മമ്മൂക്കയെ കാണാന്‍ കൊതിച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി; തണ്ണീര്‍മത്തനിലെ 'റിച്ച് ബുജി'

naslen-thanneer-mathan-dinangal-manorama
SHARE

എന്റെ അച്ഛന്‍ റിച്ചാ എന്ന് മകന്‍... ബുദ്ധിയാണ് മോന്റെ പ്രധാന സംഭവമെന്ന് അമ്മ... തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ ആദ്യം മുതലേ ചിരിപ്പിച്ച് കൂടെക്കൂടിയതാണ് ഈ പയ്യന്‍. ഒന്ന് വഴുതിപ്പോയാല്‍ പാളിപ്പോകാവുന്ന സ്വാഭാവിക നര്‍മങ്ങളെ കയ്യൊതുക്കത്തോടെ അവതരിപ്പിച്ചാണ് നസ്‍ലിന്‍ എന്ന പുതുമുഖം കയ്യടി നേടുന്നത്. കൗണ്ടര്‍ ഡയലോഗുകളിലൂടെയും ആംഗ്യഭാഷയിലൂടെയും ചിരി നിറച്ച റീല്‍ ലൈഫിലെ ഹ്യുമാനിറ്റീസുകാരന്‍ റിയല്‍ ലൈഫില്‍ പക്ഷേ ബിടെക്കുകാരനാണ്.

ബിടെക്കുകാരനോ, ഈ പയ്യനോ?

''ഈ ചോദ്യം പലരും ചോദിച്ചിട്ടുണ്ട്, പല വട്ടം. പ്ലസ് ടു കഴിഞ്ഞ് ബിടെക്കിനാണ് ചേര്‍ന്നത്. ബിടെക്ക് പറ്റില്ലെന്നു മനസിലായപ്പോള്‍ രണ്ടു വര്‍ഷത്തിനു ശേഷം പഠനം നിര്‍ത്തിയിരിക്കുകയാണ്. ഇനി ഡിഗ്രിക്കു ചേരണം. സിനിമയില്‍ പറയുന്നതു പോലെ ബുദ്ധി ഒരു മെയിന്‍ സംഭവം അല്ല. ഞാനൊരു ആവറേജ് വിദ്യാര്‍ഥി ആണ്''. 

കട്ട മമ്മൂക്ക ഫാന്‍

''സിനിമകള്‍ ജീവനാണ്, മമ്മൂക്കയും. ചെറുപ്പം മുതലേ ബാപ്പ സിനിമകള്‍ കാണാന്‍ കൊണ്ടുപോകുമായിരുന്നു. മമ്മൂക്കയെ ഒന്നു കാണണം എന്ന അതിയായ ആഗ്രഹത്തിന്റെ പുറത്താണ് മധുരരാജയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പോയത്. 600 പേരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. പക്ഷേ, മമ്മൂക്കയെ കണ്ടു, ആഗ്രഹം സാധിച്ചു. പക്ഷേ, തണ്ണീര്‍മത്തനു മുന്‍പ് ഒരു ഷോര്‍ട് ഫിലിമില്‍ പോലും മുഖം കാണിച്ചിട്ടില്ല. സ്കൂളിലോ കോളജിലോ അഭിനയവുമായി ബന്ധപ്പെട്ട യാതൊന്നും ചെയ്തിട്ടില്ല. കോളജിലെ സുഹൃത്തുക്കള്‍ വഴിയാണ് ഓഡിഷനെക്കുറിച്ചറിഞ്ഞത്''. 

സാര്‍ അല്ല, ചേട്ടന്‍

''വിനീതേട്ടാ എന്നു തന്നെയാണ് ഞങ്ങള്‍ വിളിച്ചിരുന്നത്. അടിപൊളിയായിരുന്നു. ചേട്ടന്‍ ഇടക്ക് ഓരോ കഥകള്‍ പറയും, പാട്ട് പാടും, ഡാന്‍സ് ചെയ്യും. സംവിധായകന്‍ ഗിരീഷേട്ടനും തിരക്കഥാകൃത്ത് ഡീന്‍ ചേട്ടനും അങ്ങനെ തന്നെ. തിരക്കഥയില്‍ ഇല്ലാത്ത ഒരുപാട് കോമഡികളും ഡയലോഗുകളും ചിത്രത്തിലുണ്ട്. അതൊക്കെ ആ ഒരു മൊമന്റില്‍ അവര്‍ക്കു തോന്നുന്നതാണ്. ഗിരീഷേട്ടന്‍ വളരെ സിംപിള്‍ ആയാണ് കാര്യങ്ങള്‍ പറഞ്ഞുതരിക. നിര്‍മാതാക്കളായ ജോമോന്‍ ചേട്ടനും ഷമീര്‍ ഇക്കയും തന്ന പിന്തുണയും എടുത്തുപറയേണ്ടതാണ്''.

ആദ്യം മടിച്ചുനിന്ന മാത്യുവും അനശ്വരയും

''കൊച്ചിയിലും പരിസരങ്ങളിലുമൊക്കെ ഉള്ളവരാണ് സ്കൂള്‍ സുഹൃത്തുക്കളായി അഭിനയിച്ചത്. മാത്യു ക്യാംപില്‍ ചേരുന്നത് കുറച്ചു ദിവസങ്ങള്‍ക്കു ശേഷമാണ്. ആദ്യമൊക്കെ അവനു മിണ്ടാന്‍ നാണമോ മടിയോ ഒക്കെ ആയിരുന്നു. പിന്നെ അങ്ങ് സെറ്റ് ആയി. കളിയും ചിരിയും പാട്ടു പോലെ ഞങ്ങള്‍ സ്കൂള്‍ ലൈഫിലേക്കാള്‍ വലിയ സുഹൃത്തുക്കളായി. ആ സൗഹൃദമാണ് സിനിമയിലും പ്രതിഫലിച്ചത്.

thanneermathan-team

അനശ്വരക്കും ആദ്യം മിണ്ടാന്‍ മടിയുണ്ടായിരുന്നു. ഷൂട്ട് തുടങ്ങിയതിനു ശേഷമാണ് എത്തിയത്. പിന്നെ ഇങ്ങോട്ട് വന്ന് സംസാരിക്കാന്‍ തുടങ്ങിയിട്ട് പിന്നെ നിര്‍ത്തിയില്ല, കലപില വര്‍ത്തമാനം ആയിരുന്നു''. 

ഇതെന്റെയും കഥ

''കഥ കേട്ടപ്പോള്‍ കൊള്ളാലോ ഇങ്ങനൊക്കെ ഞാനും ചെയ്തിട്ടുണ്ടല്ലോ, എന്റെ കഥയാണല്ലോ എന്നാണ് തോന്നിയത്. ചെറിയ ചെറിയ കുസൃതികളൊക്കെ ഞാനും ഒപ്പിച്ചിട്ടുണ്ട്, ക്ലാസ് കട്ട് ചെയ്തിട്ടുണ്ട്. ഇന്റര്‍വെല്ലിന് പുറത്ത് പെട്ടിക്കടയിലൊക്കെ പോയിട്ടുണ്ട്. ചെറിയ സസ്പെന്‍ഷനൊക്കെ കിട്ടിയിട്ടുണ്ട്''.  

തണ്ണീര്‍മത്തന്‍ തന്ന സന്തോഷം ആസ്വദിക്കുകയാണ് നസ്‍ലിന്‍. ബാപ്പയുടെ പ്രായമുള്ളവരൊക്കെ വന്ന് നന്നായെന്നു പറഞ്ഞെന്ന് നിഷ്കളങ്ക സ്വരത്തില്‍ പറയുന്നു ഈ കൊടുങ്ങല്ലൂര്‍ക്കാരൻ. സിനിമ തന്നെയാണ് സ്വപ്നം... സിനിമ തന്നെയാണ് ജീവനും....

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...