്. ജംഗിൾ സ്പീക്ക്സ് ആയിരുന്നു സ്വന്തമായി ചെയ്ത ആദ്യ ഹിപ്ഹോപ് വിഡിയോ. പടയപ്പയും സുപ്രനുമെല്ലാം അതിൽ കഥാപാത്രങ്ങളായി. അപ്പോൾ കുറച്ച് കൂടെ ലളിതമായ  പാട്ടുണ്ടാക്കാമെന്ന് തീരുമാനിച്ചു. ആളുകൾക്ക് കുറച്ച് കൂടി റിലേറ്റ് ചെയ്യാൻ സാധിച്ചാൽ ഹിപ്ഹോപ് അത്രയധികം ജനങ്ങളിലേക്ക് എത്തിക്കാനാവുമെന്ന് കരുതി. അങ്ങനെയാണ് പണി പാളി എഴുതിയതും വിഡിയോ ചെയ്തതും.

ഒടിടിയിൽ നിന്ന് മാറി നിൽക്കേണ്ട

അവരവരുടെ സിനിമ എവിടെ കാണിക്കണമെന്നത് ഓരോരുത്തരുടെ ഇഷ്ടങ്ങളാണ്. ഒടിടിക്ക് വേണ്ടി മാത്രം സിനിമയും സീരിസും ഉണ്ടാകുന്ന കാലമാണ്. പക്ഷേ തിയേറ്റർ അനുഭവം മറ്റൊന്ന് തന്നെയാണ്. അതൊരു വലിയ വ്യവസായമാണ് അതിന് പിന്നിൽ ഒരുപാട് പേരുടെ അധ്വാനം ഉണ്ട്. ഒടിടി റിലീസുകളിൽ നിന്ന് മാറി നിൽക്കുകയോ ചെയ്യുന്നവരെ എതിർക്കുകയോ വേണ്ട. എന്നിരുന്നാലും സിനിമ എങ്ങനെ സ്ക്രീൻ ചെയ്യണമെന്നത് തികച്ചും വ്യക്തിപരമായ ഇഷ്ടമാണ്.

അഭിനയമാണ് വഴി

അഭിനയമാണ് എന്റെ വഴി. അത്രയും ഗൗരവത്തോടെയാണ് അതിനെ സമീപിക്കുന്നതും. അതേസമയം മനസിന് സന്തോഷം തരുന്ന കാര്യമെന്ന നിലയിൽ താത്പര്യത്തോടെ പാഷനേറ്റായി ചെയ്യുന്നതാണ് നൃത്തം. കരിയറെന്ന നിലയിൽ നൃത്തത്തെ ഞാൻ കണ്ടിട്ടില്ല. ലോക്ഡൗണിൽ ഇരുന്ന് പുതിയ പാട്ടുകള്‍ തയ്യാറാക്കുകയാണ്. വൈകാതെ റിലീസ് ചെയ്യും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...