ദുൽക്കർ സൽമാന്റെ ആദ്യ ഹിന്ദി സിനിമയായ കര്വാനിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. ദുൽക്കറിന് പുറമേ ബോളിവുഡ് താരം ഇർഫാൻ ഖാനും ചിത്രത്തിലുണ്ട്. വെബ് സീരീസുകളിലൂടെ പരിചിതയായ മിഥിലാ പൽക്കറാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത്. മിഥില തന്നെയാണ് ചിത്രത്തില്‍ ദുൽക്കറിന്റെ നായികയെന്നാണ് എല്ലാവരും വിചാരിച്ചത്. എന്നാൽ ടോളിവുഡ് താരം കൃതി കർബന്ധയ്ക്കാണ് ദുൽക്കറിന്റെ നായികയാകാനുള്ള നറുക്ക് വീണത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കൃതി കൊച്ചിയിലേക്ക് തിരിച്ചു.
ചിത്രത്തിൽ ഒരു മലയാളി പെണ്‍കുട്ടിയുടെ വേഷമാണ് കൃതിക്ക്. തെലുങ്കിലും തമിഴിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളം കൃതിക്ക് വഴങ്ങില്ല. കൃതിയെ മലയാളം പഠിപ്പിക്കാൻ ഒരു ട്രെയിനറിനെ ഏൽപ്പിച്ചിട്ടുണ്ട്. ചെറുതെങ്കിലും സിനിമയുടെ ഗതി മാറ്റി മറിക്കുന്ന കഥാപാത്രമാണ് കൃതിയുടേത്. റോണി സ്ക്രൂവലയാണ് ചിത്രത്തിന്റെ നിർമാതാവ്.
ആകാശ് ഖുറാനാ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബെംഗളൂരുവിൽ താമസമാക്കിയ യുവാവിന്റെ കഥാപാത്രമാണ് ദുൽക്കറിന്റെത്. രണ്ട് അടുത്ത സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന ബൈക്ക് യാത്രയും ആ യാത്ര അവരുടെ ജീവിതത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കർവാനിന്റെ ഊട്ടിയിലെ ചിത്രീകരണം കഴിഞ്ഞതിന് ശേഷമാണ് കേരളത്തിലേത് ആരംഭിച്ചത്. കൊച്ചി, തൃശൂർ, കുമരകം എന്നിവയാണ് കേരളത്തിലെ ഷൂട്ടിങ്ങ് ലൊക്കേഷനുകൾ.