ചിലപ്പോൾ സ്ലിം, ചിലപ്പോൾ ഗുണ്ടൂസ്. ചിലപ്പോൾ സുന്ദരി, മറ്റു ചിലപ്പോൾ ഉഴപ്പി. വസ്ത്രധാരണത്തിന്റെയും ഫിറ്റ്നസിന്റെയും കാര്യത്തിൽ പ്രവചനാതീതമാണ് വിദ്യാബാലന്റെ പ്രകൃതം. വെസ്റ്റേൺ വെയറുകൾ ധരിച്ചു വന്നപ്പോൾ മുഖം തിരിച്ച ആരാധകർ സാരിയിൽ ആ സുന്ദരിയെ കണ്ടപ്പോൾ കണ്ണെടുക്കാതെ നോക്കിനിന്നു. സാരിയും ആന്റിക് ആഭരണങ്ങളും ധരിക്കുമ്പോൾ വിദ്യാബാലനു കിട്ടുന്ന അഴകളവും ഭംഗിയും മറ്റേതു നടിക്കുണ്ട്.
∙ചപ്പാത്തിക്കൊപ്പം ചോറ് വേണ്ട
ഡർട്ടി പിക്ചർ എന്ന ഹിറ്റ് സിനിമയ്ക്കു വേണ്ടി വച്ച തടി കുറയ്ക്കാനാണ് വിദ്യ ഏറെ കഷ്ടപ്പെട്ടത്. മണിക്കൂറുകൾ പട്ടിണികിടന്ന് ശരീരഭാരം കുറയ്ക്കാൻ നോക്കിയിട്ടും വിജയിക്കാതെ വന്നതോടെ വിദ്യാബാലൻ ഒരു കാര്യം മനസിലാക്കി. കഴിക്കാതിരുന്നാൽ തടി കുറയില്ല. എന്നാൽ പിന്നെ കഴിച്ചു തന്നെ തടി കുറയ്ക്കാമെന്നു വച്ചു. അതു ഫലം കണ്ടു. രണ്ടു മണിക്കൂർ ഇടവിട്ടുള്ള ഭക്ഷണക്രമത്തിലൂടെ 15 കിലോ തൂക്കമാണ് വിദ്യ കുറച്ചത്.
നേരത്തെ ശുദ്ധ വെജിറ്റേറിയനായിരുന്നു വിദ്യാബാലൻ. ഡയറ്റ് പ്ലാൻ തുടങ്ങിയതോടെ മുട്ടയുടെ വെള്ള കഴിച്ചു തുടങ്ങി. മുട്ട കഴിക്കുന്ന കാര്യം വളരെ കഠിനമായിരുന്നുവെന്നു വിദ്യ പറയുന്നു. പക്ഷേ പ്രോട്ടീന്റെ കാര്യത്തിൽ കോംപ്രമൈസ് ചെയ്യാനും പറ്റില്ലല്ലോ. അതുകൊണ്ട് കുറച്ചു കൂടുതൽ കുരുമുളകുപൊടി ചേർത്ത് മുട്ടയുടെ വെള്ള കഴിച്ചു തുടങ്ങി.