E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

മൊഴിഭേദങ്ങളില്‍ ഒരേയൊരു മമ്മൂട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലയാളം ഒന്നേയുള്ളൂ. പക്ഷേ മൊഴികളില്‍ പല മലയാളങ്ങളുണ്ട്. മമ്മൂട്ടിയും ഒന്നേയുള്ളൂ. പക്ഷേ ഭാവങ്ങളില്‍, ശബ്ദങ്ങളില്‍ പല മമ്മൂട്ടിയെ മലയാളി അനുഭവിക്കുന്നു. ഭാഷയെയും ശബ്ദത്തെയും ശരീരത്തെയും അഭിനയത്തിന്റെ ഉപകരണവും ഉപായവുമാക്കിയ മമ്മൂട്ടിയനുഭവം സിനിമയിലെ അപൂര്‍വതയായി പതിറ്റാണ്ടുകള്‍ക്കിപ്പുറവും ബാക്കിയാകുന്നു.

ഭാവോജ്ജ്വലങ്ങളായ കഥാപാത്രങ്ങളിലൂടെ മമ്മൂട്ടി മലയാളിജീവിതത്തിന്റെ അകംപുറം നിറയുന്നു. ഭാവ ശബ്ദ രൂപ പരിണാമങ്ങളിലൂടെ അഭിനയത്തിന്റെ ആഴപ്പരപ്പുകളെ അളന്നെടുത്ത പ്രതിഭ. ദേശ ഭാഷാ വിത്യസങ്ങളില്ലാത്ത പകര്‍ന്നാട്ടത്തിലൂടെ കേരളത്തിന്റെ പൊതുവായ ദേശവും ശബ്ദവുമായി മാറി മമ്മൂട്ടി എന്ന മനുഷ്യന്‍. മമ്മൂട്ടിയുടെ ആ മൊഴിയാട്ടങ്ങള്‍ ലോകസിനിമയുടെ ആകാശത്ത് സവിശേഷമായ ഒരു കാലാവസ്ഥയാകുന്നു.

mammootty-dulquer

മമ്മൂട്ടി എന്ന സിലബസ്

പല ഭാവങ്ങള്‍ കെട്ടിയാടി ളള്ളുതൊട്ട പകര്‍ന്നാട്ടങ്ങള്‍ എമ്പാടുമായി. മൂന്നരപതിറ്റാണ്ടിനിപ്പുറവും മലയാളി മടുപ്പേതുമില്ലാതെ നോക്കുന്നു തിരശ്ശീലയിലെ ഈ സവിശേഷ ജന്‍മത്തിലേക്ക്. ആഗ്രഹം മാത്രം കൈമുതലാക്കി സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തിയ ആള്‍ക്ക് കഠിനാധ്വാനമായിരുന്നു കൂട്ട്. അഭിനയിച്ചഭിനയിച്ചാണ് താന്‍ ആ പണി പഠിച്ചതെന്ന് ആദ്യം സമ്മതിച്ചത് മമ്മൂട്ടി തന്നെ. വര്‍ഷങ്ങള്‍ക്കിപ്പുറം ലോകസിനിമയുടെ പുറങ്ങളില്‍ പഠനങ്ങളും അന്വേഷണങ്ങളും ഉണ്ടാവേണ്ട അഭിനയത്തിന്റെ സിലബസ്സാകുന്നു ഈ മനുഷ്യന്‍. ഭാവം കൊണ്ടും ഭാഷ കൊണ്ടും ശബ്ദം കൊണ്ടും മമ്മൂട്ടി പണിത പാഠപുസ്തകത്തിലേക്ക് വിസ്മയത്തോടെ നോക്കുന്നു ലോകം.

ആറുമലയാളിക്ക് നൂറുമലയാളമുള്ള നാട്ടില്‍ തെക്കുമുതല്‍ വടക്കുവരെ ജീവിതം മൊഴിഞ്ഞു മമ്മൂട്ടിക്കഥാപാത്രങ്ങള്‍. സംഭാഷണാവതരണത്തില്‍ അതിന്റെ ശബ്ദവിന്യാസത്തില്‍ അസാമാന്യമായ മെയ്‌‌വഴക്കം കാട്ടി മമ്മൂട്ടി. പ്രാദേശികമായ വാമൊഴി വഴക്കങ്ങളുടെ ഇടവഴികളില്‍ ആ കഥാപാത്രങ്ങള്‍ തലയെടുപ്പോടെ നിന്നു. സംഭാഷണങ്ങളുടെ ഉയര്‍ച്ചതാഴ്ചകളില്‍, വാക്കുകള്‍ക്കിടയിലെ ഇടനേരങ്ങളില്‍, നിശ്വാസങ്ങളിലും നീട്ടിക്കുറുക്കലുകളിലും വരെ കഥാപാത്രത്തിന്റെ ജീവിതവും ജീവിത പരിസരവും ഒളിച്ചുകടത്തിയ മാന്ത്രികന്‍. പറഞ്ഞുകേട്ട കഥകളുടെ വെളിച്ചത്തില്‍ എംടി എഴുതിവെച്ച വീരസ്യങ്ങള്‍ക്ക് മമ്മൂട്ടിയുടെ ചമല്‍ക്കാരങ്ങള്‍ ഒരു വടക്കന്‍‌ വീരഗാഥയില്‍ തെളിഞ്ഞുകത്തി. വടക്കന്‍ പാട്ടുകഥകളിലെ ജീവിതവും കണ്ണീരും ചിരിയും പകയുമെല്ലാം പിന്നെ മലയാളി കേട്ടതത്രയും ചതിയന്‍ ചന്തുവിന്റെ ശബ്ദഭാവങ്ങളിലായത് ആ പാത്രപ്പകര്‍ച്ചയുടെ ആഴത്തിനടയാളം.

mammootty-latest-11

 

മെയ്‌‌വഴക്കം, മൊഴിവഴക്കം

വടക്കുനിന്ന് ഏറനാടിന്റെ വീരഗാഥയിലേക്കെത്തുമ്പോഴും മമ്മൂട്ടിയാണ് കഥാനായകന്‍. മലബാര്‍ കലാപകാലം പറഞ്ഞ 1921ലെ കാദറിന്റെ ക്ഷോഭ വിക്ഷോഭങ്ങളിലും ഏറനാടിന്റെ മൊഴികള്‍ തെളിഞ്ഞുകത്തി. മലപ്പുറം ഭാഷയും മുസ്ലിം ജീവിതവും പിന്നെയും പലവട്ടം പലവഴക്കങ്ങളില്‍ മമ്മൂട്ടിയുടെ നാവിന്‍തുമ്പിലെത്തി. മലപ്പുറത്തിന്റെ മുക്കുമൂലകളിലെ പറച്ചിലുകളെവരെ സൂക്ഷ്മ നിരീക്ഷണത്തിന്റെ കട്ടിക്കണ്ണടയില്‍ കണ്ടെടുത്ത് മമ്മൂട്ടി തന്റെ വഴിക്കാക്കി. ആ മട്ടിലുള്ള പല സിനിമകളില്‍ മലപ്പുറം മൊഴിഭേദങ്ങളെ മമ്മൂട്ടി രസാവഹമായി അവതരിപ്പിച്ചു.

mammootty-latest-83.jpg.image.470.246

വല്ലാതെ വടക്കുമാകാതെ, ഇപ്പുറത്ത് ഏറനാടിനോടും ചേരാതെ മറ്റൊരു മൊഴിവഴക്കത്തെ കാട്ടിത്തരുന്നു പാലേരി മാണിക്യത്തിലെ അഹമ്മദ് ഹാജി. കോഴിക്കോടിന്റെ വടക്കനുള്‍നാട് പറ‌ഞ്ഞുപരിചയിച്ച ഭാഷയെ അഹമ്മദ് ഹാജിയുടെ നെറികേടുകളുടെ തനിശബ്ദമാക്കുന്നു ഈ നടന്‍. പ്രാദേശികഭാഷാഭേദങ്ങളുടെ ഉള്‍ക്കരുത്ത് അത്രമേല്‍ പ്രകടമാക്കി അഹമ്മദ് ഹാജിയുടെ പകര്‍ന്നാട്ടം. അതേസിനിമയില്‍ അഹമ്മദ് ഹാജിയുടെ രണ്ടുമക്കള്‍ക്ക് തീര്‍ത്തും വേറിട്ട ഭാഷയെ സമ്മാനിക്കുന്ന നടനെയും കണ്ടു കാഴ്ചക്കാര്‍.

ഭാസ്കരപട്ടേലരാകുമ്പോള്‍ പട്ടേലര്‍ മാത്രമാണ് മമ്മൂട്ടി. അച്ചൂട്ടിയാകുമ്പോള്‍ തനിമുക്കുവനും. വൈക്കത്തുകാരനായ പി.ഐ. മുഹമ്മദ് കുട്ടിയെ ഒരു കുഞ്ഞുപൊട്ടായി പോലും അതിലെവിടെയും കാണാനാകില്ല എന്നതുതന്നെ ഈ നടന്റെ അടയാളമുദ്ര. അനായാസമായല്ല, പാടുപെട്ടാണ് ഈ കുടഞ്ഞുകളയല്‍ എന്നതാണ് മമ്മൂട്ടിയിസം. അടിമുടിയുള്ള ഈ രൂപാന്തരത്തിന് മമ്മൂട്ടിക്ക് ശരീരവും ഭാഷയുമാണ് മുഖ്യ ആയുധം. ഏതുകഥാപാത്രത്തിലേക്കും തന്റെ ശരീരത്തെ അദ്ദേഹം ഇറക്കിവെച്ചു. ഇരിപ്പില്‍, നടപ്പില്‍, നോട്ടത്തില്‍ കഥാപാത്രത്തിന്റെ വികാരവിചാരങ്ങളെ അദ്ദേഹം എടുത്തുടുത്തു. വിധേയനില്‍ അധികാരത്തിന്റെ ഭാഷയും ശബ്ദവും മമ്മൂട്ടിയെ ആവേശിച്ചു. ആണധികാരങ്ങളുടെ മുഴക്കമാകുമ്പോഴും സിനിമയില്‍ മറ്റൊരിടത്ത് നിസ്സഹായത മൊഴിയുന്ന പട്ടേലരെ വിസ്മയാവഹമായി പകത്തുന്നു മമ്മൂട്ടി. കന്നഡികനായ ഒരാള്‍ മലയാളം സംസാരിക്കുന്നത് എങ്ങനെയെന്ന് ചട്ടമ്പിനാട്ടിലും കണ്ടു. ശ്രമകരമായ ആ ദൗത്യം പലപ്പോഴും തീയറ്ററുകളില്‍ ചിരി പടര്‍ത്തി.

mammootty-latest-93.jpg.image.784.410

അമരത്തില്‍ അരയനാകുന്ന മമ്മൂട്ടി കടലോരഭാഷയുടെയും ഭാവങ്ങളുടെയും അമരത്തേറുന്നു. ലോഹിതദാസിന്റെ കഥാപാത്രത്തിന് ആലപ്പുഴയിലെ ഓമനപ്പുഴ കടപ്പുറത്തിന്റെ ജീവല്‍ഭാഷയെത്തന്നെ സമ്മാനിക്കുന്നു മമ്മൂട്ടി. കടലിരമ്പം പോലെ സങ്കടം ഉള്ളില്‍ കരയുമ്പോഴും ഭാഷയുടെ ഉള്ളും ഭാവവും മമ്മൂട്ടി മുറുകെപ്പിടിക്കുന്നു. വാക്കില്‍ കൊളുത്തിവെച്ച വികാരവിക്ഷോഭങ്ങളുടെ കടലാഴങ്ങള്‍ കണ്ടു അമരത്തിന്റെ തിരശ്ശീലയില്‍.

ഭാഷ,ദേശം,ശരീരം

mammootty

ഭാഷകളെയും ദേശങ്ങളെയും സ്വന്തം ശരീരത്തിലേക്ക് ആവാഹിച്ചെടുത്ത ഒരാള്‍. അസാമാന്യമായ ഭാഷാവഴക്കത്തിലൂടെ ഈയൊരാള്‍ നടന്നുകയറിയത് ലോകസിനിമയുടെ തന്നെ ചരിത്രത്തിലേക്കാണ്. ഒരുപക്ഷേ ആ ചരിത്രം നമുക്ക് കൂടുതല്‍ അമൂല്യവും അപൂര്‍വവുമാകുന്നത് വര്‍ഷങ്ങള്‍ക്കപ്പുറമായിരിക്കും എന്നുമാത്രം. എണ്ണിയെണ്ണിയെടുത്താല്‍ തീരാത്തത്രയും നിമിഷങ്ങളുണ്ട് ഈ മട്ടില്‍ മലയാളത്തിന്റെ തിരശീലയില്‍. കോട്ടയത്തുകാരനായ മമ്മൂട്ടി മധ്യ തിരുവിതാംകൂര്‍ ഭാഷയില്‍ നിറഞ്ഞാടിയതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമുണ്ടായിരുന്നില്ല. പക്ഷേ കാഴ്ചക്കാര്‍ അതിലെ രസങ്ങളെ അറിഞ്ഞാസ്വദിച്ചു. മമ്മൂട്ടിയുടെ മൊഴിയാട്ടങ്ങളുടെ തുടക്കം കോട്ടയം ശ്രേണിയിലുള്ള ചിത്രങ്ങളിലായത് യാദൃച്ഛികതയാകാന്‍ ഇടയില്ല. മനുഷ്യന്റെ ദുരാഗ്രഹങ്ങളും മതങ്ങളും പ്രതിക്കൂട്ടില്‍ കയറിയ പ്രാഞ്ചിയേട്ടന്റെ സാമൂഹ്യവിമര്‍ശനത്തിന് മൂര്‍ച്ചയേറ്റിയും ആ വാഗ്‌‌വിലാസമുണ്ട്. പലമട്ടില്‍ പ്രയോഗിച്ച് ഭംഗിയും അഭംഗിയും തീര്‍ത്ത തൃശൂര്‍ ഭാഷ അതിന്റെ സര്‍വ്വ ഓജസ്സോടെയും അവതരിച്ചു പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റില്‍.

mammootty

പ്രയത്നവും സമര്‍പ്പണവും തന്നെയാണ് സിനിമയില്‍ മറ്റൊരാള്‍ക്കും അവകാശപ്പെടാനാകാത്ത മികവിലേക്ക് മമ്മൂട്ടിയെ എത്തിച്ചത്. കഥാപാത്രങ്ങള്‍ വെല്ലുവിളി നിറഞ്ഞതെങ്കില്‍ മമ്മൂട്ടി അരയും തലയും മുറുക്കുകയായി. നായകന്റെ മനശാസ്ത്രവും ഭൂമിശാസ്ത്രവും ചരിത്രവും തിരഞ്ഞ് പുറപ്പെടുകയായി പിന്നെ. പൂര്‍ണതയ്ക്കായി പിന്നെ പെടാപ്പാടുകളായി. ശാഠ്യം കലര്‍ന്ന പിടിവാശികളായി. ആ പരിശ്രമങ്ങള്‍ക്ക് ചലച്ചിത്രകാര്‍തന്നെ സാക്ഷ്യം പറയും.

തമിഴ് മലയാളവും കന്നഡ മലയാളവുമെല്ലാം മമ്മൂട്ടിയെന്ന അഭിനേതാവിന്റെ പരീക്ഷണ മനസ്സിന്റെ കൂടി ഉപോല്‍പന്നമായിരുന്നു. ദേശാതിരുകള്‍ താണ്ടി തമിഴും തെലുങ്കും കന്നഡയും ഹിന്ദിയും ഇംഗ്ലീഷും പറയേണ്ടിവന്നപ്പോഴും സ്വന്തം ഭാവങ്ങള്‍ക്ക് മറ്റൊരു ശബ്ദം വേണ്ടെന്ന ശാഠ്യം മുറുകെപ്പിടിച്ചു മമ്മൂട്ടി. വിദേശ സര്‍വകലാശാലകളില്‍ പഠിച്ച അംബേദ്കറിന്റെ ഇംഗ്്ളീഷ് ഉച്ചാരണം തേടി മമ്മൂട്ടി സഞ്ചരിച്ച ദൂരങ്ങള്‍, വലിയ അംഗീകാരങ്ങളിലേക്ക് കൂടിയുള്ളതായിരുന്നു.

ശബ്ദം എന്ന പണിയായുധം

mammootty-dulquer

ശബ്ദമായിരുന്നു എന്നും ഈ നടന്റെ ചേരുവ. അഭിനയത്തിന്റെ പിച്ചവെപ്പുകാലത്തും ശബ്ദനിയന്ത്രണത്തിന്റെ, ഭാവങ്ങള്‍ ഉള്ളടക്കിയ ശബ്ദത്തിന്റെ ഒളിമിന്നലുകള്‍ കാണാം. ശരീരത്തിന്റെ വഴക്കമില്ലായ്മയെ ശബ്ദത്തിന്റെ ബൃഹത്താകാശം കൊണ്ട് മറികടന്ന മമ്മൂട്ടി എണ്‍പതുകളിലെ പതിവുകാഴ്ചയായി.

അത്ര വഴക്കമുള്ള ശരീരമായിരുന്നില്ല മമ്മൂട്ടിയുടേത്. പക്ഷേ പല അടരുകളുള്ള ശബ്ദത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി അധ്വാനിയായ നടന്‍ കാലൂന്നി. മെരുങ്ങാതെ നിന്ന ശരീരത്തെ പണിയായുധമാക്കിയ മമ്മൂട്ടിയെ പക്ഷേ പില്‍കാലം മിഴിവോടെ കാട്ടിത്തന്നു. തൊണ്ണൂറുകളുടെ ആദ്യം എംടിയുടെയും ലോഹിതദാസിന്റെയും മറ്റും ചില കഥാപാത്രങ്ങളിലൂടെ മമ്മൂട്ടി അത്ഭുതാവഹമായ രൂപാന്തരം പ്രാപിച്ചു. മൃഗയയില്‍ സ്വന്തം രൂപത്തെയും ശബ്ദത്തെയും ഉടച്ചുകളഞ്ഞു മമ്മൂട്ടി. മുഖ്യധാരാസിനിമയുടെ കച്ചവടക്കണക്കുകളില്‍ അരങ്ങുവാഴുമ്പോഴും പരീക്ഷണ സിനിമകള്‍ക്കും ആലോചനകള്‍ക്കും ഇടം നല്‍കി ഈ സൂപ്പര്‍സ്റ്റാര്‍.

പൗരുഷത്തിന്റെ നിറരൂപമെന്ന വിളിപ്പേരിനിടെയും കുട്ടികളെപ്പോലെ കരഞ്ഞും ചിരിച്ചും മിണ്ടിയും മമ്മൂട്ടി ഭാവങ്ങളുടെ തിരതീര്‍ത്തു. ഭാഷ മാറ്റിയ അമ്പരപ്പിനെ തോല്‍പിച്ച് ശബ്ദംതന്നെ മാറ്റി പലകുറി വിസ്മയിപ്പിച്ചു. പട്ടേലരുടെ ഗാംഭീര്യത്തില്‍ നിന്ന് മാടയുടെ വിധേയത്വത്തിലേക്ക് മമ്മൂട്ടിക്ക് വിളിപ്പാടകലം മാത്രം. ആദികേരളത്തിലൂടെയുള്ള മാടയുടെ ജീവിതയാത്ര പുതിയ കാലത്തില്‍ അവസാനിക്കുമ്പോള്‍ മമ്മൂട്ടിയെന്ന അഭിനേതാവ് ഭാവങ്ങളുടെ, ശബ്ദത്തിന്റെ, ശരീരത്തിന്റെ പല പതിപ്പുകളാണ് നിവര്‍ത്തിയിട്ടത്. സാഹിത്യവും ചരിത്രവും പുരാണങ്ങളും സിനിമാരൂപമെത്തുമ്പോള്‍ ആദ്യപേരുകാരന്‍ മമ്മൂട്ടിയായതിന്റെ കാരണവും മറ്റൊന്നാകില്ല. സാങ്കേതികതയുടെ കൂട്ടില്ലാതെ ഭാവ രൂപ ശബ്ദ പരിണാമങ്ങള്‍ക്കായി ഈ നടന്‍ തുറന്നിട്ട വാതിലുകള്‍ ഒട്ടൊരുപാട് ചലച്ചിത്രകാര്‍ക്ക് വെള്ളവും വളവുമായി.

ജനപ്രിയതയുടെ കുപ്പായമിട്ട് രാജമാണിക്യമായി മമ്മൂട്ടി അഴിഞ്ഞാടിയപ്പോള്‍ വിമര്‍ശകരുടെ പട അന്നാദ്യമായി മമ്മൂട്ടിയിലെ ഫ്ലെക്സിബിലിറ്റിയെ സമ്മതിച്ചു നല്‍കി. അംഗവിക്ഷേപങ്ങള്‍ കൊണ്ടും വാഗ്‌‌വിലാസം കൊണ്ടും മമ്മൂട്ടി അവിസ്മരണീയമാക്കിയ അനുഭവമായി രാജമാണിക്യം. നിരന്തരം പരിഹാസപാത്രമായി പോന്നുവന്ന വാമൊഴിഭേദത്തെ മമ്മൂട്ടി ആസ്വാദ്യകരമാക്കി. ഭൂമിമലയാളത്തിന്റെ ആ തെക്കേയറ്റത്തെ ഭാഷയിലും ചിരിയും കണ്ണീരും ജീവിതവുമുണ്ടെന്ന് ആഘോഷാതിരേകത്തോടെ കാട്ടിത്തന്നു.

mammootty-7-9

ഒറ്റ ഭാഷയും ഒറ്റ ശബ്ദവുമുള്ള അഭിനേതാക്കളുടെ ഇടയിലാണ് പല ഭാഷകളും പല ശബ്ദങ്ങളുമായി മമ്മൂട്ടി അപൂര്‍വമായ ചേരുവയാകുന്നത്. ജന്മംകൊണ്ട് കോട്ടയത്തുകാരനെങ്കിലും കര്‍മം കൊണ്ട് എല്ലാ ദേശവും തന്റേതാക്കിയുള്ള തിരക്കുതിപ്പ്. അതിസൂക്ഷമമായ നിരീക്ഷണങ്ങളും അതികഠിനമായ സമര്‍പ്പണവും കൈവെള്ളയില്‍ നല്‍കിയ സവിശേഷതകളുടെ ആകത്തുക. സിനിമയില്‍ പറഞ്ഞുപറഞ്ഞ് പതിഞ്ഞുപോയ ജീവിതവും ഭാഷയും ഈ മനുഷ്യന്റെ കയ്യിലെത്തുമ്പോള്‍ അതിന്റെ തനിപ്പകര്‍പ്പുകള്‍ കൈവരിക്കുന്നു. വള്ളുവനാട്ടുകാരുടെ ജീവിതം നമ്മള്‍ പലകുറി കണ്ടെങ്കിലും മേലേടത്ത് രാഘവന്‍ നായരെപ്പോലൊരാളെ, അങ്ങനെയൊരു വാല്‍സല്യഭാവത്തെ വേറെ കാണാനായില്ല. അന്നാട്ടുകാരുടെ സ്നേഹം കലര്‍ന്ന താന്‍പോരിമയും അഹങ്കാരവും ആ മണ്ണിലെന്ന പോലെ പതിഞ്ഞുകിടന്നു മമ്മൂട്ടിയില്‍.

മമ്മൂട്ടി കാത്തിരിക്കുന്നു

പതിറ്റാണ്ടുകള്‍ പോയിമറയുന്നു. മമ്മൂട്ടിയെന്ന വെയിലും കാറ്റും മായാതെ തന്നെയുണ്ട്. ഏതു പരീക്ഷണത്തിനും ഉലഞ്ഞുതരുന്ന വന്‍മരം. വലിപ്പച്ചെറുപ്പങ്ങളില്ലാതെ ഏതുപുതിയ കഥ കേള്‍ക്കാനും ഈ നടന്‍ തുടക്കക്കാരന്റെ കൗതുകത്തോടെ ഇന്നും കാത്തിരിക്കുന്നു.

ചില നേരങ്ങളില്‍ നോവുഭാരങ്ങളെ ഉടയാടയാക്കി കണ്ണുനനയിപ്പിക്കുന്ന ഒരാള്‍. മറ്റുചില നേരങ്ങളില്‍ ആവേശിപ്പിക്കുന്ന തിരസാനിധ്യം. വേറെ ചിലപ്പോള്‍ ആനന്ദത്തിന്റെ ആള്‍രൂപം. മലയാളത്തിനായി ഇനിയും നിറയണം ഭാവങ്ങളുടെയും ജീവിതത്തിന്റെയും ഈ ഹെര്‍ബേറിയം. അതിനായി കാമ്പും കരുത്തുമുള്ള കഥാപാത്രങ്ങളെ തിരയുകയാണ് ഈ നടന്‍. നല്ല ചലച്ചിത്രകാരും നല്ല എഴുത്തുകാരും നല്ല പ്രമേയങ്ങളും ഈ മനുഷ്യനായി പിറവികൊള്ളട്ടെ. അത്ഭുതങ്ങള്‍ കാട്ടാനുള്ള ഊര്‍ജവും ഉല്‍സാഹവുമായി മമ്മൂട്ടി വാതിലുകള്‍ തുറന്നിട്ടുതന്നെ കാത്തിരിക്കുന്നു. കൂടുതല്‍ മൊഴിയാട്ടങ്ങള്‍ക്കായി കണ്ണടയ്ക്കാതെ മലയാളവും.

(മനോരമ ന്യൂസ് സെപ്തംബര്‍ പത്തിന് സംപ്രേഷണം ചെയ്ത മമ്മൂട്ടി: മൊഴിയാട്ടം എന്ന പരിപാടിക്കായി തയാറാക്കിയത്)