ഒടിയനു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന പുതിയെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടു. അജോയ് വര്‍മയുടെ സംവിധാനത്തില്‍ സാജു തോമസാണ് തിരക്കഥയെഴുതുന്നത്. മൂണ്‍ഷോട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ് നിര്‍മാണം. ജോണ്തോമസും മിബു ജോസും സഹനിര്‍മാതാക്കളാണ്. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്.
പ്രമുഖ പരസ്യ സംവിധായകൻ വിഎ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയൻ. ഐതിഹ്യവും ചരിത്രവും കൂടിക്കലർന്ന ഒരു കഥാപാത്രമാണ് ഒടിയൻ. അതുകൊണ്ടുതന്നെ, കേട്ട കഥകളിൽനിന്നു യാഥാർഥ്യത്തെ വേർതിരിച്ചെടുക്കാനാവാതെ നാം കുഴയും: രാത്രിയിരുട്ടിൽ ഒടിയൻ ഒരു പാതിയിൽ മനുഷ്യൻ, മറുപാതിയിൽ മൃഗം. പൂർണഗർഭിണിയുടെ ഭ്രൂണം മുളങ്കമ്പുകൊണ്ട് കുത്തിയെടുത്തുള്ള നിഗൂഢകർമം ഒടിവിദ്യയുടെ അടിസ്ഥാനമായി പഴങ്കഥകളിലുണ്ട്. കേരളത്തിൽ വൈദ്യുതി വരുന്നതിനു മുൻപുള്ള കാലത്ത് ഗ്രാമങ്ങളിലെ വലിയ പേടിസ്വപ്നങ്ങളിലൊന്നായിരുന്നു ഒടിയന്മാർ. വേലിപ്പുറത്ത്, പാടവരമ്പത്ത്, മരക്കൊമ്പിൽ ഒക്കെ ഒടിയന്റെ സാന്നിധ്യം എപ്പോഴുമുണ്ടാകാം. ഒടിയനെ നേരിൽക്കണ്ടവരാരും ഇപ്പോൾ ഇല്ല. പക്ഷേ, കഥകൾ ഉറപ്പോടെ പറയുന്നു: ഒടിയൻ ഉണ്ട് ! അത്തരത്തിൽ ഒരു ഒടിയനാണു മോഹൻലാൽ അവതരിപ്പിക്കുന്ന മാണിക്കൻ എന്ന കഥാപാത്രം.
മാണിക്കനാകാൻ മോഹൻലാൽ 15 കിലോ കുറയ്ക്കുന്നുണ്ട്. ‘പുലിമുരുകനി’ലൂടെ മലയാളത്തിനും പരിചിതനായ പീറ്റർ ഹെയ്ൻ എന്ന പ്രസിദ്ധ ആക്ഷൻ കൊറിയോഗ്രഫറാണു മോഹൻലാലിനെ കായികസിദ്ധികൾ പരിശീലിപ്പിക്കുന്നത്. മാണിക്കന്റെ 65 വയസ്സുവരെയുള്ള ജീവിതകാലഘട്ടം വിവിധ പ്രായപരിണാമങ്ങളിലൂടെ, വേഷപ്പകർച്ചകളിലൂടെ ഒടിയനിൽ കാണാം. മഞ്ജുവാര്യരാണ് ഒടിയനിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഇതിനുശേഷം പ്രേക്ഷകർ കാത്തിരിക്കുന്ന ഭീമനിലും ഒന്നിക്കുന്നത് ശ്രീകുമാർമേനോനും മോഹൻലാലും മഞ്ജുവാര്യരും തന്നെയാണ്.