നടി സമാന്ത വിവാഹ ദിനത്തില്‍ നൃത്തം ചവിട്ടുന്ന വിഡിയോകൾ യുട്യൂബില്‍ ട്രെൻഡ് ആകുകയാണ്. രണ്ടു ദിവസം കൊണ്ട് 23 ലക്ഷത്തിലധികം പ്രാവശ്യമാണ് ഈ വിഡിയോ ആളുകൾ കണ്ടത്. അടിപൊളി ഗാനങ്ങൾക്കൊപ്പം സ്വന്തം ചിത്രത്തിലെ പാട്ടുകളും കൂടി ഉൾപ്പെടുത്തിയാണ് സമാന്തയും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന സംഘം ഡാൻസ് ചെയ്തത്.
ഇന്നത്തെ കാലത്തെ വിവാഹ ദിനം വരനും വധുവും ഉൾപ്പെടെ എല്ലാവരും നൃത്തം ചെയ്യുന്നത് പതിവാണ്. എങ്കിലും താരങ്ങളായ രണ്ടുപേർ യഥാർഥ ജീവിതത്തിൽ വിവാഹിതരാകുകയും അവർ അഭിനയിച്ച ചിത്രങ്ങളിലെ പാട്ടുകൾക്കൊപ്പം ഡാൻസ് ചെയ്യുന്നതും കാണാൻ ഒരു കൗതുകമല്ലേ. അക്കാര്യമാണ് ഈ വിഡിയോകളെ തരംഗമാക്കിയത്.
തെന്നിന്ത്യയിലെ മിന്നുംതാരം സമാന്ത പ്രഭുവും തെലുഗു സൂപ്പർ സ്റ്റാർ നാഗാർജുനയുടെ പുത്രനും നടനുമായ നാഗചൈതന്യയും ഇക്കഴിഞ്ഞ ആറാം തീയതിയാണ് വിവാഹിതരായത്. ഹിന്ദു– ക്രിസ്ത്യൻ ആചാരപ്രകാരം നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹം രണ്ടു മനസുകളുടെയും കുടുംബങ്ങളുടെയും ഒന്നുചേരൽ മാത്രമല്ല, ഒരു വലിയ ആഘോഷ നിമിഷം കൂടിയാണ് എന്നു പറയുന്നതായിരുന്നു ഈ താര വിവാഹത്തിലെ ഓരോ നിമിഷങ്ങളും.