എണ്‍പത്തിയഞ്ച് ദിവസം നീണ്ട ജയില്‍വാസത്തിനൊടുവില്‍ മോചിതനായ ദിലീപിന് വികാര നിര്‍ഭരമായ വരവേല്‍പ്പാണ് കുടുംബാംഗങ്ങള്‍ നല്‍കിയത്. കുടുംബാംഗങ്ങള്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കുമൊപ്പം ആരാധകര്‍ കൂടിയെത്തിയതോടെ ആലുവയിലെ ദിലീപിന്റെ കുടുംബവീടായ പത്മസരോവരം സന്തോഷ സരോവരമായി.
ജയില്‍ മോചന വാര്‍ത്തയറിഞ്ഞപ്പോള്‍ തന്നെ എറണാകുളം പറവൂര്‍ കവലയിലെ പത്മസരോവരം വീട്ടില്‍ സന്തോഷാരവങ്ങളുയര്ന്നു. ആ ആരവങ്ങളുടെ നടുവിലേക്കാണ് ദിലീപ് വന്നിറങ്ങിയത്. ദിലീപിനെ നടന് സിദ്ദിഖ് വീട്ടിലേക്ക് കൈപിടിച്ച് കൂട്ടി. പൂമുഖത്ത് സ്നേഹാശ്ലേഷവുമായി അമ്മയും ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും. വീടിനു ചുറ്റും നിറഞ്ഞ ആരാധകരെ അഭിവാദ്യം ചെയ്യാനും ദിലീപ് മറന്നില്ല.
മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ജാമ്യവ്യവസ്ഥയുളളതു കൊണ്ടു തന്നെ ദിലീപ് ആവര്‍ത്തിച്ചുളള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി. നാദിര്‍ഷയും ധര്മജന് ബോള്ഗാട്ടിയുംഅരുണ് ഗോപിയുമുള്പ്പെടെ ചലച്ചിത്ര പ്രവര്‍ത്തകര്‍ വീട്ടിലെത്തി ദിലീപിനെ കണ്ടു. രാത്രി വൈകിയിട്ടും വീടിനു പുറത്തെ തിരക്കൊഴിയാതെ വന്നതോടെ കാവ്യയ്ക്കൊപ്പം വീണ്ടും വീടിന്റെ മട്ടുപ്പാവിലെത്തി ദിലീപ് സ്നേഹമറിയിച്ചു.