വിശാൽ നായകനായി അഭിനയിച്ച പുതിയ ചിത്രം ‘തുപ്പരിവാളൻ’ ഓൺലൈൻ സൈറ്റായ തമിഴ്റോക്കേഴ്സ് ഡോട് കോം വഴി പ്രചരിക്കുന്നു. തമിഴ് നിർമാതാക്കളുടെ സംഘടന പ്രസിഡന്റ് കൂടിയായ വിശാൽ പുത്തൻ ചിത്രങ്ങൾ ഓൺലൈൻ വഴി പ്രചരിപ്പിക്കുന്ന സംഘത്തെ പിടികൂടാൻ തന്റെ ഫാൻസ് അസോസിയേഷനിലെ അംഗങ്ങളുൾപ്പെടെയുള്ള മറ്റൊരു സംഘത്തെ നിയോഗിച്ചിരുന്നു.
സംഘത്തിന്റെ ഇടപെടൽ മൂലം ഓൺലൈൻ സൈറ്റുകളുടെ അഡ്മിനായി പ്രവർത്തിച്ച ശൗരി ശങ്കറിനെ ദിവസങ്ങൾക്കു മുൻപു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുക്കാൽ ലക്ഷത്തോളം പേർ തങ്ങളുടെ സൈറ്റിലൂടെ തുപ്പരിവാളന്റെ വ്യാജ പതിപ്പു ഡൗൺലോഡ് ചെയ്തെന്നും ചിത്രത്തിൽ അഭിനയിച്ച വിശാലിനു തങ്ങളുടെ നന്ദി അറിയിക്കുന്നതായും തമിഴ്റോക്കേഴ്സ് ട്വിറ്ററിലൂടെ അറിയിച്ചു. വ്യാജ സൈറ്റുകൾക്കെതിരെ നടപടി സ്വീകരിക്കുന്ന വിശാലിന്റെ ചിത്രത്തെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണു സൈറ്റുകൾ ഇങ്ങനെ ചെയ്തതെന്നും കരുതപ്പെടുന്നു.
വിശാലിന്റെ ചിത്രത്തോടൊപ്പം റിലീസ് ചെയ്ത മഗളീർ മട്ടും എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇതുവരെ ഓൺലൈൻ വഴി പ്രചരിക്കുന്നതായി റിപ്പോർട്ടില്ല.