മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികളെ ചതിയില്‍ വീഴ്ത്തുന്നവരെ തിരിച്ചറിയാന്‍ ഒരു ഹ്രസ്വചിത്രം. തൃശൂര്‍ മര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനികളാണ് ഹ്രസ്വചിത്രത്തിന്റെ അണിയറ ശില്പികള്. പരീക്ഷയില്‍ ഉന്നതവിജയം നേടിയ പെണ്‍കുട്ടിക്ക് സഹോദരന് വാങ്ങിക്കൊടുത്ത മൊബൈല്‍ ഫോണ്‍ എങ്ങനെ ജീവിതത്തില്‍ വില്ലനായെന്നാണ് ഹ്രസ്വചിത്രം പറയുന്നത്.
പെണ്‍കുട്ടികളെ വഴിത്തെറ്റിക്കാന്‍ മൊബൈല്‍ ഫോണില്‍ എത്തുന്ന ചതിക്കുഴികളാണ് ചിത്രത്തിന്റെ പ്രമേയം. തിരക്കഥ ഒരുക്കിയത് മലയാളം അധ്യാപിക. അഭിനയിച്ചതും സംവിധാനം ചെയ്തതും വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന്. എന്‍.എസ്.എസ് യൂണിറ്റാണ് ചിത്രം നിര്‍മിച്ചത്. മുപ്പതിനായിരം രൂപയോളം ചെലവായി. സംസ്ഥാനത്തെ എല്ലാ ഹയര്‍സെക്കന്‍ഡറി സ്കൂളുകളും ചിത്രം പ്രദര്‍ശിപ്പിക്കാനാണ് ശ്രമം. മുപ്പതു മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ചിത്രത്തിന്റെ പ്രകാശനം ശനിയാഴ്ച നടക്കും.