ബോളിവുഡിന്റെ സ്വപ്ന സുന്ദരി കത്രിന കെയ്ഫ് ഹോളിവുഡിലേക്ക് ചേക്കേറുന്നതായി അഭ്യൂഹം. ഫോക്സ് സ്റ്റുഡിയോസിന്റെ തലവന്മാരുമായി താരം ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ.
ഇതിനെ സാധൂകരിക്കാനെന്നോണം കത്രീനയുടെ ട്രെയ്നർ ഫോക്സ് സ്റ്റുഡിയോയിൽ ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവക്കുകയും ചെയ്തു. ഇതിനു പുറകെ അവഞ്ചേഴ്സിലൂടെ ആരാധകരുടെ ഹൃദയം കവർന്ന ജെറമി റെന്നർ കത്രിനയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യാനാരംഭിച്ചു. റെന്നർ പിന്തുടരുന്ന ഏക ബോളിവുഡ് താരവും കത്രീന തന്നെ.
ഇത്രയൊക്കെയായ സ്ഥിതിക്ക് ബോളിവുഡും ചില സ്വപ്നങ്ങളൊക്കെ നെയ്തു തുടങ്ങിയിരിക്കുന്നു. പ്രിയങ്കയ്ക്കും ദീപികയ്ക്കും പുറകെ കത്രീനയും ഹോളിവുഡിൽ ഹിറ്റുകൾ തീർക്കാൻ കാത്തിരിക്കുകയാണ് ആരാധകർ.
മുൻപ് ഹോളിവുഡിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ബോളിവുഡാണ് എന്റെ വീട് എന്നാണ് താരം പറഞ്ഞത്. പക്ഷേ, മികച്ച അവസരങ്ങൾ ലഭിച്ചാൽ ഹോളിവുഡിൽ ഒരു കൈ നോക്കാൻ റെഡിയാണെന്നും അന്നേ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ഈ അഭ്യൂഹങ്ങൾ വലിയ പ്രധാന്യത്തോടെയാണ് സിനിമാ ലോകം നോക്കുന്നത്.