കൊച്ചുണ്ണിയെ രക്ഷിക്കുന്ന ഇത്തിക്കര പക്കിയുടെ ഇൻട്രോ സീന്‍ കഥ

mohanlal
SHARE

കായംകൊച്ചുണ്ണിയിൽ അൽപനേരത്തേക്കു മാത്രമെത്തുന്ന ഇത്തിക്കരപക്കിയെന്ന കഥാപാത്രം കയ്യടി നേടുമെന്നുറപ്പ്, ഒരു പക്ഷെ നായകനാക്കാളേറെ. കാരണം ആ ഗെറ്റപ്പ് തന്നെ. മോഹൻലാൽ അവതരിപ്പിക്കുന്ന  ഇത്തിക്കരപക്കിയുടെ ലൊക്കേഷൻ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. അതോടൊപ്പം കൊച്ചുണ്ണിയെ രക്ഷിക്കാന്‍ എത്തുന്ന ഇത്തിക്കര പക്കിയുടെ ഇൻട്രോ സീന്‍ കഥയും തരംഗമാകുകയാണ്. 

ആ കഥ ഇങ്ങനെ

ഇത്തിക്കരയാറിന്റെ തീരത്തു കിടന്ന് കൊച്ചുണ്ണി കിതച്ചു...കടവായിൽ നിന്നു കിനിഞ്ഞിറങ്ങിയ ചോരയിൽ കിതപ്പിന്റെ ഉപ്പു കലർന്നിരുന്നു.

വലത്തേ തോളിന്റെ തൊലി പൊട്ടിച്ചാഴ്ന്നിറങ്ങിയ തിരയുടെ ചൂടും വിങ്ങലും ഇനിയും അടങ്ങിയിട്ടില്ല.ഇനിയൊരു ചുവടു കൂടി മുന്നോട്ടു വയ്ക്കാൻ ആകുമെന്ന് തോന്നുന്നില്ല,മനസ്സിലിനിയും പോരാട്ടത്തിന്റെ കനലുകൾ ബാക്കിയാണ്. പക്ഷെ ശരീരം മുന്നോട്ടുള്ള കുതിപ്പിനൊരു തടസ്സമാകുന്നു.

ഒരു പകലും രാത്രിയും നീണ്ട പോരാട്ടമായിരുന്നു,ഒളിഞ്ഞും തെളിഞ്ഞും നന്നായി പൊരുതി,കൂടെ നിന്നവരോരുത്തരായി വീണപ്പോഴും കൊച്ചുണ്ണി വീണില്ല.അലറി ആർത്തെത്തിയ ഇരട്ടക്കുഴലിൻ തിരകൾ ഓരോന്നിനെയും അവൻ ധീരമായി നേരിട്ടു.പ്രതിസന്ധിയിലും തളരാതെ മുന്നോട്ടു നയിച്ചത് നേരിന്റെ നെഞ്ചുറപ്പു തന്നെയായിരുന്നു. പിറന്ന നാടിനോടും മനുഷ്യത്വത്തോടും ഉള്ള സത്യമായിരുന്നു.

ബ്രിട്ടീഷ് പോലീസിന്റെ ബൂട്ടിനിടയിൽ ഞെരിഞ്ഞമർന്നപ്പോളും,ഏമാന്റെ ഇരട്ടക്കുഴലിന് മുന്നിൽ നെഞ്ച് വിരിച്ചപ്പോളുമൊന്നും ഇത്രമേൽ തളർന്നിട്ടില്ല. പക്ഷെ ഇന്നിപ്പോൾ ഈ ഇത്തിക്കരയാറിന്റെ തീരത്തു പലതും ബാക്കിയാക്കി പോകണമല്ലോ എന്നോർത്തിട്ടാകണം കനൽ കത്തിയ കണ്ണുകളിൽ ആദ്യമായി കണ്ണുനീരിന്റെ നനവ് പടർന്നിട്ടുണ്ട്.

"ബോധം മറയുന്നത് പോലെയുണ്ട്,നിലാവിന്റെ തെളിമയിൽ ചോരയുടെ നിഴലാട്ടം ഞാൻ കാണുന്നുണ്ട്.വറ്റിയ തൊണ്ടക്കുഴിയിൽ ദൈന്യതയുടെ ഉപ്പുചോര തികട്ടുന്നുണ്ട്. എന്റുമ്മാ അന്റെ കൊച്ചുണ്ണിക്ക് പാതി വഴിയിൽ തോറ്റു മടങ്ങാൻ ആണോ വിധി ???പടച്ചമ്പ്രാന്റെ കിത്താബിലെ കണക്കുകൾ തെറ്റിപ്പോയോ? മനുഷ്യന് വേണ്ടി തുടിച്ച നെഞ്ചിന്റെ തുടിപ്പ് അറിഞ്ഞില്ലേ തമ്പുരാനെ നീ ?

പോർവിളികൾ കുറച്ചൂടി അടുത്ത് കേട്ടു തുടങ്ങി. "അധികം താണ്ടില്ലവൻ,വലത്തേ തോളിനു വെടി കേറിയിട്ടുണ്ട്,ഇടത്തെ കാലിന്റെ പാത്തിയിലും ഉണ്ടൊരെണ്ണം,കടവ് കടക്കില്ല ഉറപ്പാണ്...ഇട്ടൂപ്പ് പോലീസ് ഊക്കിനു ആവേശം കൊണ്ടു.

"ജീവനോടെ കിട്ടണം നായിനെ,നഖവും കണ്ണും ചൂഴ്ന്നെടുക്കണം,തലവെട്ടിയെടുത്തു അങ്ങാടിയിൽ വയ്ക്കണം...ഇനിയവന്റെ പേരു പോലും ആരും പറയരുത് " ബൂട്ടിന്റെ ശബ്ദം തൊട്ടടുത്തു എത്തിയത് കൊച്ചുണ്ണി അറിഞ്ഞു...കാലുകൾ അനങ്ങുന്നില്ല കാഴ്ച്ച മങ്ങിത്തുടങ്ങി,പോരാട്ടത്തിന്റെ ഉറുമി ചൂടിന് നിസ്സഹായതയുടെ തണുപ്പ് ബാധിച്ചു തുടങ്ങിയിരിക്കുന്നു.

"ഇട്ടൂപ്പ് പോലീസ് ആർത്തു ചിരിച്ചു...ഹ ഹ ഹ...കള്ള നായി... എത്ര ഓടിച്ചെട നീ ഞങ്ങളെ...ഇതാ നിന്റെ അവസാനമെത്തിയിരിക്കുന്നു.നിന്നെ വാഴ്ത്തിപ്പാടിയവർക്കു മുന്നിൽ നിന്റെ തല ഞാൻ പ്രദർശനത്തിന് വയ്ക്കും...അതും കണ്ണു ചൂഴ്ന്നെടുത്തു ഒരു പട്ടിയുടെ ഉടലിനോട് തുന്നി ചേർത്ത്.

"കായംകുളത്തെ തെരുവ് തെണ്ടികളുടെ സംരക്ഷകനായ പട്ടി,, നിനക്ക് ചേരുന്നൊരു ഉടലു തന്നെ സമ്മാനിക്കും ഞാൻ.അത് നിനക്കുള്ള എന്റെ ഭിക്ഷയായി കൂട്ടിയാൽ മതി...ഒരുത്തനും ഇനി കൊച്ചുണ്ണി ഗാഥകൾ വാഴ്ത്താൻ ധൈര്യം വരരുത്.

"നാണുപിള്ളേ എടുത്തു കേറ്റെടോ ഇവനെ. വെളുപ്പിന് മുന്നേ ഏമാന്റെ മുന്നിലെത്തിക്കാനുള്ളതാ,അത് കഴിഞ്ഞിട്ട് വേണം ഈ നായിന്റെ തലയരിയാൻ,ഇനി ഏത് പൊന്നു തമ്പുരാനാ ഇവനെ സംരക്ഷിക്കാൻ ഉള്ളതെന്ന് എന്നൊന്നറിയണമല്ലോ"

കൊച്ചുണ്ണി നിർജീവമായി തന്നെ കിടന്നു. നെഞ്ചിലനക്കമുണ്ട്, പക്ഷെ ഒരടി വയ്ക്കാനുള്ള ത്രാണിയില്ല ദേഹത്തിന്, അവസാനമായി കണ്ടത് മൂക്കിന് നേരെ വന്നു ചോര തുപ്പിച്ചു പോയ ഇട്ടുപ്പിന്റെ ബൂട്ടിന്റെ മുഖമായിരുന്നു.

നാണുപിള്ളയും ക്ലീറ്റസും ചേർന്ന് കൊച്ചുണ്ണിയെ മുടിക്കയറു കൊണ്ടു വരിഞ്ഞു കെട്ടി ഇട്ടൂപ്പിന്റെ കുതിരയോട് ചേർത്ത് കെട്ടി. വലിച്ചു കൊണ്ടു പോയാൽ മതി എന്നാണ് ഏമാന്റെ ഉത്തരവ്.

നിലാവ് മങ്ങിത്തുടങ്ങിയിരുന്നു, ഇത്തിക്കരയാറിനു കറുപ്പിന്റെ ശാന്തത കൈവന്നു തുടങ്ങിയിരിക്കുന്നു. "ഏമാനെ അവിടെന്താ തിളങ്ങുന്നത് ??നീങ്ങിത്തുടങ്ങിയ കുതിരമേലിരുന്ന ഇട്ടൂപ്പ് നാണുപിള്ളയുടെ ചോദ്യം കേട്ടു തിരിഞ്ഞു നോക്കി.

ദൂരെ ഇത്തിക്കരയാറിന്റെ നടുക്കലായി ഒരു തീവെട്ടം. അതടുത്തു അടുത്ത് വരുന്നുണ്ട്,കൊള്ളിയാൻ പോലെ എന്തോ ഒന്ന്... മനസ്സിൽ എവിടെയോ ഒരപകടം മണക്കുന്നു... ഇട്ടൂപ്പ് പെട്ടെന്ന് ഇരട്ടക്കുഴലിൽ തിരകൾ നിറച്ചു.കൂട്ടാളികളോട് സജ്ജരാകാൻ നിർദേശവും കൊടുത്തു. "ചിലപ്പോൾ വല്ലോ വള്ളവും ആയിരിക്കും വെളുപ്പടുക്കാറായല്ലോ മീൻ പിടിക്കാനോ മറ്റോ പോകുന്ന അരയന്മാരും ആകാം,എന്നാലും ഒന്ന് കരുതിയേക്കാം"

തീവെട്ടം കുറച്ചൂടി അടുത്തേക്കായി തുടങ്ങി,വരുന്നത് ഒരു ചങ്ങാടമാണെന്ന് തോന്നുന്നു,നല്ല കരുത്തുള്ള മുളക്കമ്പുകളിൽ കെട്ടിബന്ധിച്ചൊരു ചങ്ങാടം.

പതുകെ ഇത്തിക്കരയാറിന്റെ കുഞ്ഞോളങ്ങളിൽ ആടിയുലഞ്ഞു ശാന്തമായ രാത്രിക്കറുപ്പിന്റെ മറപറ്റി അതങ്ങനെ കരയിലേക്ക് മന്ദം മന്ദം ഒഴുകിയെത്തുന്നു,,,

ചങ്ങാടം തനിച്ചല്ല. അതിലൊരു തുഴക്കാരനുമുണ്ട്, നിന്നുകൊണ്ടാണ് തുഴച്ചിൽ. ഏകദേശം 6 അടിക്കടുത്ത് ഉയരം,വിരിഞ്ഞ മാറിടം, നിഴലിന്റെ ഒഴുക്കിനു തന്നെയൊരു പോരാളിയുടെ ഭാവ തീവ്രതയുണ്ട്.

പെട്ടെന്നൊരു തിരിവെട്ടം തെളിഞ്ഞു,അതൊരു ചൂട്ടിലേക്കു പകർന്നപ്പോൾ നിഴലിനു ശരീരം വച്ചു. ഇത്തിരി വെട്ടത്തിൽ ഇട്ടൂപ്പ് ആദ്യം കണ്ടത് തീക്കനൽ കത്തുന്ന തിളങ്ങുന്ന കണ്ണുകളായിരുന്നു,മുഖത്തെ വസൂരിക്കുത്തുകളിൽ പകയുടെ കനൽക്കറുപ്പുകളുണ്ട്,താഴേക്കിറങ്ങിയ മീശയുടെ അഗ്രഭാഗം അണലിയുടെ മടിവ് പോലെ പിരിച്ചു വയ്ച്ചിരിക്കുന്നു.അലസമായി ചാടിക്കിടന്ന ചെമ്പൻ മുടിയിഴകളും,കൊത്തിപ്പറിക്കാൻ നിൽക്കുന്ന കഴുകന്റെ പോലുള്ള ക്രൗര്യമുള്ള ചിരിയും,ഇട്ടൂപ്പിൽ പേടിയുടെ വിയർപ്പ് ചാലുകൾ തീർത്തു.

കൈയിലെ റാക്ക് ഇടയ്ക്കിടെ മൊത്തിക്കുടിച്ചു,ചുരുട്ടിൻ പുകച്ചുരുളുകളാൽ വലയം തീർത്തുകൊണ്ട് ഇത്തിക്കരയാറിന്റെ തീരത്തേക്ക് ആ രൂപം അടുത്തടുത്ത് വന്നു കൊണ്ടിരുന്നു.

ഇട്ടൂപ്പ് പെട്ടെന്ന് തിരനിറച്ച തോക്കെടുത്തു ചങ്ങാടം ലക്ഷ്യമാക്കി ഉന്നം വച്ചു,കാഞ്ചിയിൽ വിരലുറപ്പിച്ച ഇട്ടൂപ്പ് പെട്ടെന്നൊരു മൂളലു കേട്ടു ആ ദിശയിലേക്കു നോക്കി...അങ്ങ് ദൂരെ ചങ്ങാടത്തിൽ നിന്നെന്തോ ഒന്ന് ചക്രം പോലെ കറങ്ങി ഹൂംഹ്... എന്ന് മൂളിക്കൊണ്ടു തനിക്കു നേരെ വരുന്നുണ്ട്...തലയ്ക്കു നേരെ വന്നതിൽ നിന്നു കഷ്ടിച്ചു ഒഴിഞ്ഞു മാറിയ ഇട്ടൂപ്പിനു പെട്ടെന്നൊരു തളർച്ച,എന്താണ്‌ സംഭവിച്ചതെന്നു മനസിലായില്ല.

"ഏമാനെ....എന്ന പേടിച്ചരണ്ട നാണുപിള്ളയുടെ നിലവിളി കേട്ട്, താഴേക്കു നോക്കിയപ്പോൾ ഇരട്ടക്കുഴൽ പിടിച്ചിരുന്ന വലതു കൈ തോക്കടക്കം താഴെക്കിടക്കുന്നു. വലതു ഭാഗമാകെ ചോര ചീറ്റിത്തെറിക്കുന്നു,എന്താണ് സംഭവിക്കുന്നത്,ഒന്നും മനസിലാകുന്നില്ല.

കൈ അറ്റു പോയതറിഞ്ഞിട്ടും ഇട്ടൂപ്പിനു വേദനയല്ല,ഭയമാണ് തോന്നിയത്...കൂടുതൽ അടുത്തടുത്ത് വരുന്ന ആ ഭീകര രൂപത്തോടുള്ള ഭയം...ഇത്തിക്കരയാറിൽ നിറഞ്ഞു നിന്ന ആ രൂപത്തിന് കാലന്റെ ഭാവവും രൂപവുമായിരുന്നു.

തന്റെ കൂട്ടാളികൾ മുഴുവൻ ഭയചികിതരാണ് എന്ന സത്യം ഇട്ടൂപ്പിന് മനസ്സിലായി.പക്ഷെ അവർ പേടിച്ചു പിന്തിരിയാൻ ഒരുക്കമായിരുന്നില്ല മറിച്ചു, പ്രത്യാക്രമണത്തിനു ഒരുക്കം കൂട്ടുകയായിരുന്നു,

വീണ്ടും ഇട്ടൂപ്പിനെ നടുക്കിക്കൊണ്ടു ഒരു പൊട്ടിത്തെറി കേട്ടു... നാടൻ ബോംബാണെന്ന് തോന്നുന്നു,പൊട്ടി വീണത് തന്റെ സേനയുടെ മധ്യത്തിൽ തന്നെയായിരുന്നു...മാംസം കത്തിയ ഗന്ധം,ചിതറിത്തെറിച്ച ചോരച്ചാലുകൾ

ഇത്തവണ ഇത്തിക്കരയാറ്റിലെ രൂപത്തിന് കുറച്ച് കൂടി വ്യക്തത വന്നു. പേടിയുടെ ഇരുണ്ട അന്ധകാരത്തിൽ പുകഞ്ഞു കത്തിയ ചൂട്ടിന്റെ വെളിച്ചത്തിൽ പോരാട്ടത്തിന് തയ്യാറെടുത്ത കടുവയുടെ മുരൾച്ചപോലൊരു അട്ടഹാസവും ഹ ഹാ ഹാ..

ഭയം മരപ്പിച്ച കണ്ണുകളോടെ വിറയ്ക്കുന്ന ചുണ്ടുകളിൽ നാണുപിള്ള പറയുന്നത് ഇട്ടൂപ്പ് കേട്ടു...പക്കി ഇത്തിക്കര പക്കി

ഇത്തിക്കരയുടെ ഒറ്റക്കൊമ്പൻ...കൈയിലുള്ളത് കൊച്ചുണ്ണിയെന്ന കൂട്ടിലൊതുങ്ങുന്ന സിംഹമാണെങ്കിൽ പുറത്ത് നിൽക്കുന്നത് 'കാട് കയറുന്ന കൊമ്പനാണ്

മുരളുന്ന ആ ചിരിയുടെ അകലത്തിലാണ് ഇനിയുള്ള ആയുസ്സ് എന്ന സത്യം ഇട്ടൂപ്പ് തിരിച്ചറിഞ്ഞു...മരണമടച്ചെന്നു കരുതിയ കണ്ണുകൾ പതുക്കെ തുറന്ന കൊച്ചുണ്ണി കണ്ടത്,പാതിയടച്ച കണ്ണുകളാൽ തന്നെ നോക്കുന്ന പക്കിയുടെ കണ്ണുകളുടെ ക്രൗര്യമായിരുന്നു.

വരവറിയിരിച്ചിരിക്കുന്നു ഇത്തിക്കരയുടെ ഒറ്റക്കൊമ്പൻ, ഇത്തിക്കരയാറ്റിലെ ചൂട്ടു വെളിച്ചം അണഞ്ഞു. പകരം പ്രതികാരത്തിന്റെ കഴുകൻ കണ്ണുകളിൽ അഗ്നി പ്രകാശിച്ചിരിക്കുന്നു, ഇനിയാണ് പോരാട്ടം,പക്കിയുടെ പോരാട്ടം 

MORE IN ENTERTAINMENT
SHOW MORE