പുതിയ ഒടിയനെ കണ്ടു; രജനീകാന്ത് മോഹന്‍ലാലിനെ വിളിച്ചു

sreekumar-odiyan
SHARE

ഒടിയനിലെ രൂപമാറ്റം കണ്ട് തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത് മോഹന്‍ലാലിനെ വിളിച്ച് അഭിനന്ദിച്ചെന്ന് സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍. മോഹന്‍ലാലിന്‍റെ പുതുയ ലുക്ക് പ്രേക്ഷകര്‍ സ്വീകരിച്ചതോടെ മാസങ്ങളായി ഉള്ളിലുണ്ടായിരുന്ന ആകാംക്ഷയും ഭയവും ആശ്വാസത്തിന് വഴിമാറിയെന്നും സംവിധായകന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

ഇതുവരെ ലാലേട്ടന്‍റെ മീശ പിരിച്ചുള്ള ഹീറോയിസം ആണ് നമ്മള്‍ കണ്ടത്. ഇനി മീശ ഇല്ലാത്ത കട്ട ഹീറോയിസം കാണാം. ‍ഞ‍ാനും ഒരു ലാല്‍ ആരാധകനാണ്– അദ്ദേഹം പറഞ്ഞു.

ആരാധകര്‍ ഞെട്ടിയെന്ന് എല്ലാവരും പറയുന്നു. പക്ഷെ ഞാനിപ്പോള്‍ ആ ഞെട്ടലില്‍ നിന്ന് പുറത്തുവന്നിരിക്കുന്നു. 60 ദിവസം നീണ്ട കഠിന പരിശീലനമായിരുന്നു. ഒന്നുരണ്ടു വര്‍ഷം കൂടി പരിശീലനം നല്‍കിയ വിദഗ്ദര്‍ ലാലിനൊപ്പം ഉണ്ടാകും. രണ്ടാമൂഴത്തിലെ ഭീമനാകാനുള്ള ആദ്യചുവട് കൂടിയാണ് ഇതെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. 

ടീസറിന് വരവേല്‍പ്

മെലിഞ്ഞ് കൂടുതല്‍ ചെറുപ്പക്കാരനായ ഒടിയന്‍ മാണിക്യനിലേക്ക് മോഹന്‍ലാലിന്റെ രൂപപരിണാമം. സിനിമയുടെ മൂന്നാമത്തെ ടീസറിലാണ് താരം പുതിയ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത്. പുതിയ വേഷപ്പകര്‍ച്ചയോടെ ഒടിയന്റെ മൂന്നാംഘട്ട ചിത്രീകരണം അടുത്തമാസം ആരംഭിക്കും.

മോഹന്‍ലാലിന്റെ ആരാധകരും ആവര്‍ത്തിക്കുകയാണ്, കാലമേ നന്ദി... ഇതാണ് മോഹന്‍ലാലിന്റെ പുതിയ രൂപം. ഒടിയന്‍ മാണിക്യന്റെ പുതിയ മുഖം. തേങ്കുര്‍ശിയിലേക്കുള്ള ഒടിയന്‍ മാണിക്യന്റെ തിരിച്ചുവരവാണ്. ഭൂതകാലത്തിലെ യുവാവായ മാണിക്യന്‍. കഥാപാത്രത്തിനുവേണ്ടി മോഹന്‍ലാല്‍ ഒറ്റഘട്ടത്തില്‍ കുറച്ചത് 18 കിലോഗ്രാം ഭാരം. 50 ദിവസം പിന്നിട്ട കഠിനപരിശീലനങ്ങളിലൂടെയായിരുന്നു താരത്തിന്റെ യാത്ര. പരിശീലനത്തിന് ഫ്രാന്‍സില്‍നിന്നുള്ള ഡോക്ടര്‍മാരും ഫിസിയോതെറാപ്പിസ്റ്റുകളും ഉള്‍പ്പെടുന്ന വിദഗ്ധസംഘമാണ് നേതൃത്വം നല്‍കിയത്. ദിവസവും അഞ്ചു മണിക്കൂറിലധികം ഇതിനായി മോഹന്‍ലാല്‍ ചെലവിട്ടു. 

പരിശീലനഘട്ടങ്ങളിലൊന്നും ഒരു ഫോട്ടോ പോലും പുറത്തുവിടാതിരുന്നത് ആരാധകരുടെ ആകാംക്ഷ ഉയര്‍ത്തി. നാലുപതിറ്റാണ്ടെത്തുന്ന അഭിനയജീവിതത്തില്‍ ഒരു കഥാപാത്രത്തിനുവേണ്ടി മോഹന്‍ലാല്‍ ശരീരഭാരം ഇത്രയധികം കുറയ്ക്കുന്നതും കഠിനപരിശീലനത്തിലേര്‍പ്പെടുന്നതും ഇതാദ്യമാണ്. ഹരികൃഷ്ണന്റെ തിരക്കഥയില്‍ വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.

MORE IN ENTERTAINMENT
SHOW MORE