ഇപ്പോഴത്തെ കല്യാണങ്ങളിലെല്ലാം വരനേയും വധുവിനേയും കൊണ്ട് എന്തെങ്കിലുമൊരു കാര്യം ചെയ്യിപ്പിക്കുന്ന പതിവുണ്ട്. സംവിധായകൻ ബേസിൽ ജോസഫിന്റെ കല്യാണത്തിലുമുണ്ടായി അങ്ങനെയൊരു കാര്യം. ഒരു ഡാൻസ്. ബേസിലിനേയും വധു എലിസബത്തിനേയും ഡാൻസ് ചെയ്യിപ്പിച്ചു വേദിയിൽ. മടിയൊന്നും കൂടാതെ ഇരുവരും കിടിലനൊരു നൃത്തം കാഴ്ചവയ്ക്കുകയും ചെയ്തു. പ്രാക്ടീസൊന്നും കൂടാതെയാണു ചെയ്തതെങ്കിലും സംഗതി ഗംഭീരമായി.
കോട്ടയം സ്വദേശിയായ എലിസബത്തിനെയാണ് ബേസില്‍ വിവാഹം ചെയ്തത്. ഓഗസ്റ്റ് 17ന് വ്യാഴാഴ്ച സുൽത്താൻ ബത്തേരി സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ വച്ചായിരുന്നു വിവാഹം. പ്രേക്ഷകരും സിനിമാതാരങ്ങളും ബേസിലിനും എലിസബത്തിനും വിവാഹാശംസകൾ നേർന്ന് രംഗത്തെത്തി. മമ്മൂട്ടി നായകനായി ഉണ്ണി ആർ തിരക്കഥ എഴുതുന്ന പുതിയ ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ് ബേസിൽ. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ കുഞ്ഞിരാമായണം, ഗോദ എന്നിവയാണു ബേസിലിന്റെ ചിത്രങ്ങള്‍.