'ജിമിക്കി കമ്മൽ'എന്ന പാട്ടുകേട്ടാലേ മനസിൽ തെളിഞ്ഞു വരുന്നത് ആ പാട്ടിനൊപ്പം നൃത്തം വച്ച , ഷെറിലിന്റെ മുഖമാണ്. കുറച്ചു ദിവസമായി ഷെറിലാണ് യൂട്യൂബിലേയും കാംപസിലേയും താരം. കാക്കനാട്ടെ ഇന്ത്യൻ സ്കൂൾ ഒാഫ് കൊമേഴ്സില അധ്യാപികയായി ജോലി ചെയ്യുകയാണ് ഷെറിൽ ജി. കടവൻ. ചേർത്തല പള്ളിപ്പുറം സ്വദേശിയാണ്.
എന്നാൽ, ഷെറിലിനെ ഇപ്പോൾ വാർത്തകളിൽ നിറയ്ക്കുന്നത് മറ്റൊരു കാര്യമാണ്. തമിഴ് നടൻ വിജയ് യുടെ പുതിയ സിനിമയിൽ നായികയാകാൻ ക്ഷണം ലഭിച്ചുവെന്നാണ് വാർത്തകൾ. ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് ഷെറിൽ.
തമിഴ് സംവിധായകൻ രവികുമാറിന്റെ ചിത്രത്തിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന ചോദിച്ച് അദ്ദേഹത്തിന്റെ ഒാഫീസിൽ നിന്ന്് വിളി വന്നു എന്നത് സത്യമാണ്. ഏതാണ് വേഷമെന്നോ, നായികയാണോ എന്നൊന്നും പറഞ്ഞില്ല. ആ സമയത്ത് ഞാൻ ക്ലാസിൽ പഠിപ്പിക്കുകയായിരുന്നു. അഭിനയിക്കാൻ താൽപര്യമുണ്ടെങ്കിൽ തിരിച്ചു വിളിക്കാൻ പറഞ്ഞിരുന്നു. രവികുമാർ സാർ അടുത്തതായി സംവിധാനം ചെയ്യുന്നത് വിജയ് ചിത്രമാണെന്നു കേട്ടിരുന്നു. തിരിച്ചുവിളിച്ച ഞാൻ അഭിനയിക്കാൻ താൽപര്യമില്ല എന്ന രീതിയിലാണ് സംസാരിച്ചത്. എനിക്ക് അധ്യാപനവുമായി മുന്നോട്ടു പോകാനാണിഷ്ടം. ടീച്ചിങിനെ മനസുകൊണ്ട് ജോലിയായി സ്വീകരിച്ചു കഴിഞ്ഞു. അതുകൊണ്ട് സിനിമയിൽ നിന്ന്് ഒാഫറുകൾ വന്നാലും സ്വീകരിക്കുന്നില്ല എന്നാണ് തീരുമാനം, ഷെറിൽ മനോരമ ന്യുസ് ഡോട്ട് കോമിനോട് പറഞ്ഞു.
ഒാണാഘോഷത്തിന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ഷെറിലിനെ ജിമിക്കി കമ്മൽ നൃത്തത്തിലേക്ക് നയിച്ചത്. എന്തായാലും ഡാൻസ് യൂട്യൂബിൽ വൈറലായിക്കഴിഞ്ഞു. ഇൗ ഡാൻസ് തമിഴ്നാട്ടിലും തരംഗമാണ്. ഒന്നരക്കോടിയിലേറെപ്പേർ ഷെറിലും കൂട്ടുകാരും അവതരിപ്പിച്ച നൃത്തം യൂട്യൂബിൽ കണ്ടു കഴിഞ്ഞു.