കേരള പൊലീസിനെക്കുറിച്ച് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് വിശദീകരിച്ചത് കേട്ട് ആമിർ ഖാന്റെ കണ്ണുതള്ളി. ക്രമസമാധാന പാലനത്തിൽ ബീഹാറിനെയും ഉത്തർ പ്രദേശിനെയുമൊക്കെ കേരളവുമായി താരതമ്യം ചെയ്യുന്നവർക്കുള്ള മറുപടി കൂടിയായിരുന്നു ജേക്കബ് പുന്നൂസിന്റെ സാക്ഷ്യം. പരിമിതമായ അംഗബലവും ദുർഘടമായ ജോലിസാഹചര്യങ്ങളുമുള്ള പൊലീസ് സേന അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ച് ഇതുവരെ ആരും പറയാത്ത ചാതുരിയോടെ പുന്നൂസ് വിശദീകരിച്ചു. രണ്ട് രാഷ്ട്രിയ മുന്നണികള്‍ മാറിമാറി ഭരിക്കുന്ന കേരളത്തിൽ അതിന്റെ പക്ഷഭേദങ്ങളൊന്നും വലുതായി ബാധിക്കാതെ നിലനിൽക്കാൻ പൊലീസിന് കഴിയുന്നു.
ഓരോ ചെറിയ പരാതിയും കേസായി റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പൗരന്റെ വിശ്വാസ്യത നേടിയെടുക്കുന്ന കേരള പൊലീസ്, രാജ്യത്തെ മുഴുവൻ നീതിപാലകർക്കും മാതൃകയാണെന്ന് ഖാനും കാണികളും തിരിച്ചറിഞ്ഞു. വിനോദ വീഡിയോകളും വിവാദ വാർത്തകളും വൈറലാക്കുന്ന സമൂഹമാധ്യമങ്ങൾ ഇപ്പോൾ കേരള പൊലീസിന്റെ ഈ നേട്ടത്തെയും ഏറ്റെടുത്ത് കഴിഞ്ഞു. അതിന് തെളിവാണ് ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിക്കൊണ്ടുള്ള ഈ മുന്നേറ്റം.