സുരഭിയെ പരിഗണിക്കാതിരുന്നത് മറവി കൊണ്ടോ? കമലിനോട് ശാരദക്കുട്ടി

sarada-surabhi
SHARE

മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം നേടിയ സുരഭിയെ ഐഎഫ്എഫ്കെയിൽ ക്ഷണിക്കാത്തതിന് വൻ പ്രതിഷേധമാണ് ഉയരുന്നത്. ഡെലിഗേറ്റ് പാസ് ഓണ്‍ലൈനില്‍ എടുക്കാന്‍ കഴിയാതിരുന്ന സുരഭി അക്കാദമിയില്‍ വിളിച്ച് മണിയന്‍ പിള്ള രാജുവിനോട് കാര്യം പറഞ്ഞിരുന്നു. ദേശീയ അവാര്‍ഡ് ലഭിച്ച നടിയായതുകൊണ്ട് പാസ് കിട്ടുമെന്നും, അക്കാദമി ചെയര്‍മാനായ കമലിനെ വിവരം അറിച്ചാല്‍ മതിയെന്നുമായിരുന്നു മറുപടി. തുടര്‍ന്ന് കമലുമായി ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ തന്നെ എര്‍പ്പാടാക്കാം എന്നാണ് മറുപടി പറഞ്ഞത്. പിന്നീട് അദ്ദേഹം വിളിച്ചിട്ടുമില്ല എന്നാണ് സുരഭി പറഞ്ഞത്.

ഐഎഫ് എഫ് കെ വേദികളിൽ ദേശീയ ആവാർഡ് ജേതാക്കളെ ആദരിക്കാറില്ലെന്നും സുരഭിയെ മാത്രമായി ക്ഷണിക്കാനാവില്ലെന്നും കമൽ ഇതിന് മറുപടി പറഞ്ഞിരുന്നു. മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചതുകൊണ്ട് വേദിയിൽ സിനിമ പ്രദർശിപ്പിക്കാനാവില്ലെന്നും കമൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിനുള്ള പ്രതികരണമെന്നോണം എഴുത്തുകാരിയും വിമർശകയുമായ ശാരദക്കുട്ടി ഫേസ്ബുക്കിലിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു.

താരറാണിമാരും രാജാക്കന്മാരും ഒരു പോലെ വിലസുന്ന ഒരു കാലഘട്ടത്തിൽ സുരഭി നേടിയ അംഗീകാരത്തെ ആദരിക്കുവാൻ ആ വേദിയിൽ ഒരിടം കൊടുക്കുക എന്നത് കേവല മര്യാദ മാത്രമായിരുന്നു. മഞ്ജു വാര്യർക്കും ഗീതു മോഹൻദാസിനും ഇപ്പോൾ രജിഷക്കും കിട്ടിയ പരിഗണന പോലും സുരഭിക്ക് കിട്ടാഞ്ഞത് മറവി ആണെങ്കിൽ അത് പരസ്യമായി സമ്മതിക്കുകയാണ് മാന്യത എന്നുമാണ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പ്രിയമുള്ള ശ്രീ കമൽ,

മിന്നാമിനുങ്ങ് എന്ന ചിത്രം മേളയിൽ പ്രദർശിപ്പിക്കാത്തതല്ല ഇവിടെ വിഷയം.. സുരഭിക്ക് വീട്ടിൽ കൊണ്ട് പാസ് കൊടുക്കാത്തതുമല്ല.വിഷയത്തെ ഇങ്ങനെ ചുരുക്കി കാണുന്നത് അങ്ങയുടെ പദവിക്കു ചേർന്നതല്ല. മിന്നാമിനുങ്ങ് കണ്ട വ്യക്തിയാണ് ഞാൻ. ആ ചിത്രം ഒരു ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കത്തക്ക മികവുള്ളതായി ഞാൻ കരുതുന്നില്ല. പക്ഷേ, പരിമിതമായ പ്രോത്സാഹനങ്ങൾക്കിടയിൽ നിന്ന്, താരാധിപത്യം കൊടികുത്തി വാഴുന്ന ഒരു ഭാഷയിൽ നിന്ന്, താരറാണിമാരും രാജാക്കന്മാരും ഒരു പോലെ വിലസുന്ന ഒരു കാലഘട്ടത്തിൽ സുരഭി നേടിയ അംഗീകാരത്തെ ആദരിക്കുവാൻ ആ വേദിയിൽ ഒരിടം കൊടുക്കുക എന്നത് കേവല മര്യാദ മാത്രമായിരുന്നു.

 ഇത്തരം ഒരവസരത്തിലല്ലാതെ പിന്നെ എപ്പോഴാണ് അവരെ ലോകത്തിനു മുന്നിൽ ഒന്നുയർത്തിക്കാട്ടാൻ നമുക്കവസരമുണ്ടാവുക? ഉന്നത നിലവാരമുള്ള ഒരു മേള സർക്കാർ ചെലവിൽ സംഘടിപ്പിക്കുമ്പോൾ അതിൽ മുൻകാലങ്ങളിൽ മഞ്ജു വാര്യർക്കും ഗീതു മോഹൻദാസിനും ഇപ്പോൾ രജിഷക്കും കിട്ടിയ പരിഗണന പോലും സുരഭിക്ക് കിട്ടാഞ്ഞത് മറവി ആണെങ്കിൽ അത് പരസ്യമായി സമ്മതിക്കുകയാണ് മാന്യത. പൊതുജനങ്ങൾ എത്ര പിന്തുണച്ചാലും ചലച്ചിത്ര നടിക്ക് അവർ പ്രവർത്തിക്കുന്ന ചലച്ചിത്ര ലോകം നൽകുന്ന പിന്തുണക്കു തുല്യമാകില്ല അത്.

 സ്ത്രീകളുടെ അന്തസ്സിനു വേണ്ടി നിലകൊള്ളുന്ന wccക്ക് സർവ്വ പിന്തുണയും നൽകിയവരാണ് ഞങ്ങളെ പോലുള്ള സാധാരണ പ്രേക്ഷകർ. സുരഭിയെ അംഗീകരിക്കുവാൻ ഒപ്പം നിന്നിരുന്നുവെങ്കിൽ WCC യുടെ ഉദ്ദേശ ലക്ഷ്യങ്ങൾക്ക് അത് വിശ്വാസ്യത കൂട്ടുകയേ ഉണ്ടാകുമായിരുന്നുള്ളു. ദിലീപിനും രാമലീലക്കും വേണ്ടി ശബ്ദമുയർത്തിയ വരോ, ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി ചാനലുകളിൽ ദിവസങ്ങളോളം സംസാരിച്ചവരോ ഒരു വാക്കുരിയാടാൻ തയ്യാറായില്ല എന്നതു കൊണ്ട് പറയേണ്ടി വന്നതാണ്. പുറത്തു നിന്നുള്ള ഇത്തരം സപ്പോർട്ടുകൾ സിനിമയിൽ ആ കലാകാരിക്ക് ദോഷമേ ചെയ്യൂ എന്ന് ഉത്തമ ബോധ്യവുമുണ്ട്. പക്ഷേ, പറയാതെ വയ്യ.

MORE IN ENTERTAINMENT
SHOW MORE