‘വരും ആ നല്ലകാലം’: ക്യാപ്റ്റനിൽ മമ്മൂട്ടിയും; സർപ്രൈസ് ടീസർ ഇതാ

mammootty-jayasurya
SHARE

വി.പി.സത്യൻ എന്ന ഇന്ത്യൻ ഇതിഹാസ ഫുഡ്ബോളറുടെ ജീവിതകഥ പറയുന്ന ക്യാപ്റ്റനിൽ മെഗാസ്റ്റാർ മമ്മൂട്ടിയും. നാളെ ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് അണിയറ പ്രവർത്തകർ സർപ്രൈസ് ആയി മമ്മൂട്ടിയുടെ ക്യാരക്ടർ ടീസർ പുറത്തുവിട്ടത്. സത്യൻറെ ജീവിതത്തിൽ ഏരെ സ്വാധീനം ചെലുത്തിയ സാന്നിധ്യമായിരുന്നു മമ്മൂട്ടി. 

തോൽവികളിൽ പതറുന്ന സത്യന് നേരെ ആശ്വാസവാക്കുകൾ നീട്ടുന്ന സത്യനെ ടീസറിൽ കാണാം. തോറ്റവരാണ് ചരിത്രം ഉണ്ടാക്കിയതെന്ന് പറയുന്ന മമ്മൂട്ടി, ഇന്ത്യൻ ഫുഡ്ബോളിന് നല്ലകാലം വരുമെന്നും കൂട്ടിച്ചേർക്കുന്നു. ജി.പ്രജേഷ്സെന്നാണ് സംവിധായകൻ. 

സംവിധായകൻ പ്രജേഷ് സെന്നുമായി രാജശ്രീ സത്യപാല്‍ സംസാരിച്ചു, അഭിമുഖം വായിക്കാം

മറക്കരുത് സത്യനെ, ഇത് ആ പച്ചയായ മനുഷ്യന്‍റെ ജീവിതം: ക്യാപ്റ്റന്‍റെ നായകന്‍ പറയുന്നു

prajesh-with-jayasurya

മലയാളത്തിന്റെ വെള്ളിത്തിരയിൽ നാളെ ആവേശത്തിന്റെ പന്തുരുളും.  ഇതിഹാസ ഫുട്ബോൾ താരം വിപി സത്യന്റെ ജീവിത കഥപറയുന്ന ക്യാപ്റ്റൻ എന്ന ചിത്രം തീയറ്ററുകളിലെത്തുകയാണ്. മലയാളിയെ സന്തോഷ് ട്രോഫിയിലേക്ക് കൈ പിടിപ്പിച്ച, പത്ത് തവണ ഇന്ത്യൻ ഫുട്ബോൾ ടീമിനെ നയിച്ച പ്രതിഭയാണ് വിപിസത്യൻ. മലയാളത്തിൽ ആദ്യമായാണ് ഒരു കായിക താരത്തിന്റെ കഥ സിനിമയായെത്തുന്നത്. അതും ഏറെ ദുരൂഹതകൾ നിറഞ്ഞ പശ്ചാത്തലമുള്ള ഒരു പ്രതിഭ. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു സിനിമയെന്ന് സംവിധായകനായ ജി.പ്രജേഷ് സെൻ മനോരമ ന്യൂസ് ഡോട്ട് കോമിനോട് പറയുന്നു.

ആദ്യ ചിത്രം തന്നെ ഒരു സ്പോർട്സ് സിനിമയായതെങ്ങനെ?

സത്യത്തിൽ സിനിമ ചെയ്യാൻ വേണ്ടി വിപി സത്യനെക്കുറിച്ചന്വേഷിച്ചതല്ല, കഴിഞ്ഞ പത്തുവർഷമായി പത്രപ്രവർത്തകനാണ് ഞാൻ. സത്യേട്ടനെ ഒരു പാട് ഇഷ്ടമാണ്. റേഡിയോയിലൊക്കെ അദ്ദേഹത്തിന്റെ പേര് സ്ഥിരമായി കേൾക്കാറുണ്ടായിരുന്നു. ജോലിയുടെ ആവശ്യത്തിനായി സത്യേട്ടന്റെ ഭാര്യയെ കാണാൻ പോയതാണ്. ‌അവരെക്കുറിച്ച് ഒറു റിപ്പോർട്ട് തയ്യാറാക്കാൻ. അത് തയ്യാറാക്കി നൽകി. അപ്പോഴാണ് സത്യേട്ടനേയും ഭാര്യ അനിതച്ചേച്ചിയേയും കുറിച്ച് കൂടുതൽ അറിയുന്നത്. ചേച്ചി പറഞ്ഞതും ഞാൻ അന്വേഷിച്ചറിഞ്ഞതുമായ കാര്യങ്ങൾ ചേർത്ത് ഒരു പുസ്തകം എഴുതാൻ തീരുമാനിക്കുകയായിരുന്നു. അത് പിന്നീട് കഥയായി, തിരക്കഥയായി മാറുകയായിരുന്നു. 

പുസ്തകം ഇറങ്ങിയിട്ടില്ല. അത് സിനിമയ്ക്ക് ശേഷം ഉണ്ടാകും. സിനിമയിൽ പറയാൻ കഴിയാതെ പോയ സത്യേട്ടനെക്കുറിച്ചുള്ള പല കാര്യങ്ങളും അദ്ദേഹത്തിന്റെ ചില വിശിഷ്ട സ്വഭാവങ്ങളുമെല്ലാം പുസ്തകത്തിലുണ്ടാകും. സിനിമയിലെത്തിച്ചേരുക എന്നത് പണ്ടേ സ്വപ്നമായിരുന്നു. 

എന്തുകൊണ്ട് ജയസൂര്യ?

ഫുക്രിയിൽ സിദ്ധിഖ് ലാൽ സാറിന്റെ കൂടെ ജോലിചെയ്തിരുന്നു. അവിടെവച്ചാണ് ജയസൂര്യയെ പരിചയപ്പെടുന്നത്. ഒരിക്കൽ ഇതിന്റെ കഥ ജയസൂര്യോട് പറയുകയായിരുന്നു. ഉടൻതന്നെ അദ്ദേഹം ഭയങ്കര എക്സൈറ്റഡായി , നമുക്കിത് ചെയ്യാം എന്നു പറഞ്ഞു. ഇതിന്റെ സ്ക്രിപ്ട് കുറേ നാളുമുമ്പ് എഴുതിയതാണ്. പക്ഷെ ആരെയും കഥയുമായി സമീപിച്ചിരുന്നില്ല. 

ജയസൂര്യ സത്യനെക്കുറിച്ച് കേട്ടിരുന്നില്ലല്ലോ?

സത്യത്തിൽ വിപി സത്യനെന്ന ഫുട്ബോൾ കളിക്കാരനെക്കുറിച്ച് ജയസൂര്യ കേട്ടിട്ടേ ഇല്ലായിരുന്നു. ഫുട്ബോൾ കളിയും അറിയില്ല. പക്ഷെ ഇത് രണ്ടും അറിയാനും മനസിലാക്കാനും ഉള്ള ത്വര അദ്ദേഹത്തിനുണ്ടായിരുന്നു. ഏത് കഥാപാത്രത്തിനു വേണ്ടിയും എത്രവേണമെങ്കിലും കഷ്ടപ്പെടാൻ ജയസൂര്യ തയ്യാറാണ്. നാലുമാസം ഇൗ സിനിമയ്ക്ക വേണ്ടി ഫുട്ബോൾ പഠിച്ചു, ശാരീരികമായി തയ്യാറെടുത്തു. മാനറിസങ്ങളിൽ മാറ്റം വരുത്തി, കോഴിക്കോടൻ ഭാഷ പഠിച്ചു. സത്യേട്ടന്റെ കോച്ചായിരുന്ന സിസി ജേക്കബിന്റെയും ടി ജോയിയുടേയും  കീഴിലായിരുന്നു ഫുട്ബോൾ പഠനം. സത്യേട്ടന്റെ മുൻവശത്തെ പല്ല് ഒടിഞ്ഞതായിരുന്നു. ആ മാറ്റങ്ങളെല്ലാം നമ്മൾ ജയൂര്യയ്ക്കും മേക്കപ്പിലൂടെ മാറ്റം വരുത്തിയിട്ടുണ്ട്. 

സിനിമയ്ക്കായുള്ള ഗവേഷണങ്ങൾ?

gopisundar-prajesh

അഞ്ചു വർഷം ഇതിനു വേണ്ടി ഗവേഷണം നടത്തി. ഇൗ ഭൂമിയിൽ  ‍ഇപ്പോൾ ഇല്ലാത്ത ഒരാളെക്കുറിച്ചാണ് നമ്മൾ അന്വേഷിക്കുന്നത്. അതിന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളേയും സഹപ്രവർത്തകരേയും നാട്ടുകാരയും ബന്ധുക്കളേയും ഒക്കെ കണ്ട് സംസാരിക്കേണ്ടിവന്നു. ഞാൻ തിരുവനന്തപുരം സ്വദേശിയാണെങ്കിലും ജോലിസംബന്ധമായി പത്തുവർഷം കോഴിക്കോടുണ്ടായിരുന്നു. അത് ഇൗ ചിത്രത്തിന് സഹായകമായി. കോഴിക്കോടും മലപ്പുറത്തുമായിരുന്നു സിനിമയുടെ ചിത്രീകരണം.

സത്യന്റെ ഭാര്യ അനിതയുടെ പ്രതികരണം?

അനിതച്ചേച്ചി സിനിമയെ ഒരുപാട് സ്നേഹിക്കുന്ന സ്ത്രീയാണ്. ആദ്യം ഞാൻ റിപ്പോർട്ട് ചെയ്യാൻ ചെന്നപ്പോൾ അവർക്ക് ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു, കാരണം, ജീവിച്ചിരുന്നപ്പോൾ സത്യേട്ടനെ മാധ്യമങ്ങൾ ഒരുപാട് വേട്ടയാടിയിട്ടുണ്ട്. പക്ഷെ സിനിമയെക്കുറിച്ചു പറഞ്ഞപ്പോൾ േചച്ചിക്കും താൽപര്യമായിരുന്നു. സത്യേട്ടന്റെ ചെറിയ ഛായയുണ്ടെന്ന് ജയസൂര്യയോട് പറഞ്ഞു. പിന്നീട് ഷൂട്ടിങ്ങ് സെറ്റുകളിലൊക്കെ അപ്രതീക്ഷിതമായി വരുമായിരുന്നു. അവിടെ വച്ച് സത്യേട്ടനായും അനിതചേച്ചിയുമായൊക്കെ അനുവും ജയസൂര്യയും വേഷമിടുന്നതു കാണുമ്പോൾ ജീവിതം മിസ് ചെയ്യുന്നെന്ന് അവർ പറയുമായിരുന്നു. അനിതചേചച്ചി തിരക്കഥ വായിച്ചിരുന്നു. തീയറ്ററിൽ പോയി മാത്രമേ സിനിമ കാണുകയുളളൂ എന്ന് ചേച്ചി പറഞ്ഞതിനാൽ സിനിമ കണ്ടിട്ടില്ല.

യഥാർഥ ജീവിതം തന്നെയാണോ കാണിക്കുന്നത്? 

ഇതിൽ ഫുട്ബോൾ മാത്രമല്ല കാണിക്കുന്നത്, സത്യൻ എന്ന മനുഷ്യന്റെ പച്ചയായ ജീവിതം ഉണ്ട്, അദ്ദേഹത്തോടും കുടംബത്തോടും നീതി പുലർത്തിയാണ് ചിത്രമെടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബ ജീവിതവും സ്വഭാവ സവിശേഷതകളുമൊക്കെ സിനിമയിൽ കാണാം. ലൈംലൈറ്റിൽ നിൽക്കുമ്പോൾ മാത്രമേ എല്ലാവരും നമ്മെപ്പറ്റി ഒാർക്കൂവെന്നൊരു സന്ദേശം സിനിമയിലൂടെ കൈമാറുന്നുണ്ട്. കളിക്കാർക്കാണെങ്കിൽ പോലും നല്ലൊരു ജോലിയും അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരവും സർക്കാർ ഒരുക്കണ്ടതാണ്. പിന്നീടുള്ള അവരുടെ ജീവിതം ആരും കണാറില്ല.

അനിതയായി വേഷമിടുന്ന അനുസിത്താരയെക്കുറിച്ച്?

അനിതച്ചേച്ചി ശരിക്കും മലബാറുകാരിയാണ്. അനുവും അതെ. ഫുക്രിയുടെ സെറ്റിൽ വച്ച് അനുസിത്താരയെ അറിയാം. മലബാർ ഭാഷ സംസാരിക്കുന്ന വീട്ടമ്മയുടെ മാനറിസങ്ങൾ ഉള്ള ഒരു നടിയെയായിരുന്നു നമുക്ക് വേണ്ടത്. പിന്നെ അനിതച്ചേച്ചിയുമായി രൂപസാദൃശ്യം വേണമായിരുന്നു. അനിതച്ചേച്ചിയുടെ വിവാഹ ആൽബത്തിലൊക്കെ അനുവുമായി രൂപ സാദൃശ്യം ഉണ്ട്. അനു അവരുടെ ഭാഗം ഗംഭീരമാക്കി എന്നു തന്നെ പറയാം. 

MORE IN ENTERTAINMENT
SHOW MORE