‘മോഹൻലാലിനെ ‘ഭീഷ്മരാ’ക്കാന്‍ അച്ഛൻ ആഗ്രഹിച്ചു’; ലോഹിയുടെ മകന് പറയാനുള്ളത്

lohithdas-mohanlal-webplus
SHARE

‘ചോക്ക് മലയിലിരിക്കുന്നവൻ ഒരു ചോക്ക് കഷണം അന്വേഷിച്ചുപോയ കഥയുണ്ട്. കയ്യിലിരിക്കുന്നത് കാണാതെ കിട്ടാത്തിന്റെ പിന്നാലെ പോയാൽ അത് അകന്നു പോകത്തേയുള്ളൂ. സമയമാകുമ്പോൾ വരേണ്ടത് വന്നിരിക്കും..’ ജീവിതത്തെ കുറിച്ച് ലോഹിതദാസ് തന്നെ സ്വന്തം ശബ്ദത്തിൽ വെള്ളിത്തിരയിൽ പറഞ്ഞ വാക്കുകളാണിത്. ഇന്ന് മലയാളിക്ക് മുന്നിൽ ഒരു തുടക്കകാരന്റെ എല്ലാ പരിഭ്രമത്തോടും കൂടി നിൽക്കുകയാണ് അദ്ദേഹത്തിന്റെ മക്കളുടെ ഒരു ചെറിയ സ്വപ്നം. ലോഹിതദാസിന് പകരക്കാരനാവാനല്ല ഇത്. മറിച്ച് ആ പേരിൽ ഒരു സ്വപ്നം വേണമെന്ന മോഹമാണ് ലോഹിതദാസ് പ്രൊഡക്ഷൻസ് എന്ന ചിന്തയിലേക്ക് മക്കളെ എത്തിക്കുന്നത്. ഒറ്റവാക്കിൽ പറയാനാവില്ല ഇൗ തുടക്കത്തെ കുറിച്ച്. മലയാളിക്ക് എന്നും ഒാർക്കാൻ ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച ലോഹിതദാസിന്റെ ഇളയമകൻ വിജയ് ശങ്കർ മനോരമ ന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു.

അച്ഛൻ തോറ്റിടത്ത് നിന്നോ ജയിച്ചിടത്ത് നിന്നോ തുടങ്ങാനല്ല ഇൗ ഒരുക്കം. അച്ഛന്റെ പേരിൽ ഒരു സംരംഭം. അത്ര മാത്രമാണിത്. ഒരുപാട് പേർ വിളിക്കുന്നുണ്ട്. ഇതൊരു സിനിമാ നിർമാണകമ്പിയാണെന്ന് കരുതി. എന്നാൽ ഇത് സിനിമയുടെ അനിയൻമാരുടെ കമ്പനിയാണ്. ക്യാമറയ്ക്ക് പിന്നില്‍ നിന്ന് ചെയ്യുന്ന എന്തുമാകട്ടെ അതിന്റെ മൂല്യങ്ങള്‍ കൈവിടാതെ ഭംഗിയായി നിറവേറ്റാന്‍ കഴിയും എന്ന പ്രതീക്ഷയോടെ തുടക്കമിട്ടതാണ് ലോഹിതദാസ് പ്രൊഡക്ഷൻസ്. പരസ്യ ചിത്രങ്ങൾ, ഹ്രസ്വ ചിത്രങ്ങൾ, ഡോക്യുമെന്ററികൾ, കോർപ്പറേറ്റ് വിഡിയോ തുടങ്ങിയ കാര്യങ്ങളാണ് ഇതിലൂടെ ആദ്യമായി ലക്ഷ്യമിടുന്നത്. ചെറിയ തുടക്കമാണ് അച്ഛനെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ സഹകരണം ഉണ്ടാകുമെന്ന് പ്രതീക്ഷയാണ് ആദ്യമൂലധനം. ചേട്ടനും ഞാനും ചേർന്നുള്ള ഒരു തുടക്കം കൂടിയാണിത്. അച്ഛൻ പറയാറുള്ളത് പോലെ. സമയമാകുമ്പോൾ എല്ലാം ശരിയാകും. 

lohi-sir-family

ഭീഷ്മർ എന്ന അദ്ദേഹത്തിന്റെ വലിയ സ്വപ്നം മകൻ പൂർത്തീകരിക്കുമോ?

അച്ഛൻ പോയിട്ട് പത്തുവർഷമാകുന്നു. എല്ലാ ചരമവാർഷികത്തിനും ഞാൻ കേൾക്കുന്ന ചോദ്യമാണിത്. അച്ഛൻ മോഹൻലാലിനെ വച്ച് ചെയ്യണം എന്ന് വിചാരിച്ച സിനിമയാണ് ഭീഷ്മർ. അതിന്റെ എഴുത്തിലേക്ക് അച്ഛൻ കടക്കുകയും ചെയ്തിരുന്നു. ഒരു അഞ്ചുസീനുകൾ അദ്ദേഹം എഴുതിയിരുന്നു. എന്നാൽ അതിൽ നിന്നും അച്ഛന്റെ മനസിലുള്ള കഥ എന്തായിരുന്നെന്ന് അറിയാൻ കഴിയുന്നില്ല. അച്ഛൻ എല്ലായിപ്പോഴും അങ്ങനെയാണ് എഴുതാനിരുന്നാൽ ഒാരോ നിമിഷവും മാറ്റങ്ങളുണ്ടാകും. ഭീഷ്മർ അച്ഛന്റെ മനസിലായിരുന്നു. പേപ്പറിലാക്കിയിട്ടില്ല. ലോഹിതദാസ് എഴുതി പകുതിയാക്കിയത് പൂർത്തിയാക്കാൻ മാത്രം മകനാണെന്നുള്ളത് മാത്രമല്ല യോഗ്യത. അച്ഛൻ നിർമാണത്തില്‍ വീഴ്ച സംഭവിച്ച ആളാണ്. ആ വീഴ്ചയെ ശരിയാക്കാനല്ല ലോഹിതദാസ് പ്രൊഡക്ഷൻ. ഇത് ഞങ്ങളുടെ ഒരു തുടക്കമാണ്. ഒപ്പമുണ്ടാകണം. വിജയ് പറഞ്ഞു.  

അമരാവതിയുടെ പൂമുഖത്തിരുന്ന് മഴയെ കണ്ട് മഴയെ സ്നേഹിച്ച ലോഹിതദാസ് മണ്ണിനൊപ്പം ചേർന്നിട്ട് പത്തുവർഷത്തിലേക്ക് അടുക്കുകയാണ്. അദ്ദേഹത്തിനായി സ്മാരകം എന്ന വാഗ്ദാനങ്ങളടക്കം ഇതുവരെ പൂർത്തിയായിട്ടില്ല. തനിയാവർത്തനത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങറിയ ലോഹിതദാസ് ഭൂതക്കണ്ണാടിയിലൂടെയാണ് സംവിധായകനാകുന്നത്. പിന്നീട് എഴുത്തിലും സംവിധാനത്തിലും മലയാളി എക്കാലവും ഒാർക്കുന്ന ചിത്രങ്ങൾ സമ്മാനിച്ചാണ് അദ്ദേഹം വിടവാങ്ങിയത്. പാരമ്പര്യം അവകാശപ്പെടാതെ അച്ഛനെ പോലെ സ്വന്തം നിലയ്ക്ക് വളരുകയാണ് മക്കളായ ഹരികൃഷണനും വിജയ് ശങ്കറും. വിജയ് എഴുത്തിന്റെ മേഖലയിൽ മുന്നേറുമ്പോൾ ഹരികൃഷ്ണൻ ക്യാമറാമാനായി കാഴ്ചകളുടെ പുതിയ തലം തേടുകയാണ്. ഇൗ സ്വപ്നങ്ങളുടെ ആകെ തുകയാണ് ലോഹിതദാസ് പ്രൊഡക്ഷൻസ്.

ഫെയ്സ്ബുക്ക് പേജിൽ ഇന്നലെ പങ്കിട്ട കുറിപ്പ്: 

പ്രിയ സുഹൃത്തുക്കളെ,

വീണ്ടുമൊരു മഴക്കാലം വരവായ്. അസാന്നിദ്ധ്യത്തിന്റ ഒരു ദശാബ്ദം. ഈ കഴിഞ്ഞ കാലയളവില്‍ വേരിലേയ്ക്ക് ആഴ്ന്നിറങ്ങിയ ഒരു ആഗ്രഹമാണ് അച്ഛന്റെ പേരിലൊരു പ്രൊഡക്ഷന്‍ ഹൗസ്. ചിലരെങ്കിലും ഒരു പക്ഷെ ശ്രദ്ധിച്ചുകാണും ഞങ്ങള്‍ ചെയ്ത ചില വര്‍ക്കുകളില്‍ 'ലോഹിതദാസ് പ്രൊഡക്ഷന്‍സ് ' എന്ന പേര്. ഇന്ന് ഞങ്ങള്‍ ആ സ്വപ്നം കുറേക്കൂടെ ഗൗരവമായി എടുക്കാനും അതിനു പിന്നില്‍ നിന്ന് സജ്ജരായി പ്രവര്‍ത്തിയ്ക്കാനും ഉള്ള ഊര്‍ജ്ജവും ധൈര്യവും പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെ ചുമലിലേറ്റുന്നു. TVC, PSA, Documentaries, Corporate Videos അങ്ങനെ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് ചെയ്യുന്ന എന്തുമാകട്ടെ, മൂല്യങ്ങള്‍ കൈവിടാതെ അത് ഭംഗിയായി നിറവേറ്റാന്‍ കഴിയും എന്ന പ്രതീക്ഷയോടെ ഒരു ചുവട് മുന്നോട്ട് വയ്ക്കുന്നു. മുന്നോട്ടുള്ള ഓരോ ചുവടിലും എല്ലാവരുടെയും സ്നേഹവും പ്രാര്‍ത്ഥനയും അനുഗ്രഹവും കൂടെയുണ്ടാവുമെന്നുള്ള പ്രതീക്ഷയില്‍ ഞങ്ങള്‍ യാത്ര തുടങ്ങുകയാണ്. ആദ്യ പടിയായി ലോഹിതദാസ് പ്രൊഡക്ഷന്‍സിന്റെ പേജ് ഇന്ന് തുടങ്ങുന്നു.

നന്ദി

MORE IN ENTERTAINMENT
SHOW MORE