പത്മാവതി കേരളത്തിൽ റിലീസ് ചെയ്താൽ തീയറ്റർ കത്തിക്കുമെന്ന് കർണി സേന

deepika-padukone-padmavati
SHARE

സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവതിക്കെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കർണി സേന. രാജ്യത്ത് ഒരിടത്തും ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന്  കർണി സേന തലവൻ സുഗ്ദേവ് സിംഗ് ഗോഗമേഡിയുടെ മുന്നറിയിപ്പ്. ചിത്രം പ്രദർശിപ്പിക്കാൻ ശ്രമിച്ചാൽ കേരളത്തിലും പ്രതിഷേധം ഉണ്ടാകും. പത്മാവതിയെ അപമാനിക്കാൻ ഒരു തരത്തിലും അനുവദിക്കില്ല. കേരളത്തിൽ ചിത്രം പ്രദർശിപ്പിക്കാൻ ശ്രമിച്ചാൽ തീയറ്ററുകൾ കത്തിക്കുമെന്നും ഗോഗമേഡി മുന്നറിയിപ്പ് നൽകി

പത്മാവതിയായി തിയ്യേറ്ററില്‍ എത്തുന്ന ദീപിക പദുക്കോണ്‍ മോശം വസ്ത്രം ധരിച്ച് രജപുത് റാണിയെ അപമാനിക്കുകയാണെന്നും സുഗ്‌ദേവ് സിങ് ആരോപിച്ചു. സിനിമയിലെ ഡാന്‍സില്‍ അല്പവസ്ത്രം ധരിച്ച് ദീപിക പത്മാവതിയെ അപമാനിക്കുകയാണ്. പത്മാവതിയുടെ അഭിമാനത്തിന് കോട്ടംവരുത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ ചിത്രത്തിന്‍റെ റിലീസ് മാറ്റി വച്ചിരിക്കുകയാണ്.

പത്മാവതിക്കെതിരെ വിവിധ ഹിന്ദുസംഘടനകൾ പ്രതിഷേധം ശക്തമാക്കിയിരുന്നു. ചിത്രത്തിന്റെ റിലീസ് തടയാൻ രക്തം കൊണ്ട് ഒപ്പുവെച്ച നിവേദനം സെൻസർബോർഡിന് അയച്ച്  ബ്രാഹ്മണ മഹാസഭ പ്രതിഷേധം വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ആയിരത്തോളം പ്രവർത്തകരുടെ രക്തം ചാർത്തിയ കത്താണ് സെൻസർ ബോർഡിന് അയച്ചതെന്ന് പ്രവർത്തകർ അവകാശപ്പെട്ടു. 

ദീപിക പദുകോണിന്റെ മൂക്ക് ചെത്തുമെന്ന ഭീഷണിയുമായി രാജസ്ഥാനിലെ കര്‍ണിസേന രംഗത്തെത്തിയതിനു തൊട്ടു പിന്നാലെയാണ് പ്രതിഷേധവുമായി ബ്രാഹ്മണ മഹാസഭയും രംഗത്തെത്തിയത്. പ്രദർശനാനുമതി നൽകുന്നതിന് മുൻപ് സിനിമ ചരിത്രത്തെ വികലമാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന്  യുപി സർക്കാർ ആഭ്യന്തരമന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.

പത്മാവതി എന്ന രജപുത്ര റാണിയുടെ കഥപറയുന്ന ചിത്രം രജപുത്രരുടെ അഭിമാനത്തെ വൃണപ്പെടുത്തുന്നു എന്ന ചിന്തയിലാണ് ചിത്രത്തിനെതിരെ പലരും തിരിയുന്നത്. അലാവുദ്ധീൻ കില്ജിയിൽ നിന്ന് രക്ഷപെടാൻ ആത്മാഹുതി ചെയ്ത പദ്മാവതിയെ ചിത്രത്തിൽ കില്ജിയുമായി പ്രണയത്തിലാകുന്ന പത്മാവതിയായി ചിത്രീകരിക്കുന്നു എന്ന അഭ്യൂഹത്തിലാണ്‌ ചിത്രം വിവാദമായത്. 

ചിത്രം പ്രദർശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു തിയറ്ററുകളുടെയും മൾട്ടിപ്ലക്സുകളുടെയും ഉടമകൾക്ക് ഭീഷണിയുമുണ്ട്. എന്നാൽ, സൂഫി കവിയായ മാലിക് മുഹമ്മദ് ജയസിയുടെ എഴുത്തിനെ മുൻനിർത്തിയാണ് സിനിമ രൂപീകരിച്ചിരിക്കുന്നതെന്നാണു ബൻസാലിയുടെ പക്ഷം. ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീം കോടതി  തള്ളി.

MORE IN ENTERTAINMENT
SHOW MORE