മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷമാക്കി സിനിമാലോകവും ആരാധകരും. സമൂഹമാധ്യമങ്ങളില്‍ താരത്തിന് ആശംസാപ്രവാഹമാണ്. ഏറെ പ്രതീക്ഷിക്കപ്പെട്ട കുഞ്ഞാലിമരക്കാര്‍ എന്ന സിനിമയുടെ പ്രഖ്യാപനം പിറന്നാള്‍ ദിനത്തില്‍ ഉണ്ടായില്ല.
ഔദ്യോഗികമായ ആഘോഷങ്ങളില്ലാതെയാണ് ഇക്കുറി പിറന്നാള്‍. താരം ദുബായിലായതിനാല്‍ സെറ്റിലെ പതിവ് ആഘോഷവുമില്ല. സമൂഹമാധ്യമങ്ങള്‍ പക്ഷേ ആശംസകളാല്‍ കവിഞ്ഞുകഴിഞ്ഞു. മോഹന്‍ലാല്‍ മുതല്‍ ടൊവീനോ വരെയുള്ള താരങ്ങള്‍ ആശംസകള്‍ നേര്‍ന്നെത്തി.
വീണ്ടും ഒപ്പമഭിനയിക്കാനുള്ള ആഗ്രഹമാണ് പൃഥിയുടെ ആശംസ. തന്നേക്കാള്‍ ചെറുപ്പവും കൂളുമാണ് വാപ്പിച്ചിയെന്ന് ദുല്‍ഖറിന്റെ പിറന്നാള്‍ വാക്ക്. ട്വിറ്ററില്‍ ആരാധകരുടെ ആശംസാ ഹാഷ്ടാഗ് ട്രെന്‍ഡിങ് പട്ടികയില്‍ ഇടംപിടിച്ചുകഴിഞ്ഞു. എബ്രഹാമിന്റെ സന്തതികളെന്ന പുതിയ മമ്മൂട്ടി ചിത്രത്തിന്റെ പ്രഖ്യാപനമാണ് മറ്റൊരു പിറന്നാള്‍ വിശേഷം. ഗ്രേറ്റ് ഫാദറൊരുക്കിയ ഹനീഫ് അദേനിയുടെ തിരക്കഥയില്‍ കന്നിക്കാരനായി ഷാജി പാടൂര്‍ ചിത്രം സംവിധാനം ചെയ്യും. പിറന്നാളിനോടനുബന്ധിച്ച് ആരാധകരൊരുക്കിയ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.