ആഗ്രഹം പറഞ്ഞത് ദുൽക്കർ; ഭാഗ്യം ലഭിച്ചത് സന്തോഷ് പണ്ഡിറ്റിന്

santhosh-pandit-mammooty
SHARE

വാവപ്പച്ചിയോടോപ്പം അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെന്ന് ദുൽക്കർ സൽമാൻ ഈയിടെയാണ് വെളിപ്പെടുത്തിയത്. പക്ഷേ ഭാഗ്യം തേടിയെത്തിയത് സാക്ഷാൽ സന്തോഷ് പണ്ഡിറ്റിനെയാണ്. ആദ്യമായി മുഖ്യധാര സിനിമയിൽ പ്രാധാന്യമുളള വേഷം. മമ്മൂട്ടി ചിത്രത്തിൽ സോളോ പോസ്റ്റർ. പ്രമുഖ നടൻമാർക്കു പോലും സ്വപ്നം കാണാൻ പോലും പറ്റാത്ത നേട്ടമാണ് പണ്ഡിറ്റിനെ തേടിയെത്തിയത്. സംഗതി പണ്ഡിറ്റ് ആഘോഷമാക്കി. സമൂഹമാധ്യമത്തിലിട്ട കുറിപ്പിലൂടെയായിരുന്നു സന്തോഷ് തന്റെ സന്തോഷം പ്രകടിപ്പിച്ചത്.

കേരളത്തിൽ ഡിസംബർ 21ന് ഓഖി കൊടുങ്കാറ്റിനെക്കാൾ വേഗതയിൽ ശക്തമായ ഒരു കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്നും ആ കൊടുങ്കാറ്റിന്റെ പേര് മാസ്റ്റർപീസ് എന്നാണെന്നും സന്തോഷ് കുറിച്ചു. മാസ്റ്റർപീസ് റിലീസായാൽ പുലിമുരുകൻ, ബാഹുബലി 2 അടക്കമുളള എല്ലാ സിനിമകളുടെ റെക്കോർഡുകൾ തകരുമെന്നും സന്തോഷ് പ്രവചിക്കുന്നു. റെക്കോർഡുകളുടെ നടുവിൽ ഇനി ഒറ്റ പേരുമാത്രമേ കാണു, അത് മമ്മൂട്ടിയുടെതാകുമെന്നും സന്തോഷ് പറയുന്നു.

ദുൽഖറിനും നിവിൻ പോളിക്കും കിട്ടാത്ത ഭാഗ്യമാണ് തന്നെ തേടിയെത്തിരിക്കുന്നതെന്നും താൻ ഹാപ്പിയാണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. മറ്റു സിനിമാക്കാർക്കും പണ്ഡിറ്റിന്റെ ഉപദേശമുണ്ട്. മാസ്റ്റർപീസിന്റെ കൂടെ നിങ്ങളുടെ സിനിമ റിലീസ് ചെയ്യാനുളള സാഹസമൊന്നും നിങ്ങൾ കാണിക്കരുതെന്നും  ആ അഗ്നിയിൽ നിങ്ങളുടെ സിനിമ നശിച്ചു പോകുമെന്നും പിന്നെ കരഞ്ഞിട്ടു കാര്യമില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഞാൻ ഈ ചിത്രത്തിൽ അഭിനയിച്ചതു കൊണ്ട് മാത്രം പറയുന്നതല്ലെന്നും ചിത്രത്തിന്റെ ഒന്നൊന്നര ട്രെയിലർ കണ്ടതു കൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രവചനം നടത്തുന്നതെന്നും സന്തോഷ് മുൻകൂർ ജാമ്യം എടുക്കുന്നുമുണ്ട്. 

എന്തൊക്കെയായാലും സംഗതി കളറാണ്. പരിഹസിച്ചു ചിരിച്ചവർക്കൊക്കെ സന്തോഷ് പണ്ഡിറ്റ് ഇപ്പോൾ ഒരു സൂപ്പർ താരമാണ്. ഒരു സിനിമാക്കാരനു ശേഷം സന്തോഷ് അഭിനയിക്കുന്ന മുഖ്യധാര സിനിമയാണ് മാസ്റ്റർപീസ്. മാസ്റ്റർപീസിന്റെ വിജയം മമ്മൂട്ടിയേക്കാൾ നിർണായകമാകുന്നത് പണ്ഡിറ്റിനായിരിക്കും. കല്ലേറുകളെ പൂമാലയാക്കി മാറ്റിയ സാക്ഷാൽ പണ്ഡിറ്റിന്. 

MORE IN ENTERTAINMENT
SHOW MORE