ഭാര്യ ഞെട്ടിയില്ല, പക്ഷേ ഞാൻ ഞെട്ടി; ആ സൈക്കോ ആയത് ഇങ്ങനെ: ഇന്ദ്രന്‍സ്

indrans-anjaam-pathiraaa
SHARE

മെലിഞ്ഞുനീണ്ടൊരാൾ അനേക വർഷം കാണികളെ ചിരിപ്പിച്ചുകൊണ്ടേയിരുന്നപ്പോൾ ഹാസ്യമാണ് അയാളുടെ മേഖലയെന്ന് പലരും ധരിച്ചു. പിന്നീട് അതേ രൂപം അയാളുടെ നിസംഗഭാവം കൊണ്ട് കാണികളെ കരയിച്ചു. ഇന്ന്, അയാളും പ്രേക്ഷകരും ഒട്ടും വിചാരിക്കാത്ത നേരം ഒരു വില്ലനായി. ചിരിക്കുന്ന വില്ലന്‍. പതിവു വില്ലന്‍മാരെപ്പോലെ പ്രതികാരമോ പകയോ ആല്ല, ഓരോ കൊലപാതകവും തരുന്ന ലഹരിയുടെ സുഖമാണ് ഇന്ദ്രൻസ് 'അഞ്ചാം പാതിര'യിലെ റിപ്പർ രവിയെന്ന സീരിയൽ കില്ലറുടെ റോളിൽ അവതരിപ്പിച്ചത്.  കരിയറിൽ തുന്നിച്ചേർത്ത പുതുവേഷത്തെക്കുറിച്ച് ഇന്ദ്രൻസ് മനോരമ ന്യൂസ്.കോമിനോട് സംസാരിക്കുന്നു.

റിപ്പർ രവിയെന്ന സൈക്കോ വില്ലൻ

സാഹചര്യങ്ങൾ കൊണ്ട് കൊലപാതകിയായ ആളാണ് റിപ്പർ രവി. ചുറ്റുമാടുമുണ്ടായിരുന്ന പലരും അതിന് ഉത്തരവാദികളാണ്. ഇന്ന് നാട്ടില്‍ നടക്കുന്ന പല സംഭവങ്ങളും അങ്ങനെ തന്നെയാണ്. സാഹചര്യങ്ങളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത്. കുട്ടികളോട് സംസാരിക്കുമ്പോഴൊക്കെ നമ്മള്‍ വലിയ ജാഗ്രത കാണിക്കേണ്ടതുണ്ട്.

മിഥുന്റെ സിനിമ എന്ന ആത്മവിശ്വാസം

ഇത് ഒരു അസുഖമാണെന്ന് സംവിധായകന്‍ ധരിപ്പിച്ചതുകൊണ്ട് വില്ലനാണെന്നൊന്നും തോന്നിയില്ല. ആട് മുതല്‍ തന്നെ എനിക്ക് വ്യത്യസ്മായ വേഷങ്ങള്‍ തന്ന സംവിധായകനാണ് മിഥുന്‍. ആ ആത്മവിശ്വാസമാണ് ഈ കഥാപാത്രം അവതരിപ്പിക്കാന്‍ കാരണം.

റിപ്പര്‍ രവിയാകാന്‍ വലിയ തയ്യാറെടുപ്പുകളൊന്നും നടത്തിയിരുന്നില്ല. ചിരിക്കുന്ന, സൈക്കോ വില്ലനെയാണ് അവതരിപ്പിക്കേണ്ടിയിരുന്നത്. വില്ലത്തരം അല്‍പം കൂടി മികച്ചതാക്കാമെന്നാണ് സിനിമ കണ്ടതിനു ശേഷം എനിക്കു തോന്നിയത്. കൊലപാതകങ്ങള്‍ നടത്തുമ്പോള്‍ അയാള്‍ക്ക് ലഭിക്കുന്ന ആനന്ദമൊക്കെ കുറച്ചുകൂടി മുഖത്ത് കൊണ്ടുവരാമായിരുന്നു. പക്ഷേ, പ്രേക്ഷകരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

സിനിമ കാണാന്‍ വൈകി

സിനിമ റിലീസ് ആയി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് കാണുന്നത്. സംവിധായകന്‍ മിഥുന്‍ വിളിച്ച്, സിനിമ കണ്ടോ എന്ന് ചോദിച്ചു. ഇല്ല എന്നു പറഞ്ഞു. ഇനി സിനിമ കാണാതെ തന്നെ വിളിക്കണ്ട, മിണ്ടില്ല എന്നു പറഞ്ഞാണ് മിഥുന്‍ വെച്ചത്. അങ്ങനെ കുടുംബത്തോടൊപ്പം പോയി ചിത്രം കണ്ടു.

ഭാര്യ ഞെട്ടിയില്ല, പക്ഷേ ഞാൻ ഞെട്ടി

ഭാര്യക്കും മക്കള്‍ക്കും ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് ഞാന്‍ തന്നെ പറഞ്ഞ് ഏകദേശധാരണ ഉണ്ടായിരുന്നു. അതുകൊണ്ട് അവര്‍ക്ക് വലിയ ഞെട്ടല്‍ ഉണ്ടായിരുന്നില്ല. സത്യത്തില്‍ റിപ്പര്‍ രവിയെ കണ്ട് ഞാനാണ് ഞെട്ടിയത്.

ചിരി തന്നെ മുഖ്യ ആയുധം

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ഏതൊരു അഭിനേതാവിനെപ്പോലെയും മോഹമുണ്ടായിരുന്നു. പക്ഷേ ഇനിയും മുഴുനീള ഹാസ്യകഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്. എങ്കിലേ ഒരു ഉന്‍മേഷമുള്ളൂ. അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...